ദുബൈ: ടെസ്‌ല സി.ഇ.ഒ ഇലോണ്‍ മസ്‌ക് ലോകത്തെ ആദ്യ ട്രില്യണറാവുമെന്ന് റിപ്പോര്‍ട്ട്. 2027ഓടെ മസ്‌ക് ട്രില്യണ്‍ ക്ലബിലെത്തുമെന്നാണ് പഠനത്തില്‍ പറയുന്നത്. ദുബൈ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ഇന്‍ഫോര്‍മ കണക്ട് അക്കാദമിയുടേതാണ് റിപ്പോര്‍ട്ട്.
പ്രതിവര്‍ഷം 110 ശതമാനമെന്ന നിലയിലാണ് മസ്‌കിന്റെ സമ്പത്ത് വര്‍ധിക്കുന്നത്. ബ്ലുംബെര്‍ഗിന്റെ ബില്യണയര്‍ ഇന്‍ഡക്‌സ് പ്രകാരം നിലവില്‍ 241 ബില്യണ്‍ ഡോളറിന്റെ ആസ്തിയുണ്ട് മസ്‌കിന്. ഇത് 2027 ആകുമ്പോഴേക്കും ഒരു ട്രില്യണ്‍ ആവുമെന്നാണ് പഠനം.
മസ്‌ക് കഴിഞ്ഞാല്‍ ട്രില്യണ്‍ ക്ലബിലെത്താന്‍ പോവുന്നയാള്‍ ഒരു ഇന്ത്യക്കാരനായിരിക്കുമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. ഗൗതം അദാനിയായിരിക്കും രണ്ടാമതെത്തുക. 2028ലാവും ഗൗതം അദാനി ട്രില്യണ്‍ ക്ലബിലേക്ക് എത്തുക.ഇവര്‍ക്കൊപ്പം നിവിദിയയയുടെ സ്ഥാപകന്‍ ജെന്‍സെന്‍ ഹുവാങ്, മെറ്റ സി.ഇ.ഒ മാര്‍ക്ക് സൂക്കര്‍ബര്‍ഗ്, ലൂയിസ്വിറ്റന്റെ ബെര്‍നാര്‍ഡ് അര്‍നോള്‍ട്ട് എന്നിവരും ട്രില്യണ്‍ ക്ലബിലേക്ക് എത്തും. 2030ഓടെ ഇവര്‍ ട്രില്യണ്‍ ക്ലബിലേക്ക് എത്തുമെന്നാണ് റിപ്പോര്‍ട്ട്.
തുറമുഖം മുതല്‍ വിമാനത്താവളം വരെയുള്ള വലിയ ബിസിനസ് സാമ്രാജ്യം തന്നെയാവും ഇന്ത്യയില്‍ നിന്നുള്ള ഗൗതം അദാനിക്ക് കരുത്താവുക. നിലവില്‍ അദാനിയുടെ സമ്പത്തില്‍ 123 ശതമാനം വര്‍ധനയാണ് പ്രതിവര്‍ഷം ഉണ്ടാവുന്നത്. ഇന്ത്യയിലെ മറ്റൊരു പ്രമുഖ വ്യവസായിയായ മുകേഷ് അംബാനി 2033 ആകുമ്പോഴേക്കും ട്രില്യണ്‍ ക്ലബിലേക്ക് എത്തുമെന്ന് പഠനത്തില്‍ പറയുന്നു. മുകേഷ് അംബാനിയുടെ ഉടമസ്ഥതയിലുള്ള റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ വിപണിമൂല്യം ട്രില്യണ്‍ ഡോളറിലേക്ക് എത്തുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.
ടെസ്‌ല സി.ഇ.ഒ ഇലോണ്‍ മസ്‌ക് ലോകത്തെ ആദ്യ ട്രില്യണറാവുമെന്ന് റിപ്പോര്‍ട്ട്; രണ്ടാമന്‍ അദാനി