ബര്‍ലെസണ്‍ (ടെക്‌സാസ്) : പ്രത്യേക പരിഗണന ആവശ്യമുള്ള മകന്‍ ജോനത്തന്‍ കിന്‍മാനെ (26) വീട്ടുമുറ്റത്ത് കുഴിച്ചിട്ട നോര്‍ത്ത് ടെക്‌സസ് ദമ്പതികളായ ഡിസംബര്‍ മിച്ചല്‍, ജോനത്തന്‍ മിച്ചല്‍ എന്നിവരെ മകന്റെ മരണവുമായി ബന്ധപ്പെട്ട് കേസുകള്‍ ചുമത്തി അറസ്റ്റുചെയ്തു.
ഒക്ടോബര്‍ 14ന് ഫോര്‍ട്ട് വര്‍ത്തിന് തെക്ക് ബര്‍ലെസണിലെ വൈറ്റ് ഓക്ക് ലെയ്‌നിലുള്ള ഒരു വീട്ടില്‍ പോലിസ് നടത്തിയ ക്ഷേമ പരിശോധനയ്ക്ക് ശേഷം 26 വയസ്സുള്ള പ്രത്യേക പരിഗണന ആവശ്യമുള്ള ഒരാളെ കുടുംബത്തിന്റെ വീടിന് പിന്നിലെ ആഴം കുറഞ്ഞ കുഴിമാടത്തില്‍ കുഴിച്ചിട്ട നിലയില്‍ കണ്ടെത്തിയതായി ബര്‍ലെസണ്‍ പോലീസ് പറഞ്ഞു. മൃതദേഹം പുറത്തെടുത്ത് ടാരന്റ് കൗണ്ടി മെഡിക്കല്‍ എക്‌സാമിനറുടെ ഓഫീസിലേക്ക് കൊണ്ടുപോയി. മരണകാരണം ഇതുവരെ കണ്ടെത്തിയിട്ടില്ല.
സംഭവത്തെക്കുറിച്ച് ഇരയുടെ അമ്മ ഡിസംബര്‍ മിച്ചല്‍ പരസ്പരവിരുദ്ധമായ വിവരങ്ങളാണ് നല്‍കിയതെന്ന് പോലീസ് പറഞ്ഞു.
മനുഷ്യശരീരം നശിപ്പിക്കുക എന്ന ഉദ്ദേശത്തോടെ പ്രവര്‍ത്തിച്ചതിനുള്ള കുറ്റങ്ങളാണ് ദമ്പതികള്‍ക്കുമേല്‍ ഇപ്പോള്‍ ചുമത്തി അറസ്റ്റുചെയ്തിട്ടുള്ളത്. മരണകാരണം മെഡിക്കല്‍ എക്‌സാമിനര്‍ ഇനിയും വ്യക്തമാക്കിയിട്ടില്ല. കൂടുതല്‍ കുറ്റങ്ങള്‍ ചുമത്താനുള്ള സാധ്യതയും ഉണ്ട്.
പ്രത്യേക പരിഗണന ആവശ്യമുള്ള മകനെ വീട്ടുമുറ്റത്ത് കുഴിച്ചിട്ട നോര്‍ത്ത് ടെക്‌സസ് ദമ്പതികള്‍ അറസ്റ്റില്‍
