ഫോമ 'സഖി- ഫ്രണ്ട്‌സ് ഫോറെവര്‍' ത്രിദിന വനിതാ മെഗാ സംഗമം 26, 27, 28 തിയ്യതികളില്‍

ഫോമ 'സഖി- ഫ്രണ്ട്‌സ് ഫോറെവര്‍' ത്രിദിന വനിതാ മെഗാ സംഗമം 26, 27, 28 തിയ്യതികളില്‍


പെന്‍സില്‍വേനിയ: ഫോമയുടെ പ്രവര്‍ത്തന ചരിത്രത്തില്‍ ആദ്യമായി ഫോമ നാഷണല്‍ വുമന്‍സ് ഫോറം അണിയിച്ചൊരുക്കുന്ന ത്രിദിന വനിതാ മെഗാ സംഗമം 'സഖി- ഫ്രണ്ട്‌സ് ഫോറെവര്‍' എന്ന പേരില്‍ വിമന്‍സ് സമ്മിറ്റ് സെപ്റ്റംബര്‍ 26, 27, 28 തിയ്യതികളില്‍ പെന്‍സില്‍വേനിയയിലെ പ്രശസ്തവും പ്രകൃതിരമണീയവുമായ പോക്കനോസിലെ വുഡ്‌ലാന്റ്‌സ് റിസോര്‍ട്ടില്‍ നടത്തും.

വനിതകളുടെ ഉന്നമനത്തിനും മാനസികോല്ലാസത്തിനും പ്രാധാന്യം നല്‍കി സ്ത്രീകള്‍ക്കായി സ്ത്രീകള്‍ ഒരുക്കുന്ന അതിമനോഹരവും പ്രയോജനപ്രദവുമായ ഈ വുമണ്‍സ് കണ്‍വെന്‍ഷനില്‍ കാത്തിരിക്കുന്നത് കണ്ണഞ്ചിപ്പിക്കുന്നതും അതിമനോഹരങ്ങളുമായ വെറൈറ്റി പ്രോഗ്രാമുകളുടെ ആവേശകരമായ ഒരു നീണ്ട ലൈനപ്പ് ആണ്. 

സ്ത്രീകളുടെ ഉന്നമനത്തിനും മാനസിക ഉല്ലാസത്തിനുമായി ഫോമാ നാഷണല്‍ വിമന്‍സ് ഫോറം സംഘാടകര്‍ ഒരുപാടു പരിപാടികളാണ് ഈ ദിവസങ്ങളില്‍ ആസൂത്രണം ചെയ്തിട്ടുണ്ട്. നാഷണല്‍ വിമന്‍സ് ഫോറം ചെയര്‍ പേഴ്സണ്‍ സ്മിത നോബിള്‍, ട്രഷറര്‍ ജൂലി ബിനോയ്, ഫോമാ ജോയിന്റ്് ട്രഷറര്‍ അനുപമ കൃഷ്ണന്‍, സെക്രട്ടറി ആശ തോമസ്, ഫോമാ നാഷണല്‍ വിമന്‍സ് ഫോറം അംഗങ്ങളായ ആശ മാത്യു, ഗ്രേസി ജെയിംസ്, വിഷിന്‍ ജോ, സ്വപ്ന സജി, മഞ്ജു പിള്ള എന്നിവര്‍ ഈ മെഗാ സംഗമത്തിന്റെ വിജയത്തിനുവേണ്ടിയുള്ള എല്ലാ ഒരുക്കങ്ങളും സസൂഷ്മം നിരീക്ഷിച്ചുവരുന്നു. ഈ മെഗാ ഇവന്റിന് പിന്തുണയേകി ഫോമായുടെ എക്‌സിക്യൂട്ടീവ് കമ്മിറ്റിയും, റീജിയണല്‍ കമ്മിറ്റികളും ഇവരോടൊപ്പം പ്രവര്‍ത്തിക്കുന്നു.

സെപ്റ്റംബര്‍ 26 വെള്ളിയാഴ്ച 3 മണിക്ക് ചെക്ക് ഇന്‍ ആരംഭിക്കും. അതിനുശേഷം വിമന്‍സ് ഫോറം സജ്ജീകരിക്കുന്ന അന്തിതട്ടുകടയില്‍ കേരള സ്‌റ്റൈല്‍ ചായയും സ്നാക്സും ലഭ്യമാക്കും. വൈകിട്ട് ആറു മണിക്ക് വര്‍ണ്ണശബളമായ ഉല്‍ഘാടനസമ്മേളനവും ചെറിയരീതിയിലുള്ള വിനോദപരിപാടികളും നടക്കും. ഏഴരയ്ക്ക് ആരംഭിക്കുന്ന ഡിന്നറിനു ശേഷം ഒന്‍പത് മണിക്ക് മാസ്‌ക്വറേഡ് പാര്‍ട്ടി എന്ന ബോളിവുഡ് ഡാന്‍സ് അരങ്ങേറും.

