സൗഹൃദ കൂട്ടായ്മയ്ക്ക് പുതിയ മാനം കുറിച്ചു ഫിലഡല്‍ഫിയ സ്‌നേഹതീരത്തിന് ആവേശോജ്ജ്വല തുടക്കം

സൗഹൃദ കൂട്ടായ്മയ്ക്ക് പുതിയ മാനം കുറിച്ചു ഫിലഡല്‍ഫിയ സ്‌നേഹതീരത്തിന് ആവേശോജ്ജ്വല തുടക്കം


ഫിലഡല്‍ഫിയ: ഫിലഡല്‍ഫിയായിലും പരിസര പ്രദേശങ്ങളിലുമുള്ള മലയാളികളുടെ പരസ്പര സഹകരണത്തിനും സൗഹൃദത്തിനും ഒത്തുകൂടലിനും അത്യാവശ്യ ഘട്ടങ്ങളിലെ പരസ്പര സഹായങ്ങള്‍ക്കും ഊന്നല്‍ നല്‍കി രൂപീകൃതമായ സൗഹൃദ സംഗമ കൂട്ടായ്മയായ 'സ്‌നേഹതീരം  സൗഹൃദ കൂട്ടായ്മ'യുടെ ഔപചാരിക ഉദ്ഘാടനവും കേരളപ്പിറവി ദിനാഘോഷവും നവംബര്‍ ഒന്നാം തിയ്യതി രാവിലെ പതിനൊന്നര മുതല്‍ ക്രൂസ്ടൗണിലുള്ള മയൂര റസ്റ്റോറന്റ് ഹാളില്‍ വിപുലമായ പരിപാടികളോടുകൂടി നടത്തി.

രാവിലെ പതിനൊന്നരയ്ക്ക് ആരംഭിച്ച രജിസ്‌ട്രേഷനെത്തുടര്‍ന്ന് പന്ത്രണ്ടുമണിക്ക് പ്രോഗ്രാമിന് തുടക്കം കുറിച്ചു. ഈശ്വരന്‍ കനിഞ്ഞനുഗ്രഹിച്ച ശബ്ദ സ്വര മാധുരിയില്‍ സൂസന്‍ ഷിബു വര്‍ഗീസിന്റെ പ്രാര്‍ഥനാ ഗാനത്തോടെ പരിപാടിക്ക് ഐശ്വര്യമായ തുടക്കമായി.

സ്‌നേഹതീരം സൗഹൃദ കൂട്ടായ്മയുടെ ഉത്ഭവസമയത്ത് ഉണ്ടായിരുന്നവര്‍, കൂട്ടായ്മയിലെ സീനിയേഴ്‌സ്, വനിതാ വിഭാഗം എന്നിവര്‍ ചേര്‍ന്ന് നിറ ദീപം തെളിയിച്ച് സ്‌നേഹതീരം സൗഹൃദ വേദിയുടെ ഔപചാരിക ഉദ്ഘാടനം നിര്‍വ്വഹിച്ചപ്പോള്‍ അത് ചരിത്രത്താളുകളിലെ വേറിട്ട അനുഭവമായി മാറി. കാരണം, ഈ സൗഹൃദ കൂട്ടായ്മയുടെ ഉദ്ഘാടന വേളയില്‍ പുറത്തുനിന്നും ക്ഷണിക്കപ്പെട്ട അതിഥികള്‍ ആരുംതന്നെ ഉണ്ടായിരുന്നില്ല എന്നുള്ളത് തന്നെ് ആയിരുന്നു ഈ ഉദ്ഘാടന ചടങ്ങുകളുടെ എടുത്തുപറയേണ്ടതായ പ്രത്യേകതയും വിജയവും.

