ഷിക്കാഗോ സീറോ മലബാര്‍ രൂപത രജത ജൂബിലി വര്‍ഷത്തിലേക്ക്: സെന്റ് അല്‍ഫോന്‍സാ ദേവാലയത്തില്‍ ജൂബിലി ദീപം തെളിയിച്ചു

ഷിക്കാഗോ സീറോ മലബാര്‍ രൂപത രജത ജൂബിലി വര്‍ഷത്തിലേക്ക്: സെന്റ് അല്‍ഫോന്‍സാ ദേവാലയത്തില്‍ ജൂബിലി ദീപം തെളിയിച്ചു


കൊപ്പേല്‍ (ടെക്സാസ്): ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന രജത ജൂബിലി ആഘോഷങ്ങള്‍ക്ക് ഷിക്കാഗോ സെന്റ് തോമസ് സിറോ മലബാര്‍ കത്തീഡ്രല്‍ ദേവാലയത്തില്‍ തുടക്കമായി. ഇതിന്റെ ഭാഗമായി രൂപതയിലെ ഇടവകകളിലും തിരിതെളിച്ചു ജൂബിലി വര്‍ഷ ആഘോഷങ്ങള്‍ക്കു തുടക്കം കുറിച്ചു.

ഇടവകതല ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി കൊപ്പേല്‍ സെന്റ് അല്‍ഫോന്‍സാ ദേവാലയത്തില്‍  നടന്ന ചടങ്ങില്‍ റവ. ഡോ. മെജോ കൊരെത്ത് (ഷംഷാബാദ് രൂപതാ ചാന്‍സലര്‍) ജൂബിലി ദീപം തെളിയിച്ചു. ഇടവക വികാരി ഫാ. മാത്യൂസ് കുര്യന്‍ മുഞ്ഞനാട്ട്, അസിസ്റ്റന്റ് വികാരി ഫാ. ജിമ്മി എടക്കുളത്തൂര്‍, ട്രസ്റ്റിമാരായ റോബിന്‍ കുര്യന്‍, ജോഷി കുര്യാക്കോസ്, റോബിന്‍ ചിറയത്ത്, രഞ്ജിത്ത് തലക്കോട്ടൂര്‍, സെബാസ്റ്റ്യന്‍ പോള്‍  (സെക്രട്ടറി) എന്നിവര്‍ സന്നിഹിതരായിരുന്നു. ഇടവക സമൂഹവും ആഘോഷങ്ങളില്‍ പങ്കുചേര്‍ന്നു.

വടക്കേ അമേരിക്കയിലേക്കു കുടിയേറിയ സീറോ മലബാര്‍ കത്തോലിക്കരുടെ വിശ്വാസ ജീവിതത്തില്‍ നിര്‍ണ്ണായക വഴിത്തിരിവായി 1984ല്‍ അമേരിക്കയില്‍ ഡാലസിലാണ് സീറോ മലബാര്‍ മിഷന്‍ പ്രവര്‍ത്തനങ്ങള്‍ തുടക്കം കുറിച്ചത്. തുടക്കത്തില്‍ ഡാളസിലെ ഇംഗ്ലീഷ് രൂപതയുടെ കീഴിലുള്ള ദേവാലയങ്ങള്‍ കേന്ദ്രമാക്കിയായിരുന്നു മിഷന്റെ പ്രവര്‍ത്തനങ്ങള്‍.

2001ല്‍ ഷിക്കാഗോ കേന്ദ്രമാക്കി അമേരിക്ക മുഴുവനുള്ള മലയാളി സമൂഹത്തിനുവേണ്ടി ഇന്ത്യക്കു പുറത്തുള്ള ആദ്യത്തെ സീറോമ ലബാര്‍ രൂപതായി ജോണ്‍ പോള്‍ മാര്‍പാപ്പയുടെ പ്രത്യേക അനുഗ്രഹത്താല്‍ ഷിക്കാഗോയില്‍ സെന്റ് തോമസ് സീറോ മലബാര്‍ രൂപത സ്ഥാപിതമായി.

അമേരിക്കയിലുടനീളം പടര്‍ന്നു പന്തലിച്ച സീറോ മലബാര്‍ രൂപതയുടെ കീഴില്‍ ഇപ്പോള്‍ 52 ഇടവകകളും 33 മിഷനുകളും പ്രവര്‍ത്തിക്കുന്നു.