ചങ്ങനാശേരി: എസ് ബിഅസംപ്ഷന്‍ കോളേജ് പൂര്‍വ്വവിദ്യാര്‍ഥികളുടെ വടക്കേ അമേരിക്കയിലുള്ള
എല്ലാ ചാപ്റ്ററുകളും ദേശീയതലത്തില്‍ ഏകോപിപ്പിക്കുവാന്‍ അതിരൂപത മെത്രാപ്പോലീത്ത അഭിവന്ദ്യ മാര്‍ തോമസ് തറയില്‍ പിതാവിന്റെ നേതൃത്വത്തില്‍ വിളിച്ചുചേര്‍ത്ത ഓണ്‍ലൈന്‍ പൂര്‍വ്വവിദ്യാര്‍ഥി സമ്മേളനത്തില്‍ തീരുമാനിച്ചു. അമേരിക്കയില്‍ സജീവമായി പ്രവര്‍ത്തിക്കുന്ന അലുംനി കൂട്ടായ്മകളിലെ ഭാരവാഹികളും പൂര്‍വ്വവിദ്യാര്‍ഥികളും പങ്കെടുത്ത സമ്മേളനത്തില്‍ ആര്‍ച്ചു ബിഷപ് തറയില്‍ മുഖ്യപ്രഭാഷണം നടത്തി. ചങ്ങനാശേരി അതിരൂപതയുടെ പ്രശസ്തമായ കലാലയങ്ങളുടെ പാരമ്പര്യവും സംശുദ്ധിയും ഉയത്തിപിടിക്കുവാന്‍ അഭിവന്ദ്യ പിതാവ് ഭാരവാഹികളെ ആഹ്വാനം ചെയ്തു. ഹ്രസ്വമായ തന്റെ സന്ദര്‍ശനത്തിനിടയില്‍ അമേരിക്കന്‍ യൂണിവേഴ്‌സിറ്റികളുമായി സഹകരിച്ചുകൊണ്ട് ഉന്നതവിദ്യാഭ്യാസ രംഗത്തും പ്രൊഫെഷണല്‍ മേഖലയിലും ശാസ്ത്രസാങ്കേതിക രംഗത്തും എസ് ബി അസംപ്ഷന്‍ പൂര്‍വവിദ്യാര്‍ഥികള്‍ അഭിമാനകരമായി നല്‍കിവരുന്ന നേതൃത്വവും സേവന മികവും നേരില്‍ മനസ്സിലാക്കിയതായി എസ് ബി കോളേജ് പൂര്‍വ വിദ്യാര്‍ഥികൂടിയായ ആര്‍ച്ച് ബിഷപ് പറഞ്ഞു. അതിരൂപതയുടെ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ കാത്തുസൂക്ഷിക്കുന്ന ഉന്നതമായ മൂല്യങ്ങള്‍ സംരക്ഷിക്കാന്‍ സഭ പ്രതിജ്ഞാബദ്ധമാണ്. എന്നാല്‍ പുതിയ നിയമനിര്‍മ്മാണം വഴി കേരളത്തിന്റെ വിദ്യാഭ്യാസ നയങ്ങളില്‍ കാതലായ മാറ്റങ്ങള്‍ ആസന്നമായിരിക്കുന്നതിനാല്‍ മാറുന്ന സാഹചര്യങ്ങള്‍ക്ക് അനുസൃതമായി നമ്മുടെ കോളേജുകളെ അവയുടെ തനിമയിലും പാരമ്പര്യത്തിലും നിലനിര്‍ത്താന്‍ ശ്രദ്ധിക്കേണ്ടതുണ്ട്. പൂര്‍വവിദ്യാര്‍ഥികളുടെ സഹകരണം ഇക്കാര്യത്തില്‍ അനിവാര്യമാണ്.
അമേരിക്കയിലെ പ്രമുഖ സര്‍വ്വകലാശാലകളുമായി സഹകരിച്ചുകൊണ്ട് ഉന്നതവിദ്യാഭ്യാസരംഗത്ത് എസ് ബി അസംപ്ഷന്‍ കോളജുകള്‍ നടത്തിവരുന്ന പാഠ്യപാഠ്യേതര പദ്ധതികള്‍ വിപുലമാക്കാന്‍ സമ്മേളനത്തില്‍ പങ്കെടുത്ത എസ് ബി കോളേജ് പ്രിന്‍സിപ്പല്‍ റവ. ഫാ റെജി പ്ലാത്തോട്ടം, നിയുക്ത പ്രിന്‍സിപ്പല്‍ റവ. ഫാ റ്റെഡ്ഡി തോമസ്, മാനേജര്‍ റവ. ഫാ ആന്റണി ഏത്തക്കാട്ട്, പ്രൊഫ. സിബി ജോസഫ് എന്നിവര്‍ അഭ്യര്‍ഥിച്ചു.
സംഘടന ദേശീയതലത്തില്‍ ഏകോപിപ്പിക്കുന്നതിനുവേണ്ട കര്‍മ്മപരിപാടികള്‍ നടപ്പാക്കാന്‍ മാത്യു ഡാനിയേല്‍ (ചിക്കാഗോ), പിന്റോ കണ്ണമ്പള്ളി (ന്യൂജേഴ്‌സി) എന്നിവരെ യോഗം ചുമതലപ്പെടുത്തി. സമ്മേളനത്തില്‍ ചിക്കാഗോ ചാപ്റ്റര്‍ പ്രസിഡന്റ് ഡോ. മനോജ് നേര്യംപറമ്പില്‍ അധ്യക്ഷത വഹിച്ചു. ടോം പെരുമ്പായില്‍ (പ്രസിഡന്റ് ന്യൂജേഴ്‌സി ചാപ്റ്റര്‍), എക്‌സിക്യൂട്ടിവ് അംഗങ്ങളായ പ്രൊഫ. ജെയിംസ് ഓലിക്കര, കാര്‍മല്‍ തോമസ്, ജെയിന്‍ ജേക്കബ്, ഷിബു അഗസ്‌റിന്‍, ജെയ്‌നമ്മ സഖറിയ, ബോബന്‍ കളത്തില്‍, ബിജി കൊല്ലാപുരം, തോമസ് ഡിക്രൂസ്, ജോളി കുഞ്ചെറിയ, ചെറിയാന്‍ മാടപ്പാട് , സെബാസ്റ്റ്യന്‍ വാഴേപറമ്പില്‍, ജോര്‍ജ്ജ് ഇല്ലിക്കല്‍, ജോസഫ് കാളാശ്ശേരി,ജോസ്‌കുട്ടി പാറക്കല്‍ എന്നിവര്‍ പ്രസംഗിച്ചു.
തോമസ് ഡിക്രൂസ്
എസ് ബി അസംപ്ഷന്‍ കോളേജ് അലുമ്‌നി നോര്‍ത്ത് അമേരിക്കയില്‍ ഏകോപനത്തിനു തുടക്കമായി