അനേകം മലയാളി സംഘടനകളുള്ള ഫിലഡല്‍ഫിയയില്‍ എന്തിനാണ് ഈ സൗഹൃദ കൂട്ടായ്മയെന്നും എന്താണ് ഇതിന്റെ ഉദ്ദേശശമെന്നും എങ്ങനാണ് ഈ കൂട്ടായ്മ മുന്നോട്ടു കൊണ്ടുപോകേണ്ടതെന്നും വളരെ വിശദവും ലളിതവുമായ ഹൃദയഭാഷയില്‍ അതിമനോഹരമായി സ്‌നേഹത്തണലിന്റെ സ്ഥാപക നേതാവ് ഷിബു വര്‍ഗീസ് കൊച്ചുമഠം വിവരിച്ചപ്പോല്‍ നിറഞ്ഞ കരഘോഷത്തോടെ ഏവരും ഈ പുതിയ ആശയത്തെ സ്വാഗതം ചെയ്തു. പ്രോഗ്രാം നിയന്ത്രിച്ച എം സി രാജു ശങ്കരത്തില്‍ പ്രോഗ്രാമിന്റെ വിജയത്തിന്റെ പ്രധാന ഘടകമായിരുന്നു.

ഉദ്ഘാടനത്തിനു ശേഷം നടന്ന കുടുംബ പരിചയപ്പെടല്‍ ചടങ്ങ് ഈ കൂട്ടായമയുടെ അതി പ്രധന ഭാഗമായിരുന്നു. എല്ലാവരും അവരവരെ വിശദമായി സദസ്സിനു സ്വയം പരിചയപ്പെടുത്തി.

ആശംസാ പ്രസംഗ വേളയില്‍ ഈ കൂട്ടായ്മയുടെ തുടക്കം മുതല്‍ ഇതിന്റെ വിജയത്തിനായി കൂടെനിന്ന അനൂപ് തങ്കച്ചന്റെ ആശംസാ പ്രസംഗം വളരെ ഹൃദയസ്പര്‍ശിയായിരുന്നു. സെബാസ്റ്റ്യന്‍ മാത്യു, ജോബി ജോസഫ്, പാസ്റ്റര്‍ ഡാനിയേല്‍ ജോസഫ്, ജോജി പോള്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു സംസാരിച്ചു. ജോണ്‍ കോശി, ഗ്ലാഡ്സണ്‍ മാത്യു, തോമസ് ചാക്കോ, ജിനോ ജോര്‍ജ് ജേക്കബ്ബ്, സൂസന്‍ ഷിബു വര്‍ഗീസ് എന്നിവരുടെ ഗാനങ്ങള്‍ പരിപാടിക്ക് കൊഴുപ്പേകി.

ഷിബു വര്‍ഗീസ് കൊച്ചുമഠം രൂപം കൊടുത്ത 'സ്‌നേഹതീരം' എന്ന ഈ സൗഹൃദ കൂട്ടായ്മയുടെ ഉദ്ദേശശുദ്ധിയും ആവശ്യകതയും മനസ്സിലാക്കി ഒത്തൊരുമിച്ചു ഒരുമനസ്സോട് പ്രവര്‍ത്തിക്കുവാനും സൗഹൃദങ്ങള്‍ പങ്കിടുവാനുമുള്ള പൂര്‍ണ്ണ മനസ്സോടെ ഫിലാഡല്‍ഫിയായില്‍ സ്ഥിര താമസമാക്കിയ ഒരേ ചിന്താഗതിക്കാരായ എകദേശം 70 മലയാളി ഫാമിലിയുടെ സ്‌നേഹക്കൂട്ടായ്മയായി ഈ ചുരുങ്ങിയ കാലയളവിനുള്ളില്‍ സ്‌നേഹതീരം വളര്‍ന്നുകഴിഞ്ഞു എന്നത് സംഘാടകരില്‍ കൂടുതല്‍ ആവേശവും പ്രതീക്ഷയും നല്‍കുന്നു.

