ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്ക് നഗരത്തിലെ ചൈനാടൗണ്‍ പരിസരത്ത് അനധികൃത വ്യാപാര കേന്ദ്രങ്ങളില്‍ ഐസിഇ നേതൃത്വത്തില്‍ പരിശോധന നടത്തി. അനധികൃത കുടിയേറ്റക്കാരുടെ സ്ഥാപനങ്ങളിലാണ് ചൊവ്വാഴ്ച ഫെഡറല്‍ ഏജന്റുമാര്‍ സംയുക്ത ഇമിഗ്രേഷന്‍, കസ്റ്റംസ് എന്‍ഫോഴ്‌സ്‌മെന്റ് നടപടി സ്വീകരിച്ചതെന്ന് ഒരു നിയമ നിര്‍വ്വഹണ ഉദ്യോഗസ്ഥന്‍ പറഞ്ഞു.
ലോവര്‍ മാന്‍ഹട്ടനിലെ ഷോപ്പിംഗിനുള്ള ഒരു പ്രധാന കേന്ദ്രമായ കനാല്‍ സ്ട്രീറ്റില്‍ നിയമ നിര്‍വ്വഹണ ഉദ്യോഗസ്ഥരുടെ വലിയ കൂട്ടം തന്നെ പരിശോധനയ്ക്ക് എത്തിയിരുന്നു.
വ്യാജ ഉത്പന്നങ്ങളുടെ വില്പനയ്ക്ക് പേരുകേട്ട പ്രദേശത്ത് നിയമ നിര്‍വ്വഹണ ഉദ്യോഗസ്ഥര്‍ പരിശോധന ആരംഭിച്ചതറിഞ്ഞ് കച്ചവടക്കാര്‍ അവരുടെ മേശകള്‍ പായ്ക്ക് ചെയ്ത് ഒടിപ്പോകാന്‍ ശ്രമിച്ചുവെന്ന് എബിസിയുടെ ന്യൂയോര്‍ക്ക് സ്‌റ്റേഷന്‍ WABC റിപ്പോര്‍ട്ട് ചെയ്തു.
രഹസ്യ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ 'വ്യാജ വസ്തുക്കള്‍ വില്‍ക്കുന്നതുമായി ബന്ധപ്പെട്ട ക്രിമിനല്‍ പ്രവര്‍ത്തനങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിച്ച്' ഒന്നിലധികം ഏജന്‍സികളില്‍ നിന്നുള്ള ഐസിഇ-യും ഫെഡറല്‍ പങ്കാളികളും പരിശോധന നടത്തി എന്ന് അസിസ്റ്റന്റ് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഹോംലാന്‍ഡ് സെക്യൂരിറ്റി സെക്രട്ടറി ട്രീഷ്യ മക്‌ലോഫ്‌ലിന്‍ ഒരു പ്രസ്താവനയില്‍ പറഞ്ഞു.
അറസ്റ്റിലായവരെക്കുറിച്ചുള്ള വിശദാംശങ്ങള്‍ ലഭ്യമാകുന്ന മുറയ്ക്ക് പുറത്തുവിടുമെന്ന് മക്‌ലോഫ്‌ലിന്‍ പറഞ്ഞു.
ഐസിഇ ഓപ്പറേഷനെത്തുടര്‍ന്ന്, പ്രദേശത്ത് പ്രതിഷേധക്കാര്‍ തടിച്ചുകൂടി. ഒരു ഫെഡറല്‍ ഓഫീസറെ ആക്രമിച്ചതിന് ഒരു 'കലാപകാരി' അറസ്റ്റിലായതായി മക്‌ലോഫ്‌ലിന്‍ പറഞ്ഞു.
'ഈ നിയമ നിര്‍വ്വഹണ ഓപ്പറേഷന്‍ തടയുന്നതിനായി കലാപകാരികള്‍ അസഭ്യം വിളിക്കുകയും അക്രമാസക്തരായി വാഹനങ്ങള്‍ തടയുകയും നിയമ നിര്‍വ്വഹണ ഉദ്യോഗസ്ഥരെ ആക്രമിക്കുകയും ചെയ്തുവെന്ന് ഉദ്യോഗസ്ഥ പറഞ്ഞു.
