ഡോ. എം അനിരുദ്ധന്റെ വിയോഗത്തില്‍ നോര്‍ക്ക റൂട്ട്‌സ് ജീവനക്കാര്‍ അനുശോചിച്ചു.

ഡോ. എം അനിരുദ്ധന്റെ വിയോഗത്തില്‍ നോര്‍ക്ക റൂട്ട്‌സ് ജീവനക്കാര്‍ അനുശോചിച്ചു.


തിരുവനന്തപുരം: നോര്‍ക്ക റൂട്ട്സ് ഡയറക്ടറും ലോക കേരള സഭ അംഗവും വ്യവസായിയും ശാസ്ത്ര ഗവേഷകനും വടക്കേ അമേരിക്കയിലെ മലയാളികളുടെ സംഘടനയായ ഫൊക്കാനയുടെ പ്രഥമ പ്രസിഡന്റുമായ ഡോ. എം അനിരുദ്ധന്റെ നിര്യാണത്തില്‍ നോര്‍ക്ക റൂട്ട്‌സ് ജീവനക്കാര്‍ അനുശോചിച്ചു. നോര്‍ക്ക സെന്ററില്‍ നടന്ന അനുശോചന യോഗത്തില്‍ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ അജിത് കോളശ്ശേരി അനുശോചന പ്രമേയം വായിച്ചു. 

അധ്യാപകനായും ശാസ്ത്ര ഗവേഷകനായും സംരംഭകനായും സംഘാടകനായും അദ്ദേഹത്തിന് ഒരു പോലെ ശോഭിക്കാനായെന്ന് നോര്‍ക്ക റൂട്ട്‌സ് റസിഡന്റ് വൈസ് ചെയര്‍മാന്‍ പി ശ്രീരാമകൃഷ്ണന്‍ അനുസ്മരിച്ചു. 

അമേരിക്കയിലെ പ്രവാസി കേരളീയര്‍ക്കിടയില്‍ സംഘടനാ സംസ്‌കാരം വളര്‍ത്തുന്നതില്‍ നേതൃത്വപരമായ പങ്കാണ് 1983ല്‍ ഫൊക്കാനയ്ക്ക് രൂപം നല്‍കിയതിലൂടെ ഡോ. എം അനിരുദ്ധന്‍ നടത്തിയത്. അന്നത്തെ സാഹചര്യത്തില്‍ അസാധ്യമെന്ന് കരുതിയിടത്താണ് അദ്ദേഹം വിജയിച്ചതും പിന്നീട് പ്രവാസി കേരളീയര്‍ക്കാകെ പ്രചോദനമായതും. കേരളത്തിന്റെ എല്ലാ ആവശ്യങ്ങള്‍ക്കുമൊപ്പം ഒരു അംബാസിഡറെ പോലെ നിശബ്ദനായി അദ്ദേഹം പ്രവര്‍ത്തിച്ചു. നേതൃസ്ഥാനത്ത് നില്‍ക്കുമ്പോഴും എപ്പോഴും തിരശ്ശീലയ്ക്കു പിറകില്‍ നിശബ്ദനായി നില്‍ക്കാനായിരുന്നു അദ്ദേഹം ഇഷ്ടപ്പട്ടിരുന്നതെന്നും ഡോ. എം അനിരുദ്ധന്റെ സ്മരണകള്‍ക്കു മുന്നില്‍ ആദരമര്‍പ്പിച്ച് പി ശ്രീരാമകൃഷ്ണന്‍ ഓര്‍മ്മിച്ചു. അദ്ദേഹത്തിന്റെ കുടുംബാഗങ്ങളുടേയും സുഹൃത്തുക്കളുടേയും ദു:ഖത്തില്‍ പങ്കുചേരുന്നതായും പി ശ്രീരാമകൃഷ്ണന്‍ പറഞ്ഞു. അമേരിക്കയില്‍ ടെക്‌സാസ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും ന്യൂക്ലിയര്‍ കെമിസ്ട്രി, ന്യൂട്രിഷ്യന്‍ മേഖലകളിലാണ് അദ്ദേഹത്തിന് പി എച്ച് ഡി ലഭിച്ചിട്ടുള്ളത്. സ്‌പോര്‍ട്‌സ് ന്യൂട്രീഷ്യന്‍ മേഖലയിലെ നിരവധി സംഭാവനകള്‍ നല്‍കിയ വ്യക്തിത്വമായിരുന്നു ഡോ. എം അനിരുദ്ധനെന്ന് അജിത് കോളശ്ശേരി അനുസ്മരിച്ചു. ബഹുമുഖ മേഖലകളില്‍ പ്രതിഭ തെളിയിച്ച അദ്ദഹം എന്നും ഒരു ചെറു പുഞ്ചിരിയോടെ സൗമ്യമായിട്ടാണ് ഏവരോടും ഇടപെട്ടിരുന്നതെന്നും അദ്ദേഹം ഓര്‍മ്മിച്ചു. അനുശോചന യോഗത്തില്‍ നോര്‍ക്ക സെന്ററിലെ നോര്‍ക്ക റൂട്ട്‌സ് ലോക കേരള സഭ ജീവനക്കാരും മറ്റ് സെന്ററുകളിലെ ജീവനക്കാര്‍ ഓണ്‍ലൈനായും സംബന്ധിച്ചു.