ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടിന്റെ ആഘാതം മറികടന്ന് അദാനി ഗ്രൂപ്പ്; ഇന്ത്യന്‍ ധനികരില്‍ വീണ്ടും ഒന്നാമത്

ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടിന്റെ ആഘാതം മറികടന്ന് അദാനി ഗ്രൂപ്പ്; ഇന്ത്യന്‍ ധനികരില്‍ വീണ്ടും ഒന്നാമത്


മുംബൈ :   ഇന്ത്യയിലെ ധനികരുടെ പട്ടികയില്‍ ഗൗതം അദാനിയും കുടുംബവും വീണ്ടും ഒന്നാമതെത്തിയെന്ന് 2024 ഹുരുണ്‍ ഇന്ത്യ റിച്ച് ലിസ്റ്റ്  റിപ്പോര്‍ട്ട്. 11.6 ലക്ഷം കോടിയാണ് അദാനി കുടുംബത്തിന്റെ ആസ്തി. മുകേഷ് അംബാനിയെ മറികടന്നാണ് അദാനിയുടെ ഈ നേട്ടം. അദാനി ഗ്രൂപ്പിന് വന്‍ തിരിച്ചടിക്ക് കാരണമായി എന്ന് കരുതുന്ന ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ട് പുറത്തുവന്നതിനു ശേഷവും പട്ടികയില്‍ അദാനി മുന്നില്‍ എന്നതാണ് ഏറ്റവും ശ്രദ്ധേയം

2020ല്‍ ഹുരുണ്‍ ഇന്ത്യ റിച്ച് ലിസ്റ്റില്‍ നാലാം സ്ഥാനത്തായിരുന്നു അദാനി. കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ അദാനിയുടെ സ്വത്തുക്കളില്‍ 95 ശതമാനം വര്‍ധനയുണ്ടായതായാണ് ഹുരുണ്‍ ഇന്ത്യ റിച്ച് ലിസ്റ്റ്   റിപ്പോര്‍ട്ട് പറയുന്നത്. ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടിലെ ആരോപണങ്ങള്‍ക്കു ശേഷം ഫീനിക്‌സ് പക്ഷിയെപ്പോലെ കുതിച്ചുയര്‍ന്ന ഗൗതം അദാനിയും കുടുംബവും ഇന്ത്യയിലെ ധനികരുടെ പട്ടികയില്‍ ഒന്നാമതെത്തി. 11,61,8700 കോടിയാണ് അദാനി കുടുംബത്തിന്റെ ആസ്തി. സ്വന്തം പ്രയത്‌നത്താല്‍ ഉയര്‍ന്നു വന്ന അദാനി കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ ഏറ്റവും വലിയ വളര്‍ച്ചയുണ്ടാക്കി റെക്കോഡ് സൃഷ്ടിച്ച വ്യക്തി കൂടിയാണ്. ഇക്കാലയളവില്‍ 10,21,600 കോടിയുടെ വര്‍ധനയാണ് അദാനിയുടെ സമ്പത്തില്‍ ഉണ്ടായത്. ഹുരുണ്‍ ഇന്ത്യ റിച്ച് ലിസ്റ്റ് റിപ്പോര്‍ട്ട് പറയുന്നു.

അദാനി ?ഗ്രൂപ്പ് കമ്പനികളുടെയെല്ലാം ഓഹരികളില്‍ വന്‍ കുതിച്ചുചാട്ടമാണ് കഴിഞ്ഞ വര്‍ഷം ഉണ്ടായത്. അദാനി പോര്‍ട്ട്‌സ് ഓഹരികളില്‍ 98 ശതമാനം വളര്‍ച്ച ഉണ്ടായി. ഊര്‍ജമേഖലയില്‍ പ്രവര്‍ത്തിക്കുന്ന അദാനി എനര്‍ജി, അദാനി ?ഗ്യാസ്, അദാനി ട്രാന്‍സ്മിഷന്‍, അദാനി പവര്‍ തുടങ്ങിയവയെല്ലാം ഓഹരിവിലയില്‍ 76 ശതമാനം വര്‍ധനയുണ്ടാക്കി.

അതേസമയം, പട്ടികയില്‍ രണ്ടാം സ്ഥാനത്തുള്ള മുകേഷ് അംബാനിക്ക് 10.14 ലക്ഷം കോടിയാണ് ആസ്തി. 2014 ജൂലൈ 31ന് ഉള്ള സ്‌നാപ്‌ഷോട്ട് അനുസരിച്ചാണ് പട്ടിക തയ്യാറാക്കിയിരിക്കുന്നത്. ഇന്ത്യയിലെ ശതകോടീശ്വരന്മാരുടെ എണ്ണം റെക്കോര്‍ഡ് രേഖപ്പെടുത്തിയിരിക്കുകയാണ്. നിലവില്‍ 334 ശതകോടീശ്വരന്മാരാണ് ഇന്ത്യയിലുള്ളതെന്നും ഹുരുണ്‍ ഇന്ത്യ റിച്ച് ലിസ്റ്റിനെ അടിസ്ഥാനപ്പെടുത്തി ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.