എസ്ബി-അസംപ്‌ഷൻ കോളജ് അലമ്‌നി അസോസിയേഷൻ ഏകോപനം പൂർത്തിയാകുന്നു.

എസ്ബി-അസംപ്‌ഷൻ കോളജ് അലമ്‌നി അസോസിയേഷൻ ഏകോപനം പൂർത്തിയാകുന്നു.


ചങ്ങനാശേരി എസ്ബി-അസംപ്‌ഷൻ കോളേജ് അലമ്‌നി അസോസിയേഷനുകളുടെ നോർത്ത് അമേരിക്കയിലെ ഏകോപനം പൂർത്തിയായതായി സംഘടനയുടെ നാഷണൽ ലീഡേഴ്‌സ് കൗൺസിൽ അറിയിച്ചു. 

എസ്ബി-അസംപ്‌ഷൻ പൂർവ്വവിദ്യാർഥികളുടെ അമേരിക്കയിലെ വിവിധ ചാപ്റ്ററുകളെ   പ്രതിനിധീകരിച്ചു രൂപീകരിക്കപ്പെട്ട പതിനഞ്ച് അംഗ സമിതിയുടെ രണ്ടാമത് സൂം മീറ്റിംഗ് ജൂൺ പതിനെട്ട് ശനിയാഴ്ച നടന്നു. സംഘടന ഒരുക്കിയ ദേശീയ ഡേറ്റബേസിൽ വിവരങ്ങൾ നൽകി സജീവമായി പ്രവർത്തിക്കാൻ ആവേശത്തോടെ മുന്നോട്ടു വന്ന അമേരിക്കയിലെ എല്ലാ തുറകളിലുമുള്ള പൂർവ്വവിദ്യാർഥികളെയും നാഷണൽ കൗൺസിൽ  അഭിനന്ദിച്ചു.

അമേരിക്കയിലെ ഉന്നതവിദ്യാഭ്യാസരംഗത്തും പ്രഫഷണൽ മേഖലയിലും ശാസ്ത്ര-സാങ്കേതികരംഗത്തും എസ് ബി-അസംപ്‌ഷൻ പൂർവവിദ്യാർഥികൾ നൽകിവരുന്ന  അഭിമാനകരമായ നേതൃത്വവും സേവന മികവും പ്രയോജനപ്പെടുത്തി യുഎസ്സിലുള്ള പ്രമുഖ സർവ്വകലാശാലകളുമായി സഹകരിച്ചുകൊണ്ട് വിദ്യാർഥികൾക്കായി ബൃഹത്തായ പദ്ധതികൾ ഭാവിയിൽ രൂപകല്പന ചെയ്യുമെന്ന് ഭാരവാഹികൾ അറിയിച്ചു.  

പൂർവ്വ വിദ്യാർഥികളുടെ നാഷണൽ കൺവൻഷൻ  2026ൽ അമേരിക്കയിൽ നടത്തും.  

ദേശീയതലത്തിൽ രൂപീകരിച്ചിട്ടുള്ള  അമേരിക്കയിലെ പൂർവ്വവിദ്യാർഥികളുടെ ഈ നവശൃംഖല മൂന്ന് (വെസ്റ്റ് കോസ്റ്റ് , മിഡ് വെസ്റ്റ്  & സൗത്ത്,  ഈസ്റ്റ് കോസ്റ്റ്) റീജിയനുകളായി

അതിന്റെ പ്രവർത്തനങ്ങൾ വിപുലീകരിക്കും. ഈ റീജിയണുകളിലുള്ള നഗരങ്ങൾ കേന്ദ്രീകരിച്ചു പുതിയ അലമ്‌നി ചാപ്റ്ററുകൾ രൂപീകരിക്കുന്നതിന് ആവശ്യമായ മാർഗ്ഗനിർദ്ദേശങ്ങൾ ദേശീയസമിതി നൽകുന്നതാണെന്നും ഭാരവാഹികൾ അറിയിച്ചു. റീജിയണുകളുടെ പ്രവർത്തനങ്ങൾ  ഏകോപിപ്പിക്കുന്നതിന്ന് ദയാലു ജോസഫ് കാലിഫോർണിയ (വെസ്റ്റ്) , ബോബൻ കളത്തിൽ, കാർമൽ തോമസ് (ചിക്കാഗോ), ജോർജ്ജ് ജോസഫ് ഹ്യൂസ്റ്റൺ (മിഡ് വെസ്റ്റ് & സൗത്ത് ), ടോം പെരുമ്പായി, ജെയിൻ ജേക്കബ് ന്യൂജേഴ്‌സി

 (ഈസ്റ് കോസ്റ്റ്) എന്നിവർ നേതൃത്വം നൽകും. 

സംഘടനയുടെ ഏകോപനത്തിന് നേതൃത്വവും പ്രോത്സാഹനവും മാർഗ്ഗനിർദ്ദേശങ്ങളും നൽകുന്ന ചങ്ങനാശേരി അതിരൂപതയുടെ അഭിവന്ദ്യ മെത്രാപ്പോലീത്ത മാർ തോമസ് തറയിൽ, എസ്ബി-അസംപ്‌ഷൻ കോളജ് പ്രിൻസിപ്പൽമാർ, അധ്യാപകർ എന്നിവർക്ക്  ഭാരവാഹികൾ നന്ദിപറഞ്ഞു.

നാഷണൽ കൗൺസിൽ അംഗങ്ങളായ മാത്യു ദാനിയേൽ, ഡോ മനോജ് മാത്യു, പിന്റോ കണ്ണമ്പള്ളി, പ്രഫ. ജെയിംസ് ഓലിക്കര, ലീല മാരേട്ട്, ഷിബു അഗസ്റ്റിൻ, തോമസ് ഡിക്രൂസ്, സക്കറിയ വടകര എന്നിവർ ചർച്ചകൾക്ക് നേതൃത്വം നൽകി.

അസംപ്‌ഷൻ കോളേജ് പൂർവ്വവിദ്യർഥിനി റോഷൻ ചെറിയാൻ സംഘടനയുടെ സെക്രട്ടറി ആയി പ്രവർത്തിക്കും. 

സംഘടനയിൽ ചേർന്നു പ്രവർത്തിക്കാനും  ചാപ്റ്ററുകൾ രൂപീകരിക്കാനും താല്പര്യമുള്ള പൂർവ്വവിദ്യാർഥികൾ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ രജിസ്റ്റർ ചെയ്യേണ്ടതാണ്.

https://forms.gle/wrE2qFfBqm8ub79GA

വിശദവിവരങ്ങൾക്ക്: നാഷണൽ കോർഡിനേറ്റേഴ്‌സ് മാത്യു ഡാനിയേൽ [+1 (847) 373-9941], പിന്റോ കണ്ണമ്പള്ളി [+1 (973) 337-7238], ശ്രീമതി റോഷൻ ചെറിയാൻ [+1 (914) 419‑6743]