ഗുജറാത്തിൽ 519.41 കോടി രൂപ വിലയ്ക്ക് ഭൂമി വാങ്ങി ലുലു ഗ്രൂപ്പ്; സ്റ്റാമ്പ് വിലമാത്രം 31 കോടി രൂപ

ഗുജറാത്തിൽ 519.41 കോടി രൂപ വിലയ്ക്ക് ഭൂമി വാങ്ങി ലുലു ഗ്രൂപ്പ്; സ്റ്റാമ്പ് വിലമാത്രം 31 കോടി രൂപ


അഹമ്മദാബാദ്:   എംഎ യൂസഫലിയുടെ ഉടമസ്ഥതയിലുള്ള ലുലുഗ്രൂപ്പ് ഗുജറാത്തിൽ പ്രവർത്തനം വിപുലമാക്കാനൊരുങ്ങുന്നു . ഇതിന്റെ ഭാഗമായി അഹമ്മദാബാദിൽ ഏറ്റവും വലിയ ഭൂമിയിടപാട് നടത്തി സ്റ്റാമ്പ് ഡ്യൂട്ടി വരുമാനത്തിൽ പുതിയ റെക്കോഡും സൃഷ്ടിച്ചു. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ മണ്ഡലമായ ഗാന്ധിനഗറിൽ ഉൾപ്പെടുന്ന ചന്ദ്‌ഖേഡയിൽ ലുലുവിന്റെ പുതിയ പ്രൊജക്ട് വരുന്നത്.

കോർപ്പറേഷന്റെ 66,168 ചതുരശ്ര മീറ്റർ (16.35 ഏക്കർ) ഭൂമി 519.41 കോടി രൂപയ്ക്കാണ് ലുലു വാങ്ങിയത്. ഇടപാടിന്റെ സ്റ്റാമ്പ് ഡ്യൂട്ടി ഇനത്തിൽ മാത്രം സർക്കാരിന് 31 കോടി രൂപയുടെ വരുമാനം ലഭിച്ചു. സബർമതി സബ് രജിസ്ട്രാർ ഓഫീസിൽ വച്ചായിരുന്നു രജിസ്‌ട്രേഷൻ. അഹമ്മദാബാദ് നഗരത്തിൽ ഇതുവരെ രജിസ്റ്റർ ചെയ്തിട്ടുള്ളതിൽ വച്ച് ഏറ്റവും ഉയർന്ന മൂല്യമുള്ള ഭൂമി വില്പനയാണ് ഇത്.

കഴിഞ്ഞ വർഷം ജൂൺ 18ന് അഹമ്മദാബാദ് മുനിസിപ്പൽ കോർപ്പറേഷന്റെ ലേലത്തിലൂടെ, ചതുരശ്ര മീറ്ററിന് 78,500 എന്ന നിരക്കിലാണ് പ്ലോട്ട് ലുലുഗ്രൂപ്പ് വാങ്ങിയത്. 99 വർഷത്തേക്ക് ലീസ് ആയി ഭൂമി അനുവദിക്കുന്നതിന് പകരം നഗരത്തിലേക്ക് വലിയ നിക്ഷേപം കൊണ്ടുവരികയെന്ന ലക്ഷ്യത്തോടെ ഭൂമി വിൽപ്പനയ്ക്ക് തന്നെ സർക്കാർ അനുമതി നൽകുകയായിരുന്നു.

ടൗൺ പ്ലാനിംഗ് സ്‌കീമിലെ ചട്ടങ്ങൾ പാലിച്ചാണ് വില്പന. മാൾ, ഹൈപ്പർമാർക്കറ്റ് അടക്കമുള്ള വലിയ പദ്ധതികൾ ലുലു ഇവിടെ യാഥാർത്ഥ്യമാക്കും. മികച്ച കണക്ടിവിറ്റി, ഹൈവേ സൗകര്യം, ഉയർന്ന വാണിജ്യ സാധ്യതകൾ എന്നിവ എസ്.പി. റിംഗ് റോഡിലെ ഭൂമി മികച്ച വാണിജ്യസാധ്യതയാണ് തുറക്കുന്നത്.

300 കോടി മുതൽ 400 കോടി രൂപ വരെ വിലയുള്ള വില്പന രേഖകൾ അഹമ്മദാബാദിൽ രജിസ്റ്റർ ചെയ്തിട്ടുണ്ടെങ്കിലും 500 കോടി രൂപയിൽ കൂടുതലുള്ള ഭൂമി ഇടപാട് ഇതുവരെ നടന്നിരുന്നില്ല. നഗരത്തിലെ ഏറ്റവും വലിയ ഭൂമിയിടപാട് ഇതോടെ ലുലുഗ്രൂപ്പിന്റേതായി മാറി.