2019- 2025 സാമ്പത്തിക വര്‍ഷങ്ങള്‍ക്കിടെ രാജ്യത്ത് നടന്നത് 65,000 കോടിയിലധികം ഡിജിറ്റല്‍ പേയ്‌മെന്റ് ഇടപാടുകള്‍

2019- 2025 സാമ്പത്തിക വര്‍ഷങ്ങള്‍ക്കിടെ രാജ്യത്ത് നടന്നത് 65,000 കോടിയിലധികം ഡിജിറ്റല്‍ പേയ്‌മെന്റ് ഇടപാടുകള്‍


ന്യൂഡല്‍ഹി: 2019 മുതല്‍ 2025 വരെയുള്ള കഴിഞ്ഞ 6 സാമ്പത്തിക വര്‍ഷങ്ങളിലായി ഏതാണ്ട് 12,000 ട്രില്യണ്‍ രൂപയുടെ, 65,000 കോടിയിലധികം ഡിജിറ്റല്‍ പേയ്‌മെന്റ് ഇടപാടുകള്‍ രാജ്യത്ത് നടന്നുവെന്ന് കേന്ദ്ര സര്‍ക്കാര്‍ കണക്കുകള്‍.

ചെറുകിട പട്ടണങ്ങളും ഗ്രാമപ്രദേശങ്ങളും ഉള്‍പ്പെടെ രാജ്യത്തുടനീളം ഡിജിറ്റല്‍ പേയ്‌മെന്റ് സാങ്കേതികവിദ്യയുടെ സ്വീകാര്യതയില്‍ വര്‍ദ്ധനവ് ഉണ്ടായതായി ധനകാര്യ സഹമന്ത്രി പങ്കജ് ചൗധരി പറഞ്ഞു. ഡിജിറ്റലൈസേഷന്‍ രാജ്യത്ത് കറന്‍സികളെ ആശ്രയിക്കുന്നത് കുറച്ചുവെന്നും, എന്നാല്‍ വിനിമയം കുറേക്കൂടി സുതാര്യമാക്കാന്‍ സഹായിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

രാജ്യത്തുടനീളം ഡിജിറ്റല്‍ പേയ്‌മെന്റുകള്‍ പ്രോത്സാഹിപ്പിക്കുന്നതിനായി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ), നാഷണല്‍ പേയ്‌മെന്റ്‌സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ (എന്‍പിസിഐ), ഫിന്‍ടെക്കുകള്‍, ബാങ്കുകള്‍, സംസ്ഥാന സര്‍ക്കാരുകള്‍ എന്നിവരുമായി കേന്ദ്ര സര്‍ക്കാര്‍ ഒരുമിച്ച് പ്രവര്‍ത്തിച്ചു വരുന്നുവെന്നും ലോക്‌സഭയില്‍ ധനകാര്യ സഹമന്ത്രി പറഞ്ഞു.

അതിനിടെ, ഓഗസ്റ്റ് മുതല്‍ യു.പി.ഐ സംവിധാനവുമായി ബന്ധപ്പെട്ട് ചില സുപ്രധാന മാറ്റങ്ങള്‍ നാഷണല്‍ പേയ്‌മെന്റ്‌സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ പ്രഖ്യാപിച്ചിട്ടുണ്ട്. ഒരു ദിവസം പരമാവധി 50 തവണ മാത്രമേ ബാങ്ക് ബാലന്‍സ് പരിശോധിക്കാനാകൂ എന്ന് നിബന്ധന വരികയാണ്.

ഒരു ദിവസം 25 മൊബൈല്‍ നമ്പര്‍ ലിങ്ക്ഡ് അക്കൗണ്ട് ചെക്കിങ് മാത്രമേ ഇനി അനുവദിക്കൂവെന്നും ഉണ്ട്. ഇത് കൂടാതെ ഫെയില്‍ഡ് ട്രാന്‍സാക്ഷന്‍ സ്റ്റാറ്റസ് ഒരു ദിവസം 3 തവണ മാത്രമേ ചെക്ക് ചെയ്യാനുമാകൂ.