ഷിക്കാഗോ: ഷിക്കാഗോ സെന്റ് മേരീസ് ക്‌നാനായ കത്തോലിക്കാ ഇടവകയുടെ പതിനഞ്ചാം വാര്‍ഷികത്തിന്റെ ഭാഗമായി കോട്ടയം അതിരൂപതാ സഹായ മെത്രാനും കോട്ടയം അതിരൂപതയിലെ പ്രഥമ മലങ്കര റീത്തിലെ മെത്രാനും കൂടിയായ ഗീവര്‍ഗീസ് മാര്‍ അപ്രേം പിതാവിന് സ്വീകരണവും ഇടവകയിലെ മുതിര്‍ന്ന ഇടവകാംഗങ്ങളുടെ സംഗമവും നടത്തി. പിതാവിനെ അസി. വികാരി ഫാ. അനീഷ് മാവേലിപുത്തെന്‍പുര പൊന്നാട അണിയിച്ചും ട്രസ്റ്റി കോര്‍ഡിനേറ്റര്‍ സാബു കട്ടപ്പുറം ബൊക്കെ നല്‍കിയും സ്വീകരിച്ചു.
തുടര്‍ന്ന് ദൈവാലയ കവാടത്തില്‍ ഇടവക വികാരി ഫാ. സിജു മുടക്കോടില്‍ കത്തിച്ച തിരി നല്‍കി അപ്രേം പിതാവിനെ ദൈവാലയത്തിലേക്ക് ആനയിച്ചു. തുടര്‍ന്ന് നടത്തിയ സായാഹ്ന പ്രാര്‍ഥനകള്‍ക്ക് ശേഷം മലങ്കര റീത്തില്‍ അഭിവന്ദ്യ പിതാവിന്റെ മുഖ്യ കാര്‍മികത്വത്തില്‍ വിശുദ്ധ കുര്‍ബ്ബാന അര്‍പ്പിക്കപ്പെട്ടു. ഷിക്കാഗോ സെന്റ് മേരീസ് മലങ്കര കത്തോലിക്കാ ഇടവക വികാരി ഫാ. ജെറി മാത്യു, ഫാ. സിജു മുടക്കോടില്‍, ഫാ. അനീഷ് മാവേലിപുത്തെന്‍പുര എന്നിവര്‍ സഹ കാര്‍മ്മികരായിരുന്നു. ഫാ. സിജു മുടക്കോടില്‍ സെന്റ് മേരീസ് ഇടവകയിലേക്ക് ആദ്യമായി എത്തുന്ന ഗീവര്‍ഗ്ഗീസ് മാര്‍ അപ്രേം പിതാവിനെ സ്വാഗതം ചെയ്തുകൊണ്ട് ആമുഖ പ്രസംഗം നടത്തി.
ഇടവകയുടെ പതിനഞ്ചാം വാര്‍ഷികത്തിന്റെ ഭാഗമായി ക്‌നാനായ സമുദായത്തിലെ മലങ്കര റീത്തിലെ പ്രഥമ മെത്രാനെ ആദ്യമായി സ്വീകരിക്കുവാന്‍ സാധിച്ചു എന്നത് ഏറെ ദൈവനാനുഗ്രഹപ്രദമായ അവസരമായി മാറിയിരിക്കുകയാണ് എന്ന് അദ്ദേഹം അറിയിച്ചു. ക്‌നാനായ മലങ്കര കത്തോലിക്കാ വിഭാഗത്തിന്റെ ചരിത്രവും സീറോ മലബാര്‍ റീത്തും സീറോ മലങ്കര റീത്തും ഉള്‍പ്പെടുന്ന കോട്ടയം അതിരൂപതയുടെ സവിശേഷമായ പ്രസക്തിയെപ്പറ്റിയും കുര്‍ബ്ബാന മധ്യേ പിതാവ് വിശദീകരിച്ചു. വിശുദ്ധ കുര്‍ബ്ബാനയ്ക്ക് ശേഷം പതിനഞ്ചാം വാര്‍ഷികത്തിന്റെ ഭാഗമായി 70 വയസ്സിന് മുകളില്‍ ഉള്ള ഇടവകാംഗങ്ങളെ ആദരിച്ചു. 70 വയസ്സിന് മുകളില്‍ പ്രായമായവര്‍ക്കായി പ്രത്യേക അനുഗ്രഹ പ്രാര്‍ഥനയും ആശീര്‍വാദവും അഭിവന്ദ്യ പിതാവിന്റെ നേതൃത്വത്തില്‍ നടത്തി. വികാരി. ഫാ. സിജു മുടക്കോടില്‍, അസി. വികാരി ഫാ. അനീഷ് മാവേലിപുത്തെന്‍പുര, സെക്രട്ടറി സിസ്റ്റര്‍ ഷാലോം കൈക്കാരന്മാരായ സാബു കട്ടപ്പുറം, ബിനു പൂത്തുറയില്‍, ലൂക്കോസ് പൂഴിക്കുന്നേല്‍, ജോര്‍ജ്ജ് മറ്റത്തിപ്പറമ്പില്‍, നിബിന്‍ വെട്ടിക്കാട്ട്, സണ്ണി മേലേടം, ബിനു കൈതക്കത്തൊട്ടിയുടെ നേതൃത്വത്തിലുള്ള പതിനഞ്ചാം വാര്‍ഷിക കമ്മറ്റിയംഗങ്ങള്‍ എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി.