രാജ്യത്ത് യുപിഐ ഇടപാടുകളില്‍ 36 ശതമാനം വര്‍ധനവ്; പലചരക്ക് വ്യാപാരമേഖലയില്‍ 24.6 ശതമാനം

രാജ്യത്ത് യുപിഐ ഇടപാടുകളില്‍ 36 ശതമാനം വര്‍ധനവ്; പലചരക്ക് വ്യാപാരമേഖലയില്‍ 24.6 ശതമാനം


ന്യൂഡല്‍ഹി: രാജ്യത്ത് യുപിഐ ആപ്പുകള്‍ ഉപയോഗം കുത്തനെ വര്‍ധിക്കുന്നതായി കണക്കുകള്‍. ഡിജിറ്റല്‍ പേയ്‌മെന്റുകളില്‍ ഏറ്റവും കൂടുതല്‍ സംഭാവന നല്‍കുന്നവയായി പലചരക്കും സൂപ്പര്‍മാര്‍ക്കറ്റുകളും ഉയര്‍ന്നുവന്നു. 2025 ഓഗസ്റ്റില്‍, പലചരക്ക് സാധനങ്ങളുമായി ബന്ധപ്പെട്ട യുപിഐ ഇടപാടുകള്‍ മൊത്തം അളവിന്റെ 24.6 ശതമാനമാണ്. 2024 ഓഗസ്റ്റില്‍ 22.4 ശതമാനമായിരുന്ന സ്ഥാനത്താണിത്.

ഗാര്‍ഹിക അവശ്യവസ്തുക്കള്‍ വിതരണം ചെയ്യുന്ന, പേയ്‌മെന്റുകള്‍ക്കായി യുപിഐയെ വളരെയധികം ആശ്രയിക്കുന്ന ആപ്പുകള്‍ - ക്വിക്ക് കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകളാണ് വളര്‍ച്ചയെ  നയിച്ചത്. ഇതേ കാലയളവില്‍ പലചരക്ക് ഇടപാടുകളുടെ മൂല്യം 8.3 ശതമാനത്തില്‍ നിന്ന് 9.4 ശതമാനമായി വര്‍ദ്ധിച്ചു.

റസ്‌റ്റോറന്റുകളും ഫാസ്റ്റ്ഫുഡ് ഔട്ട്‌ലെറ്റുകളും യുപിഐ ഉപയോഗത്തില്‍ കുത്തനെ വര്‍ധനവ് രേഖപ്പെടുത്തി. ഇടപാടുകളുടെ അളവ് മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് ഏകദേശം 35 ശതമാനം വര്‍ദ്ധിച്ചു. ഭക്ഷണവുമായി ബന്ധപ്പെട്ട  എണ്ണം, മൊത്തം ഇടപാടുകളുടെ ഏകദേശം 20 ശതമാനമാണ്.ചെറിയ, ദൈനംദിന വാങ്ങലുകള്‍ക്കായി യുപിഐ ഉപയോഗപ്പെടുത്തുന്നതിന് തെളിവാണിത്.ഫാര്‍മസികള്‍ 2.5 ശതമാനം വിഹിതം നിലനിര്‍ത്തി. ഇടപാടുകളുടെ എണ്ണത്തില്‍ 38 ശതമാനം വര്‍ധനവും പ്രകടമായി. ഓണ്‍ലൈന്‍ മെഡിസിന്‍ ഡെലിവറി സേവനങ്ങളുടെ വര്‍ദ്ധിച്ചുവരുന്ന ജനപ്രീതി കാരണമാണിത്.

മൊത്തത്തില്‍, 2025 ഓഗസ്റ്റില്‍ യുപിഐ അളവ് 12.7 ബില്യണ്‍ ഇടപാടുകളായി ഉയര്‍ന്നു. മുന്‍ വര്‍ഷത്തേക്കാള്‍ 36 ശതമാനം വര്‍ധനവ്.  ഇടപാടുകളുടെ ആകെ മൂല്യം 7.24 ലക്ഷം കോടി രൂപ. വാര്‍ഷികാടിസ്ഥാനത്തില്‍  26 ശതമാനം വര്‍ധനവാണിത്.അതേസമയം,ശരാശരി പേയ്‌മെന്റ് വലുപ്പം ചെറുതാകുന്നു.ആളുകള്‍ വലിയ പേയ്‌മെന്റുകളേക്കാള്‍ പതിവ് ചെലവുകള്‍ക്കായാണ് യുപിഐ ഉപയോഗപ്പെടുത്തുന്നത്.

നിക്ഷേപ, വായ്പ പെയ്‌മെന്റുകള്‍ കുറഞ്ഞു

 നിക്ഷേപവുമായി ബന്ധപ്പെട്ട പേയ്‌മെന്റുകള്‍ക്കുള്ള യുപിഐ ഉപയോഗം കുറഞ്ഞു. സെക്യൂരിറ്റീസ് ബ്രോക്കര്‍മാര്‍ക്ക് നല്‍കിയ പേയ്‌മെന്റുകള്‍ 2024 ഓഗസ്റ്റിലെ 58,000 കോടി രൂപയില്‍ നിന്ന് 2025 ഓഗസ്റ്റില്‍ 46,000 കോടി രൂപയായി കുറയുകയായിരുന്നു. മൊത്തം യുപിഐ ഇടപാട് മൂല്യത്തില്‍ അവയുടെ പങ്ക് 10.2 ശതമാനത്തില്‍ നിന്ന് 6.3 ശതമാനമായി. റെഗുലേറ്ററി മാറ്റങ്ങളാണ് ഇതിന് പ്രധാന കാരണം.

 ഇപ്പോള്‍ സെക്കന്‍ഡറി മാര്‍ക്കറ്റ് ട്രേഡുകള്‍ക്ക് ഒരു ബ്ലോക്ക്ആന്‍ഡ്‌റിലീസ് സംവിധാനം ആവശ്യമാണ്. കൂടാതെ ഫ്യൂച്ചേഴ്‌സ് ആന്‍ഡ് ഓപ്ഷന്‍സ് (എഫ് & ഒ) ഇടപാടുകളില്‍ യുപിഐ ഉപയോഗം നിയന്ത്രിക്കുകയും ചെയ്തു.

കടം പിരിവ് ഏജന്‍സികള്‍, മൂല്യം അനുസരിച്ച് മുന്‍നിര വിഭാഗങ്ങളില്‍ തുടര്‍ന്നു. 2025 ഓഗസ്റ്റില്‍ യുപിഐ വഴി ഇവര്‍ നേടിയ പേയ്‌മെന്റ് 77,000 കോടി രൂപ.ഒരു വര്‍ഷം മുമ്പ് ഇത് 69,000 കോടി രൂപയായിരുന്നു. മൊത്തം യുപിഐ മൂല്യത്തില്‍ അവരുടെ വിഹിതം 12 ശതമാനത്തില്‍ നിന്ന് 10.6 ശതമാനമായി കുറഞ്ഞിട്ടുണ്ട്. ഇത് ഡിജിറ്റല്‍ വായ്പാ പ്രവര്‍ത്തനത്തിലെ മാന്ദ്യത്തെ പ്രതിഫലിപ്പിക്കുന്നു. മൊബൈല്‍ റീചാര്‍ജ് വളര്‍ച്ച മന്ദഗതിയിലായതിനാല്‍ ടെലികോം പേയ്‌മെന്റുകളും കുറഞ്ഞു. യുപിഐ അളവില്‍ അവരുടെ വിഹിതം 8.5 ശതമാനത്തില്‍ നിന്ന് 6.8 ശതമാനമായി.