സെപ്റ്റംബര്‍ 27ന് ശനിയാഴ്ച രാവിലെ ഒന്‍പത് മണിക്ക് ആരംഭിക്കുന്ന പ്രഭാത ഭക്ഷണത്തോടുകൂടി വൈകിട്ട് നാലുമണിവരെ നീണ്ടുനില്‍ക്കുന്ന പരിപാടികള്‍ക്ക് തുടക്കമാകും. ഇതില്‍, മേക്കപ്പും സ്വയം പരിചരണ നുറുങ്ങുകളും ഉള്‍ക്കൊള്ളിച്ചുകൊണ്ട് ഫാഷന്‍- മേക്കപ്പ് രംഗത്തെ പ്രമുഖര്‍ എടുക്കുന്ന ക്ലാസ്സുകള്‍, ചര്‍മ്മ സംബന്ധമായ വിഷയങ്ങളും അത് പരിഹരിക്കുന്നതിനുതകുന്ന നുറുങ്ങു പ്രതിവിധികളും മനസ്സിലാക്കിത്തരുന്ന പ്രയോജനപ്രദമായ ക്ലാസുകള്‍, ചീഫ് ഗസ്റ്റുമായി സംവേദിക്കുവാനുള്ള അവസരങ്ങള്‍, ആത്മവിശ്വാസത്തോടുകൂടി മറ്റുള്ളവരുടെ മുന്നില്‍ നടക്കുവാനും അവരെ അഭിമുഖീകരിക്കുവാനും നേരാംവണ്ണം സംസാരിക്കുവാനും സഹായിക്കുന്ന ഗ്രൂമിംഗ് സെക്ഷന്‍, ബിസിനസ് രംഗത്തെ പ്രമുഖരുടെ ക്ലാസ്സുകളും ഗെയിമുകളും ഉള്‍പ്പെടുന്നു. വൈകിട്ട് ആറു മണിക്ക് ബാങ്ക്വറ്റ് ഡിന്നര്‍ ആരംഭിക്കും. ഒപ്പം ഒ്ന്‍പത് മണിയോടുകൂടി നൃത്തച്ചുവടുകളും സംഗീതവും മറ്റ് വിനോദ പരിപാടികളും ഉള്‍പ്പെടുത്തിക്കൊണ്ടുള്ള 'ബോണ്‍ ഫയര്‍ നൈറ്റ്' അരങ്ങേറും.

സെപ്റ്റംബര്‍ 28ന് ഞായറാഴ്ച രാവിലെ എട്ട് മണിക്ക് പ്രഭാത ഭക്ഷണം. 11 മണിക്ക് ചെക്ക് ഔട്ടോടു കൂടി പരിപാടികള്‍ക്ക് തിരശീല വീഴും.

മൂന്നു ദിവസത്തെ താമസവും ഭക്ഷണവും എല്ലാ പരിപാടികളും അടങ്ങുന്ന ഈ സമ്മിറ്റിനുള്ള ഫീസ് 300 ഡോളര്‍ മുതല്‍ 500 ഡോളര്‍ വരെയാണ്. സമൂഹത്തിലെ പ്രമുഖ സ്ഥാനങ്ങള്‍ അലങ്കരിക്കുന്ന സ്ത്രീ രത്‌നങ്ങള്‍ പങ്കെടുക്കുന്ന ഈ പരിപാടി ഫോമായുടെ ചരിത്രത്തിലെ ഒരു പ്രധാന നാഴികക്കല്ലായിരിക്കും എന്ന് ഫോമാ പ്രസിഡന്റ് ബേബി മണക്കുന്നേല്‍, ജനറല്‍ സെക്രട്ടറി ബൈജു വര്‍ഗീസ്, ട്രഷറര്‍ സിജില്‍ പാലക്കലോടി, വൈസ് പ്രസിഡന്റ് ഷാലു പുന്നൂസ്, ജോയിന്റ് സെക്രട്ടറി പോള്‍ ജോസ്, ജോയിന്റ് ട്രഷറര്‍ അനുപമ കൃഷ്ണന്‍ എന്നിവര്‍ അറിയിച്ചു.