കൊച്ചി: രാജ്യത്തിന്റെ അഭിമാനമായ കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡില്‍ 3,700 കോടി രൂപയുടെ നിക്ഷേപം വരുന്നു. വമ്പന്‍ കപ്പലുകള്‍ നിര്‍മിക്കാന്‍ കൊറിയന്‍ കമ്പനിയായ എച്ച്.ഡി കൊറിയ ഷിപ്പ്ബില്‍ഡിംഗ് ആന്‍ഡ് ഓഫ്‌ഷോറിംഗ് എഞ്ചിനീയറിംഗുമായി (KSOE) കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡ് ദീര്‍ഘകാല കരാറിലെത്തിയതോടെയാണ് നിക്ഷേപം യാഥാര്‍ഥ്യമാകുന്നത്.
തമിഴ്‌നാട്ടില്‍ കപ്പല്‍ നിര്‍മാണ കേന്ദ്രം നിര്‍മിക്കാന്‍ കരാറൊപ്പിട്ടതിന് പിന്നാലെയാണ് പുതിയ കരാറും. കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡിലെ 310 മീറ്റര്‍ നീളമുള്ള പുതിയ ഡ്രൈഡോക്ക് ടാങ്കറുകള്‍, കണ്ടെയ്‌നര്‍ കപ്പലുകള്‍, ബള്‍ക്ക് കാരിയര്‍ പോലുള്ള ലാര്‍ജ് വെസലുകള്‍ നിര്‍മിക്കാന്‍ ഉപയോഗിക്കും. പ്രതിവര്‍ഷം ആറ് യാനങ്ങളെങ്കിലും നിര്‍മിക്കാനാണ് പദ്ധതിയെന്നും കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡ് സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ സമര്‍പ്പിച്ച ഫയലിംഗില്‍ പറയുന്നു.
കൊച്ചിയില്‍ 80 ഏക്കര്‍ സ്ഥലത്ത് വന്‍ കപ്പലുകള്‍ നിര്‍മിക്കുന്ന പുതിയ കേന്ദ്രവും സ്ഥാപിക്കും. ഇതിനായാണ് 3,700 കോടി രൂപയുടെ നിക്ഷേപം നടത്തുന്നത്. നിര്‍മാണം പൂര്‍ത്തിയായാല്‍ പ്രതിവര്‍ഷം 1.2 മെട്രിക്ക് ടണ്‍ ശേഷിയുണ്ടാകും.
2,000 പേര്‍ക്ക് നേരിട്ടുള്ള തൊഴില്‍ നല്‍കാനും ഈ കേന്ദ്രത്തിനാകും. ലോജിസ്റ്റിക്‌സ്, എം.എസ്.എം.ഇ, സപ്ലൈ ചെയിന്‍ എന്നീ മേഖലകളില്‍ 6,000 മുതല്‍ 10,000 വരെ നേരിട്ടല്ലാതെയുള്ള തൊഴില്‍ അവസരങ്ങളും സൃഷ്ടിക്കപ്പെടും. ഗുജറാത്തിലെ ഭാവ്‌നഗറില്‍ നടന്ന സമുദ്രത്തിലൂടെ സമൃദ്ധി (Samudra se samridhi) ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ സാന്നിധ്യത്തിലാണ് ഇരുകമ്പനികളും ധാരണയിലെത്തിയത്.
കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡിന്റെ നിലവിലുള്ള സൗകര്യങ്ങള്‍ പരമാവധി പ്രയോജനപ്പെടുത്തുന്നതിനൊപ്പം പുതിയ സംവിധാനങ്ങള്‍ നടപ്പിലാക്കുന്നതിന് കൂടിയാണ് നീക്കം.
കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡില്‍ 3,700 കോടി നിക്ഷേപം; വമ്പന്‍ കപ്പലുകളുണ്ടാക്കാന്‍ കൊറിയന്‍ കമ്പനിയുമായി കരാര്‍
