ബ്രോങ്ക്‌സ് സെയിന്റ് തോമസ് സിറോ മലബാര്‍ ഫൊറോന ഇടവക സില്‍വര്‍ ജൂബിലി നിറവില്‍

ബ്രോങ്ക്‌സ് സെയിന്റ് തോമസ് സിറോ മലബാര്‍ ഫൊറോന ഇടവക സില്‍വര്‍ ജൂബിലി നിറവില്‍


ന്യൂ യോര്‍ക്ക്: ഷിക്കാഗോ സിറോ മലബാര്‍ രൂപതയിലെ ആദ്യകാല ഇടവകയായ ബ്രോങ്ക്‌സ് സെയിന്റ് തോമസ് സിറോ മലബാര്‍ ഫൊറോന ദേവാലയത്തിന്റെ സില്‍വര്‍ ജൂബിലി ആഘോഷങ്ങള്‍ക്ക് രൂപത അധ്യക്ഷന്‍ മാര്‍ ജോയ് ആലപ്പാട്ട് തുടക്കം കുറിച്ചു. ന്യൂ യോര്‍ക്കിലും പരിസര പ്രദേശങ്ങളിലും മാര്‍ത്തോമാ നസ്രാണി വിശ്വാസം വ്യാപിപ്പിക്കുന്നതില്‍ ബ്രോങ്ക്‌സ് ഇടവകയുടെ പങ്ക് വളരെ വലുതാണെന്ന് ബിഷപ്പ് മാര്‍ ജോയ് ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു. ന്യൂയോര്‍ക്കിലും കണക്ടിക്കട്ടിലും സ്ഥാപിതമായിട്ടുള്ള സിറോ മലബാര്‍ പള്ളികളുടെ  മാതൃ ദേവാലയം ബ്രോങ്ക്‌സ് ഇടവകയാണ്. ഈ ഇടവക സ്ഥാപിക്കാന്‍ നേതൃത്വം നല്‍കിയ റവ. ഫാ. ജോസ് കണ്ടത്തിക്കുടി അച്ചനേയും ആദ്യകാല കൈക്കാരന്‍മാരേയും നന്ദിയോടെ സ്മരിക്കുന്നു.

ഷിക്കാഗോ രൂപതയുടെ വളര്‍ച്ചയില്‍ ബ്രോങ്ക്‌സ് ഇടവക നിര്‍ണ്ണായകമായ പങ്കുവഹിച്ചിട്ടുണ്ടെന്നും മാര്‍ ജോയ് എടുത്തു പറഞ്ഞു. ഷിക്കാഗോ സിറോ മലബാര്‍ രൂപതയിലെ പ്രഥമ തദ്ദേശ്യനായ വൈദികന്‍ ഫാ. കെവിന്‍ മുണ്ടക്കല്‍ ബ്രോങ്ക്‌സ് ഇടവകയുടെ സംഭാവനയാണ്.          

വിശുദ്ധ കുര്‍ബ്ബാനയ്ക്ക് ശേഷം നടന്ന ഉദ്ഘാടന ചടങ്ങില്‍ മാര്‍ ജോയ് ആലപ്പാട്ട് തിരിതെളിയിച്ചു. കൂടാതെ, ഇടവകയിലെ എല്ലാ ഭവനങ്ങളിലേക്കും 'സില്‍വര്‍ ജൂബിലി വിളക്കുകള്‍' നല്‍കുകയും ചെയ്തു. ഇടവകയുടെ ആരംഭം മുതലുള്ള  കൈക്കാരന്‍മാര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു. ഇടവക വികാരി റവ. ഫാ. കുര്യാക്കോസ് വടാന സ്വാഗതം ആശംസിച്ചു. റവ. ഫാ റോയ്സണ്‍ മേനോലിക്കല്‍, റവ. ഫാ. ഫ്രാന്‍സിസ് നമ്പ്യാമ്പറമ്പില്‍ തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്നു. കൈക്കാരന്‍മാരായ ജോര്‍ജ് പട്ടേരില്‍, ഡെന്നി കല്ലുകളം, അനില്‍ കണ്ടത്തില്‍ തുടങ്ങിയവര്‍ ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കി.   

ന്യൂയോര്‍ക്കിലും പരിസര പ്രദേശങ്ങളിലുമുണ്ടായിരുന്ന സിറോ മലബാര്‍ വിശ്വാസ കൂട്ടായ്മ, ഫാ. ജോസ് കണ്ടത്തിക്കുടിയുടെ നേതൃത്വത്തില്‍ നടത്തിയ ദീര്‍ഘനാളത്തെ പരിശ്രമത്തിന്റെ ഫലമായാണ്  ബ്രോങ്ക്‌സ് സൈന്റ് തോമസ് സിറോ മലബാര്‍ ഇടവക സ്ഥാപിതമായത്. വര്‍ഷങ്ങളായി അടഞ്ഞുകിടന്നിരുന്ന 'സെയിന്റ് വാലന്റയിന്‍'    ദേവാലയം ന്യൂയോര്‍ക്ക് അതിരൂപത നാമമാത്രമായ വാടകക്ക് സിറോ മലബാര്‍ വിശ്വാസികള്‍ക്കായി തരികയും 2002 മാര്‍ച്ച് 24-ാം തിയ്യതി അന്നത്തെ ഷിക്കാഗോ രൂപത ബിഷപ്പ് മാര്‍ ജേക്കബ് അങ്ങാടിയത്ത് 'സെയിന്റ് തോമസ് സിറോ മലബാര്‍ കാതോലിക്ക ദേവാലയം' എന്ന് പുനഃനാമകരണം നടത്തി ആശീര്‍വദിച്ചു വിശ്വാസികള്‍ക്കായി സമര്‍പ്പിച്ചു. ബ്രോങ്ക്‌സ് ഇടവക ആരംഭിക്കുന്നതിനായി കഠിന പ്രയത്‌നം നടത്തിയ  ജോസ് മാളിയേക്കല്‍, പരേതനായ തോമസ് ചാമക്കാല തുടങ്ങി എല്ലാ മുന്‍കലാ നേതാക്കളേയും ഇടവക സമൂഹം നന്ദിയോടെ സില്‍വര്‍ ജൂബിലി വേളയില്‍ സ്മരിക്കുന്നു.

സില്‍വര്‍ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന വിവിധ പരിപാടികള്‍ക്ക് ഇടവക ഭരണസമിതി രൂപം നല്‍കിവരുന്നു.