ഷിക്കാഗോ: ഷിക്കാഗോയിലെ രണ്ടാമത്തെ ഇടവകയും പ്രവാസി ക്‌നാനായ സമൂഹത്തിലെ ഏറ്റവും വലിയ ഇടവകയുമായ ഷിക്കാഗോ സെന്റ് മേരീസ് ക്‌നാനായ കത്തോലിക്കാ ഇടവകയുടെ പതിനഞ്ചാമത് വാര്‍ഷികാഘോഷങ്ങള്‍ കോട്ടയം അതിരൂപതാധ്യക്ഷന്‍ മാര്‍ മാത്യു മൂലക്കാട്ട് ഉദ്ഘാടനം ചെയ്തു. ആഘോഷമായ ദിവ്യകാരുണ്യ സ്വീകരണ തിരുക്കര്‍മ്മങ്ങള്‍ക്ക് ശേഷമായിരുന്നു വാര്‍ഷികാഘോഷങ്ങളുടെ ഉദ്ഘാടനം നിര്‍വ്വഹിക്കപ്പെട്ടത്. 2010 ജൂലൈ മാസത്തില്‍ കൂദാശ ചെയ്യപ്പെട്ട സെന്റ് മേരീസ് ഇടവക ദൈവാലയം പതിനഞ്ചുവര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കുമ്പോള്‍ ആഘോഷങ്ങളുടെ ഭാഗമായി വിപുലമായ പരിപാടികളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്.
പങ്കാളിത്വത്തില്‍ ആഗോള ക്‌നാനായ സമൂഹത്തിലെ തന്നെ ഏറ്റവും വലിയ ഇടവകയായി കരുതപ്പെടുന്ന ഷിക്കാഗോ സെന്റ് മേരീസ്, ഭക്തിനിര്‍ഭരമായ തിരുക്കര്‍മ്മങ്ങള്‍ക്കും സജീവമായ മിനിസ്ട്രികളുടെ പ്രവര്‍ത്തനങ്ങള്‍ക്കും പുറമെ, ആഗോള ക്‌നാനായ സമൂഹത്തില്‍ നിസ്തുലമായ സേവന സന്നദ്ധ പ്രവര്‍ത്തനങ്ങളും കൊണ്ട് ക്‌നാനായ സമുദായത്തിന് തന്നെ അഭിമാനമായി മാറിയിട്ടുണ്ട് എന്ന് അഭി. മാര്‍ മാത്യു മൂലക്കാട്ട് പ്രസ്താവിച്ചു. ഭവന നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് പുറമെ കേരളത്തിന്റെ വിവിധ ഭാഗങ്ങളിലായി നിരവധി സഹായങ്ങള്‍ നിര്‍ല്ലോഭമായി ചെയ്തുവരുന്ന ഇടവക എന്ന നിലക്ക്, ഈ ഇടവകയുടെ പ്രവര്‍ത്തനങ്ങള്‍ ഏറെ അഭിനന്ദനീയമാണ് എന്ന് അദ്ദേഹം ഓര്‍മ്മിപ്പിച്ചു. ഇടവകയുടെ പതിഞ്ചാമത് വാര്‍ഷികാഘോഷങ്ങളുടെ ഉദ്ഘാടനകര്‍മ്മം നിര്‍വ്വഹിച്ചത് ഈ ദൈവാലയത്തില്‍ പ്രഥമ ദിവ്യബലി അര്‍പ്പിച്ച അഭി. മാര്‍ മാത്യു മൂലക്കാട്ട് പിതാവാണ് എന്നത് ഏറെ സന്തോഷം നല്‍കുന്ന കാര്യമാണ് എന്ന് ഇടവക വികാരി ഫാ. സിജു മുടക്കോടില്‍ അറിയിച്ചു. ആഘോഷങ്ങളുടെ ഭാഗമായി നടത്തപ്പെടുന്ന സീറോ മലബാര്‍ സഭാധ്യക്ഷന്‍ മാര്‍ റാഫേല്‍ തട്ടില്‍ പിതാവിന് നല്‍കുന്ന സ്വീകരണമടക്കമുള്ള പതിനഞ്ചിന പരിപാടികള്‍ മികച്ച രീതിയില്‍ തന്നെ നടത്തുവാനുള്ള തയ്യാറെടുപ്പുകള്‍ നടന്നുവരുന്നതായി ആഘോഷ കമ്മറ്റി ചെയര്‍മാന്‍ ബിനു കൈതക്കത്തൊട്ടിയില്‍ അറിയിച്ചു. ആഘോഷങ്ങളുടെ ക്രമീകരണങ്ങള്‍ക്കായി ബിനു കൈതക്കത്തൊട്ടിയുടെ നേതൃത്വത്തില്‍ സ്റ്റീഫന്‍ കിഴക്കേക്കുറ്റ്, സ്റ്റീഫന്‍ ചൊള്ളമ്പേല്‍, ടോണി പള്ളിയറതുണ്ടത്തില്‍, മിനി എടകര, ടെസ്സി ഞാറവേലില്‍ എന്നിവരടങ്ങിയ കമ്മറ്റി ഇടവക വികാരി ഫാ. സിജു മുടക്കോടില്‍, അസി. വികാരി ഫാ. അനീഷ് മാവേലിപുത്തെന്‍പുര, സെക്രട്ടറി സിസ്റ്റര്‍ ഷാലോം, കൈക്കാരന്മാരായ സാബു കട്ടപ്പുറം, ബിനു പൂത്തുറയില്‍, ലൂക്കോസ് പൂഴിക്കുന്നേല്‍, ജോര്‍ജ്ജ് മറ്റത്തിപ്പറമ്പില്‍, നിബിന്‍ വെട്ടിക്കാട്ട്, പാരിഷ് കൗണ്‍സില്‍ സെക്രട്ടറി സണ്ണി മേലേടം, പി ആര്‍ ഓ അനില്‍ മറ്റത്തിക്കുന്നേല്‍ എന്നിവരോടൊപ്പം പ്രവര്‍ത്തിച്ചുവരുന്നു.