നാഷ്വില്‍: കേരള അസോസിയേഷന്‍ ഓഫ് നാഷ്വില്‍ (കാന്‍)ന്റെ യൂത്ത് ഫോറത്തിന്റെ ആഭിമുഖ്യത്തില്‍ പ്രശസ്ത ദൃശ്യ മാധ്യമ സ്ഥാപനമായ 24 ന്യൂസ് സീ 2 സ്‌കൈ പ്രോഗ്രാമുമായി കൈകോര്‍ത്തു കൊണ്ട് ബെല്‍വ്യൂ ബെല്‍ ഗാര്‍ഡനില്‍ വിപുലമായി ലോക ഭൗമദിനം ആഘോഷിച്ചു. കുട്ടികളും മുതിര്‍ന്നവരും ഉള്‍പ്പെടെ മുപ്പതോളം പേര്‍ ഇതിന്റെ ഭാഗമായി അണി നിരന്നു. പ്രകൃതിയെ സ്‌നേഹിക്കുകയും പരിസ്ഥിതി സംരക്ഷണത്തില്‍ പങ്കാളികളാവാനും പ്രചോദനം നല്‍കുന്ന നിരവധി പ്രവൃത്തികളാണ് ഈ ആഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ചത്. നിലം പരുവപ്പെടുത്തുന്നതിനും കമ്പോസ്റ്റ് പാകപ്പെടുത്തുന്നതിനും വിശാലമായ ഗാര്‍ഡന്‍ ബെഡ് ഒരുക്കുന്നതിനും പുതിയ ചെടികള്‍ വച്ച് പിടിപ്പിക്കുന്നതിനും ഒക്കെ വോളന്റീയര്‍മാര്‍ പരിശ്രമിച്ചു.
അതോടൊപ്പം തന്നെ ഈ കാലഘട്ടത്തില്‍ ഭൗമദിനത്തിന്റെ പ്രസക്തി, പരിസ്ഥിതി സംരക്ഷണത്തിന്റെ ആവശ്യകത തുടങ്ങിയവയൊക്കെ കുട്ടികള്‍ക്ക് മനസ്സിലാക്കി കൊടുക്കുവാനുള്ള അവസരം എന്ന നിലയില്‍ കൂടി ഇത് വളരെയേറെ പ്രയോജനപ്രദമായിരുന്നു. പ്രകൃതിയുമായി ആത്മബന്ധം പുതുക്കാനുള്ള സുവര്‍ണാവസരമായാണ് പങ്കെടുത്ത എല്ലാപേരും ഇതിനെ കണ്ടത്. ഈ ഭൂമിയെ ഭാവി തലമുറകള്‍ക്ക് വേണ്ടി നിലനിര്‍ത്തുക എന്നത് നമ്മുടെ ഉത്തരവാദിത്തമാണ് എന്നതും അതോടൊപ്പം പരിസ്ഥിതിയെ സംരക്ഷിക്കാന്‍ ഓരോ വ്യക്തിയും ചെറിയ ശ്രമങ്ങള്‍ കൊണ്ടും വലിയ മാറ്റങ്ങള്‍ ഉണ്ടാക്കാന്‍ സാധിക്കും എന്നതുമൊക്കെ ചര്‍ച്ച ചെയ്യാനും ഇത് ഒരു അവസരമായി തീര്‍ന്നു. അതോടൊപ്പം ദേശീയ തലത്തില്‍ വിശേഷപ്പെട്ട ബഹുമതിയായ പ്രസിഡന്‍ഷ്യല്‍ വളണ്ടിയര്‍ സര്‍വീസ് അവാര്‍ഡ് ലഭിക്കുന്നതിനുള്ള സേവനസമയം ഇതില്‍ പങ്കെടുത്ത എല്ലാപേര്‍ക്കും കാന്‍ നല്‍കും. ഇതല്ലാം തന്നെ തുടര്‍ വര്‍ഷങ്ങളില്‍ കൂടുതല്‍ ഇത്തരത്തിലുള്ള പരിപാടികളില്‍ പങ്കെടുക്കുന്നതിനുള്ള ആവേശം നല്‍കുകയും ചെയ്തു.
ഏപ്രില്‍ 22-ന് ആണ് ലോക ഭൗമദിനം ആഗോളതലത്തില്‍ ആചരിക്കുന്നത്. ഭൂമിയുടെ സംരക്ഷണമാണ് ഭൗമദിനാചരണ ലക്ഷ്യം. പ്രകൃതി സംരക്ഷണത്തിന്റെ പ്രാധാന്യം പുതിയ തലമുറക്ക് പകര്‍ന്നുകൊടുക്കുന്നതില്‍ ലോകഭൗമദിനം നിര്‍ണ്ണായക പങ്കുവഹിക്കുന്നുണ്ട്.
കേരള അസോസിയേഷന്‍ ഓഫ് നാഷ്വില്‍ യൂത്ത് ഫോറം ചെയര്‍ ഷാഹിന കോഴിശ്ശേരി, അസോസിയേഷന്‍ പ്രസിഡന്റ് ഷിബു പിള്ള, വൈസ് പ്രസിഡന്റ് ശങ്കര്‍ മന എന്നിവര്‍ ഇതിനു നേതൃത്വം നല്‍കി. 24 ന്യൂസ് പങ്കെടുത്ത വോളന്റീയര്‍മാര്‍ക്ക് സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കുകയും സീ 2 സ്‌കൈ കോര്‍ഡിനേറ്റര്‍കാര്‍ ഈ പരിപാടി വിജയിപ്പിക്കുന്നതിന് ആവശ്യമായ എല്ലാ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങളും നല്‍കുകയും ചെയ്തു.