മറ്റൊരു സംഘടനയിലും ഇല്ലാത്തവിധത്തിലുള്ള ശക്തമായ വനിതാ സാന്നിധ്യമാണ് മറ്റൊരു ഹൈലൈറ്റ്. ഇരുപതിലധികം വനിതകള്‍ ജോലിയില്‍ നിന്നും ഇതിനായി അവധിയെടുത്ത് മുന്‍നിരയില്‍ വന്നുവെന്നതും ഈ കൂട്ടായ്മയുടെ മാത്രം പ്രത്യേകതയാണ്. ഇരുപതിലധികം വനിതകളുടെ കൂട്ടായ പ്രവര്‍ത്തനങ്ങള്‍ക്കായി 'സ്‌നേഹതീരം വനിത വിഭാഗം' എന്ന സ്ത്രീകളുടെ മാത്രം കൂട്ടായ്മ തദവസരത്തില്‍ നിലവില്‍ വരികയും ചെയ്തു. ഇതില്‍ സോഫി സെബാസ്റ്റ്യന്‍, ടോംസി ജോജി, ജിഷ കോശി, ഷെറിന്‍ അനൂപ്, സുനിത ബിജു, ദീപ സരണ്‍, സുജ കോശി എന്നിവരുടെ നേതൃത്വ സേവനങ്ങള്‍ എടുത്തു പറയേണ്ടതാണ്.

ഷിബു വര്‍ഗീസ് കൊച്ചുമഛവും ഏതാനും ചില മലയാളി സൗഹൃദവലയങ്ങലും ചേര്‍ന്ന് സെപ്റ്റംബര്‍ 14ന് ഒത്തുകൂടിയ ഓണാഘോഷ വേളയിലെ സംഭാഷണങ്ങള്‍ക്കിടയില്‍ ഫിലഡല്‍ഫിയായില്‍ അധിവസിക്കുന്ന പ്രവാസി മലയാളികള്‍ക്ക് അവരുടെ ചിന്തകളും വികാരങ്ങളും പ്രശ്‌നങ്ങളും സൗഹൃദങ്ങളും പങ്കുവെക്കുവാനുള്ള ഒരു സൗഹൃദ വേദി ആവശ്യമാണ് എന്ന ആശയം ഷിബു വര്‍ഗീസ് കൊച്ചുമഠം മുന്നോട്ടു വയ്ക്കുകയും ആ ആശയത്തെ അവിടെ കൂടിവന്നവര്‍ ഒന്നടങ്കം ഹര്‍ഷാരവത്തോടുകൂടി സ്വാഗതം ചെയ്യുകയും ഉടന്‍തന്നെ സ്‌നേഹതീരം എന്ന സൗഹൃദ കൂട്ടായ്മയ്ക്ക് രൂപം കൊടുക്കുകയും ചെയ്തു. അവിടെയാണ് സ്‌നേഹതീരം എന്ന ആശയം ജന്മംകൊണ്ടത്.

ഈ സൗഹൃദ വേദിയുടെ ക്രിസ്മസ് ന്യൂഇയര്‍ പരിപാടികള്‍ ജനുവരി നാലിന് രാവിലെ 11 മുതല്‍ അതിഗംഭീര പരിപാടികളോട് മയൂര റസ്റ്റോറന്റ് ഹാളില്‍ വച്ചു നടത്തുവാന്‍ തീരുമാനിച്ചതായി ഷിബു വര്‍ഗീസ് കൊച്ചുമഠം, അനുപ് തങ്കച്ചന്‍, ജോണ്‍ കോശി, കൊച്ചുകോശി ഉമ്മന്‍, ജോജി പോള്‍, തോമസ് ചാക്കോ, സെബാസ്റ്റ്യന്‍ മാത്യു, ബിജു എബ്രഹാം, സുനിത തോമസ്, സുജ കോശി, ഷെറിന്‍, സോഫി, ജിഷ ജോണ്‍ എന്നവര്‍ അറിയിച്ചു.