തുടർച്ചയായ നാലാം സാമ്പത്തിക വർഷവും ഒരു കോടിയിലധികം യാത്രക്കാരുമായി സിയാൽ

തുടർച്ചയായ നാലാം സാമ്പത്തിക വർഷവും ഒരു കോടിയിലധികം യാത്രക്കാരുമായി സിയാൽ


കൊച്ചി: വ്യോമയാന മേഖലയിൽ ആഗോളതലത്തിൽ അനുഭവപ്പെടുന്ന പ്രതിസന്ധികൾക്കിടയിലും,  കൊച്ചി അന്താരാഷ്ട്ര വിമാനത്താവള ലിമിറ്റഡ് (സിയാൽ), തുടർച്ചയായ നാലാം സാമ്പത്തിക വർഷത്തിലും  ഒരു കോടിയിലധികം യാത്രക്കാർ എന്ന ശ്രദ്ധേയ നേട്ടം കൈവരിച്ചു. 2025-26 സാമ്പത്തിക വർഷത്തിൽ ആകെ 1,14,42,583 യാത്രക്കാരാണ് സിയാൽ വഴി സഞ്ചരിച്ചത്. ഇതോടൊപ്പം 73,134 വിമാന സർവീസുകളും വിമാനത്താവളം കൈകാര്യം ചെയ്തു.
2025 മേയ് മാസത്തിലാണ് ഏറ്റവും കൂടുതൽ യാത്രക്കാരുടെ എണ്ണം രേഖപ്പെടുത്തിയത്.   ഈ മാസത്തിൽ മാത്രം 11,07,184 യാത്രക്കാരാണ് സിയാലിലൂടെ  യാത്ര ചെയ്തത്. 2025-26 കാലയളവിൽ സിയാൽ കൈകാര്യം ചെയ്ത ആകെ യാത്രക്കാരിൽ 54,01,939 പേർ അന്തർദേശീയ യാത്രക്കാരും 60,40,644 പേർ ആഭ്യന്തര യാത്രക്കാരുമായിരുന്നു. അതേസമയം, 31,505 അന്താരാഷ്ട്ര  വിമാന സർവീസുകളും 41,629 ആഭ്യന്തര വിമാന സർവീസുകളും സിയാൽ കൈകാര്യം ചെയ്തു. 
2025ന്റെ അവസാന മാസങ്ങളിൽ,  വിമാനക്കമ്പനികളുമായി ബന്ധപ്പെട്ട പ്രവർത്തനപരമായ നിയന്ത്രണങ്ങളും ഫെബ്രുവരി-മാർച്ച് മാസങ്ങളിൽ ഗൾഫ് മേഖലയുമായി ബന്ധപ്പെട്ട ഭൗമരാഷ്ട്രീയ സാഹചര്യങ്ങൾ മൂലവുമുണ്ടായ അന്താരാഷ്ട്ര വ്യോമഗതാഗത തടസങ്ങളെല്ലാം നിലനിന്നിരുന്നുവെങ്കിലും, 2025-26 കാലയളവിൽ സിയാൽ 2.2 ശതമാനം യാത്രക്കാരുടെ വളർച്ച രേഖപ്പെടുത്തി. മറ്റെല്ലാ അവസരങ്ങളിലും വർഷം മുഴുവൻ സ്ഥിരതയാർന്ന യാത്രാ തിരക്ക് നിലനിർത്താനും വിവിധ സീസണുകളിലുണ്ടായ ഉയർന്ന യാത്രക്കാരുടെ ഒഴുക്ക് കാര്യക്ഷമമായി കൈകാര്യം ചെയ്യാനും  സിയാലിന് കഴിഞ്ഞു.
സിയാൽ 2.0 പദ്ധതിയുടെ ഭാഗമായി നടപ്പിലാക്കിയ അടിസ്ഥാനസൗകര്യ വികസനവും യാത്രാസൗകര്യ വർധനവും പ്രവർത്തന കാര്യക്ഷമതയുമാണ് ഈ വളർച്ചയ്ക്ക് പിന്നിലെ പ്രധാന ഘടകങ്ങളെന്ന് സിയാൽ മാനേജിംഗ് ഡയറക്ടർ എസ്. സുഹാസ് ഐ.എ.എസ്  വ്യക്തമാക്കി. സാങ്കേതികവിദ്യയുടെ പിന്തുണയോടെയുള്ള സേവനങ്ങളും വേഗമേറിയ പ്രോസസ്സിംഗ് സംവിധാനങ്ങളും യാത്രാനുഭവം കൂടുതൽ സൗകര്യപ്രദമാക്കിയതായി അദ്ദേഹം പറഞ്ഞു.  അതേസമയം, പരീക്ഷണാടിസ്ഥാനത്തിൽ ഫുൾ ബോഡി സ്‌കാനറുകൾ നടപ്പിലാക്കിയതോടെ സുരക്ഷാ പരിശോധനകൾ കൂടുതൽ ആധുനികമാകുകയും യാത്രക്കാരുടെ സൗകര്യം മെച്ചപ്പെടുകയും ചെയ്തിട്ടുണ്ട്. വർധിച്ചുവരുന്ന യാത്രക്കാരുടെ എണ്ണം കാര്യക്ഷമമായി കൈകാര്യം ചെയ്യുന്നതിനൊപ്പം സേവന നിലവാരവും ഉയർത്താൻ വിവിധങ്ങളായ പദ്ധതികളിലൂടെ സിയാലിന് കഴിയുന്നു.