ലോക ഭൗമദിനം ഹൂസ്റ്റണില്‍ ആഘോഷിച്ചു

ലോക ഭൗമദിനം ഹൂസ്റ്റണില്‍ ആഘോഷിച്ചു


ഹൂസ്റ്റണ്‍: മലയാളി അസോസിയേഷന്‍ ഓഫ് ഗ്രേറ്റര്‍ ഹൂസ്റ്റണ്‍ (മാഗ്) 24 ന്യൂസിന്റെ സഹകരണത്തോടെ ലോക ഭൗമദിനം ഉജ്ജ്വലമായി ആചരിച്ചു. സ്റ്റാഫോര്‍ഡിലെ കേരള ഹൗസില്‍ നടന്ന വര്‍ണ്ണാഭമായ ചടങ്ങുകളില്‍ നൂറോളം പേര്‍ പങ്കെടുത്തു. കഴിഞ്ഞ വര്‍ഷത്തെപ്പോലെ 24 യു എസ് എയുമായി സഹകരിച്ചാണ് ആഘോഷം സംഘടിപ്പിച്ചത്. സമൂഹത്തിലെ പ്രമുഖര്‍ക്കൊപ്പം നിരവധി കുട്ടികളും മാതാപിതാക്കളും പങ്കാളികളായി.

ചടങ്ങില്‍ 50-ലധികം കുട്ടികളുടെ സാന്നിധ്യം ശ്രദ്ധേയമായി. ഭൂമിയുടെയും അതിന്റെ ആവാസവ്യവസ്ഥയുടെയും സംരക്ഷണത്തിന്റെ പ്രാധാന്യം മുഖ്യാതിഥിയായ സ്റ്റാഫോര്‍ഡ് മേയര്‍ കെന്‍ മാത്യു ഊന്നിപ്പറഞ്ഞു. വായു മലിനീകരണവും മറ്റു പാരിസ്ഥിതിക വെല്ലുവിളികളും മനുഷ്യന്റെയും ജീവജാലങ്ങളുടെയും നിലനില്‍പ്പിന് ഭീഷണിയാണെന്നും പരിസ്ഥിതി സൗഹൃദ മാറ്റങ്ങള്‍ അനിവാര്യമാണെന്നും ഫോര്‍ട്ട് ബെന്‍ഡ് കൗണ്ടി ജഡ്ജി സുരേന്ദ്രന്‍ പട്ടേല്‍ അഭിപ്രായപ്പെട്ടു. ഫോമാ നാഷണല്‍ പ്രസിഡന്റ് ബേബി മണക്കുന്നേല്‍ ആശംസകള്‍ നേര്‍ന്നു. 

മാഗ് പ്രസിഡന്റ് ജോസ് കെ ജോണ്‍ സ്വാഗത പ്രസംഗത്തില്‍ ഭാവി തലമുറയെ ഭൗമസംരക്ഷണത്തിനായി ഒരുക്കുകയാണ് ഈ ആഘോഷത്തിന്റെ ലക്ഷ്യമെന്ന് വ്യക്തമാക്കി. തുടര്‍ന്ന് കുട്ടികള്‍ കൊണ്ടുവന്ന വൃക്ഷതൈകള്‍ പരസ്പരം കൈമാറി നട്ടു. ഈ പ്രവൃത്തി കുഞ്ഞുങ്ങള്‍ക്ക് വലിയ സന്തോഷം പകര്‍ന്നു. ഫോര്‍ട്ട് ബെന്‍ഡ് കൗണ്ടി ജഡ്ജി സുരേന്ദ്രന്‍ പട്ടേലും ഫോക്കാന ഇന്റര്‍നാഷണല്‍ നാഷണല്‍ സെക്രട്ടറി എബ്രഹാം കെ ഈപ്പനും വൃക്ഷതൈകള്‍ നട്ട് മാതൃകയായി.

സേവ് ദി ഏര്‍ത്ത് എന്ന വിഷയത്തില്‍ കുട്ടികള്‍ക്കായി ചിത്രരചന മത്സരം നടന്നു. ഹൈസ്‌കൂള്‍, മിഡില്‍ സ്‌കൂള്‍, എലിമെന്ററി സ്‌കൂള്‍ വിഭാഗങ്ങളിലായി 50-ലധികം കുട്ടികള്‍ മത്സരിച്ചു. വിജയികള്‍ക്ക് ക്യാഷ് അവാര്‍ഡുകള്‍ സമ്മാനിച്ചു. ഹൈസ്‌കൂള്‍ വിഭാഗത്തില്‍ ഹാന റോജി വര്‍ഗീസ് (ഒന്നാം സ്ഥാനം), മെര്‍ലിന്‍ ജോമി (രണ്ടാം സ്ഥാനം), മിഡില്‍ സ്‌കൂള്‍ വിഭാഗത്തില്‍ നിഹാല്‍ കൊച്ചോത്ത് (ഒന്നാം), ജനിത സാജന്‍ (രണ്ടാം), ജെഫ്ലി റോബി (മൂന്നാം), എലിമെന്ററി വിഭാഗത്തില്‍ റബേക്ക ജോണ്‍ (ഒന്നാം), ജനിത ഫിലിപ് (രണ്ടാം), സത്യാ ഷിജു (മൂന്നാം) എന്നിവര്‍ പുരസ്‌കാരങ്ങള്‍ നേടി. പങ്കെടുത്ത എല്ലാ കുട്ടികള്‍ക്കും ടീ-ഷര്‍ട്ടുകള്‍, ട്രോഫികള്‍, മെഡലുകള്‍, സര്‍ട്ടിഫിക്കറ്റുകള്‍ എന്നിവ നല്‍കി ആദരിച്ചു.

മാഗിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണ നല്‍കുന്നവര്‍ക്ക് ബോര്‍ഡ് മെമ്പര്‍ വിഘ്‌നേഷ് ശിവന്‍ നന്ദി രേഖപ്പെടുത്തി. വിനു ജേക്കബ്, സാജന്‍ ടി ജോണ്‍, ആഷാ സതിഷ് എന്നിവര്‍ വിധികര്‍ത്താക്കളായി. ട്രഷറര്‍ സുജിത്ത് ചാക്കോ, മാത്യു ചാണ്ടി പിള്ള, ക്രിസ്റ്റഫര്‍ ജോര്‍ജ്, സുനില്‍ തങ്കപ്പന്‍, രേഷ്മ വിനോദ്, ജോണ്‍ ഡബ്ല്യു വര്‍ഗീസ്, ബിജോയ് തോമസ്, അലക്‌സ് മാത്യു, ജോസഫ് കൂനാത്താന്‍, മിഖായേല്‍ ജോയ്, പ്രഭിത്മോന്‍ വെള്ളിയാന്‍, റിനു വര്‍ഗീസ്, ജിജു കുളങ്ങര (സീ ടു സ്‌കൈ കോര്‍ഡിനേറ്റര്‍) എന്നിവര്‍ നേതൃത്വം നല്‍കി. എസ് കെ ചെറിയാന്‍, ജോജി ജോസഫ്, വിനോദ് വാസുദേവന്‍ എന്നിവരും പങ്കെടുത്തു. ഹോഗന്‍ ആന്‍ഡ് അസോസിയേറ്റ്‌സ്, നൂപുര സ്‌കൂള്‍ ഓഫ് ഡാന്‍സ് എന്നിവര്‍ പ്രധാന സ്‌പോണ്‍സര്‍മാരായിരുന്നു.