റെയ്ഡില്‍ പങ്കില്ലെന്ന് ന്യൂയോര്‍ക്ക് നഗരാധികൃതര്‍
പ്രതിഷേധങ്ങളെക്കുറിച്ച് അറിഞ്ഞ് നിലവിലുള്ള സ്ഥിതിഗതികള്‍ നിരീക്ഷിക്കാന്‍ സിറ്റി ഹാളിലെ മുതിര്‍ന്ന അഡ്മിനിസ്‌ട്രേഷന്‍ ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തിയിരുന്നു.
'ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് മാന്‍ഹട്ടനിലെ കനാല്‍ സ്ട്രീറ്റില്‍ നടന്ന ഫെഡറല്‍ നിയമ നിര്‍വ്വഹണ നടപടിയെക്കുറിച്ച് മനസ്സിലാക്കി കൂടുതല്‍ വിശദാംശങ്ങള്‍ ശേഖരിക്കുകയാണെന്ന് നഗരാധികൃതര്‍ പറഞ്ഞു. പ്രാദേശിക നിയമങ്ങള്‍ക്കനുസൃതമായി, സിവില്‍ നാടുകടത്തല്‍ കാര്യങ്ങളില്‍ ഫെഡറല്‍ നിയമ നിര്‍വ്വഹണവുമായി ഒരിക്കലും സഹകരിക്കുന്നില്ലെന്നും ഈ വിഷയത്തില്‍ തങ്ങള്‍ക്ക് യാതൊരു പങ്കുമില്ലെന്നും സിറ്റി ഹാളിന്റെ വക്താവ് എബിസി ന്യൂസിന് നല്‍കിയ പ്രസ്താവനയില്‍ പറഞ്ഞു.
'അമേരിക്കന്‍ സ്വപ്നം പിന്തുടരാന്‍ ശ്രമിക്കുന്ന രേഖകളില്ലാത്ത ന്യൂയോര്‍ക്കുകാര്‍ നിയമ നിര്‍വ്വഹണത്തിന്റെ ലക്ഷ്യമാകരുതെന്നും, പകരം അക്രമാസക്തരായ കുറ്റവാളികളില്‍ ശ്രദ്ധ കേന്ദ്രീകരിച്ചാവണം പരിശോധനകളെന്നും മേയര്‍ ആഡംസ്് വ്യക്തമാക്കിയിരുന്നുവെന്ന് പ്രസ്താവന കൂട്ടിച്ചേര്‍ത്തു.
സാഹചര്യങ്ങള്‍ രൂക്ഷമാവുകയും ഒരു വ്യക്തി നിയമപരമായ നിയമ നിര്‍വ്വഹണ നടപടിയെ ആക്രമിക്കുകയോ ഇടപെടുകയോ ചെയ്താല്‍, ന്യൂയോര്‍ക്ക് സിറ്റി പോലീസ് ഡിപ്പാര്‍ട്ട്‌മെന്റിനോട് ഇടപെടാന്‍ മേയര്‍ എറിക് ആഡംസ് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
'ഇന്ന് ഉച്ചയ്ക്ക് കനാല്‍ സ്ട്രീറ്റില്‍ നടന്ന ഫെഡറല്‍ ഓപ്പറേഷനില്‍ തങ്ങള്‍ക്ക് പങ്കില്ലെന്ന്' ചൊവ്വാഴ്ച നേരത്തെ ന്യൂയോര്‍ക്ക് പൊലീസ് ഡിപ്പാര്‍ട്ട്‌മെന്റ് ഒദ്യോഗിക എക്‌സ് പോസ്റ്റില്‍ പറഞ്ഞിരുന്നു.
ന്യൂയോര്‍ക്ക് നഗരത്തിലെ ചൈനാ ടൗണ്‍ പരിസരത്തെ അനധികൃത കച്ചവടകേന്ദ്രങ്ങളില്‍ പരിശോധന; പ്രതിഷേധക്കാരെ അറസ്റ്റുചെയ്തു
