കാപ്പി തയാറാകുന്നതിന് മുമ്പേ പാൽ വീട്ടിലെത്തും; ഇന്ത്യയിൽ 'മിനിറ്റ് ഡെലിവറി' വിപ്ലവം

കാപ്പി തയാറാകുന്നതിന് മുമ്പേ പാൽ വീട്ടിലെത്തും; ഇന്ത്യയിൽ 'മിനിറ്റ് ഡെലിവറി' വിപ്ലവം


ബെംഗളുരുവിൽ താമസിക്കുന്ന അക്കൗണ്ടന്റായ നെഹ ശർമ ജോലി സംബന്ധമായ ഓൺലൈൻ മീറ്റിംഗിനിടെയാണ് രണ്ട് വയസുകാരിക്കുള്ള ഡയപ്പർ തീർന്ന കാര്യം ശ്രദ്ധിച്ചത്. കോൾ തുടരുന്നതിനിടെ തന്നെ മൊബൈൽ ആപ്പിലൂടെ ഓർഡർ നൽകി. ഏതാനും മിനിറ്റുകൾക്കകം ഡയപ്പർ വീട്ടിലെത്തി.

ഇന്ത്യൻ നഗരങ്ങളിൽ വേഗത്തിൽ വ്യാപകമാകുന്ന 'ക്വിക് കൊമേഴ്‌സ്' സേവനങ്ങളുടെ യാഥാർഥ്യമാണ് ഇത്. കാപ്പി തയ്യാറാക്കാൻ എടുക്കുന്ന സമയത്തേക്കാൾ വേഗത്തിൽ പാൽ, പച്ചക്കറി, മരുന്ന്, ഡയപ്പർ തുടങ്ങി ദിവസേന ആവശ്യമായ സാധനങ്ങൾ വീടുകളിലെത്തിക്കുന്ന സേവനങ്ങളാണ് ഇപ്പോൾ വലിയ നഗരങ്ങളിലെ ജീവിതശൈലിയെ മാറ്റിമറിക്കുന്നത്.

ബ്ലിങ്കിറ്റ് (Blinkti), സെപ്‌റ്റോ (Zepto), സ്വിഗ്ഗിയുടെ (Swiggy) ഇൻസ്റ്റമാർട്ട് പോലുള്ള പ്ലാറ്റ്‌ഫോമുകളാണ് ഈ രംഗത്ത് ശക്തമായ മത്സരം നടത്തുന്നത്. 10 മുതൽ 15 മിനിറ്റിനുള്ളിൽ സാധനങ്ങൾ എത്തിക്കുമെന്ന വാഗ്ദാനമാണ് ഉപഭോക്താക്കളെ ആകർഷിക്കുന്നത്.

നഗരങ്ങളിൽ ചെറു ഗോഡൗണുകൾ സ്ഥാപിച്ച് അവിടെ നിന്നാണ് കമ്പനികൾ അതിവേഗ ഡെലിവറി നടത്തുന്നത്. ഓഫിസുകളിൽ ജോലി ചെയ്യുന്നവർക്കും തിരക്കേറിയ നഗരജീവിതത്തിനും ഈ സേവനങ്ങൾ ഏറെ സഹായകരമായി മാറിയിരിക്കുകയാണ്.

ഇന്ത്യയിലെ ഡിജിറ്റൽ പേയ്‌മെന്റ് വളർച്ചയും സ്മാർട്ട്‌ഫോൺ ഉപയോഗവും ഈ മേഖലയുടെ വളർച്ചയ്ക്ക് വലിയ പിന്തുണയായി. യുവജനങ്ങളും നഗര മധ്യവർഗവും ഇപ്പോൾ ദിവസേനയുള്ള ചെറിയ ആവശ്യങ്ങൾക്കുപോലും ഇത്തരം ആപ്പുകളെ ആശ്രയിക്കുന്ന സ്ഥിതിയാണ്.

അതേസമയം, ഈ അതിവേഗ ഡെലിവറി മാതൃക തൊഴിലാളികളിൽ അമിത സമ്മർദ്ദം സൃഷ്ടിക്കുന്നുവെന്ന വിമർശനവും ഉയരുന്നുണ്ട്. കുറഞ്ഞ സമയപരിധിക്കുള്ളിൽ ഓർഡറുകൾ എത്തിക്കേണ്ടതിന്റെ പേരിൽ ഡെലിവറി തൊഴിലാളികൾ അപകടകരമായ രീതിയിൽ വാഹനമോടിക്കേണ്ടിവരുന്നുവെന്നാണ് തൊഴിലാളി സംഘടനകളുടെ ആരോപണം.

എന്നാൽ നഗര ഇന്ത്യയുടെ ഉപഭോക്തൃ സംസ്‌കാരത്തിൽ വലിയ മാറ്റം സൃഷ്ടിച്ചിരിക്കുകയാണ് ഈ 'മിനിറ്റ് ഡെലിവറി' വിപ്ലവം. വീട്ടിൽ സാധനം തീരുന്നത് ഇനി വലിയ പ്രശ്‌നമല്ല; മൊബൈലിൽ ഒരു ക്ലിക്ക് മതി, ഏതാനും മിനിറ്റുകൾക്കകം സാധനം വീട്ടുപടിക്കലെത്തും.