വ്യാപാര കമ്മി നികത്താന്‍ ഇന്ത്യ യുഎസില്‍ നിന്ന് സ്വര്‍ണ്ണം, വെള്ളി ഇറക്കുമതി പരിഗണിക്കുന്നു

വ്യാപാര കമ്മി നികത്താന്‍ ഇന്ത്യ യുഎസില്‍ നിന്ന് സ്വര്‍ണ്ണം, വെള്ളി ഇറക്കുമതി പരിഗണിക്കുന്നു


ന്യൂഡല്‍ഹി: ഇന്ത്യയുമായുള്ള വ്യാപാരക്കമ്മിയില്‍ വാഷിംഗ്ടണിന് ആശങ്കയുണ്ടെന്ന പരാതി പരിഹരിക്കുന്നതിനായി അമേരിക്കയില്‍ നിന്ന് സ്വര്‍ണവും വെള്ളി, പ്ലാറ്റിനം, വിലയേറിയ കല്ലുകള്‍ എന്നിവയുള്‍പ്പെടെ ഉയര്‍ന്ന മൂല്യമുള്ള മറ്റ് വസ്തുക്കളും ഇറക്കുമതി ചെയ്യുന്നതിനെക്കുറിച്ച് ഇന്ത്യ ആലോചിക്കുന്നു. ഈ വിഷയവുമായി ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ച് ഹിന്ദുസ്ഥാന്‍ ടൈംസ് ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്.

യു എസുമായുള്ള ഉഭയകക്ഷി വ്യാപാര കമ്മി നികത്തുന്നതിനുള്ള ഒരു മാര്‍ഗമാണ് വ്യാപാര വൈവിധ്യവല്‍ക്കരണമെന്ന് വൃത്തങ്ങള്‍ അറിയിച്ചു. നടന്നുകൊണ്ടിരിക്കുന്ന ഒരു ഉഭയകക്ഷി വ്യാപാര കരാറിന്റെ (ബി ടി എ) ചര്‍ച്ചകളുടെ ഭാഗമായി, പരസ്പര നേട്ടങ്ങള്‍ക്കായി രണ്ട് രാജ്യങ്ങളും വിതരണ ശൃംഖല സംയോജനം പരിഗണിക്കുന്നു. ബി ടി എ പ്രകാരം, വിലയേറിയ ലോഹങ്ങള്‍ക്കും പൂര്‍ത്തിയായ ആഭരണങ്ങള്‍ക്കും ഇളവ് തീരുവകള്‍ ഇരുവര്‍ക്കും ഗുണകരമാകുമെന്ന് അവര്‍ പറഞ്ഞു

സ്വര്‍ണം, വെള്ളി, പ്ലാറ്റിനം എന്നിവയുടെ മുന്‍നിര ഉല്‍പ്പാദകരില്‍ യു എസ് മുന്‍പന്തിയിലാണ്. ഇന്ത്യയ്ക്ക് യുഎസില്‍ നിന്ന് ഈ വിലയേറിയ വസ്തുക്കളുടെ ഗണ്യമായ അളവ് എളുപ്പത്തില്‍ ലഭ്യമാക്കാന്‍ കഴിയും,' പേരു വെളിപ്പെടുത്താനഗ്രഹിക്കാത്ത വാര്‍ത്താ ഉറവിടം പറഞ്ഞു. ഈ സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ 11 മാസങ്ങളില്‍ ( ഏപ്രില്‍ 2024 മുതല്‍ ഫെബ്രുവരി 2025 വരെ ) സ്വര്‍ണ്ണവും രത്‌നങ്ങളും ഉള്‍പ്പെടെയുള്ള വിലയേറിയ ലോഹങ്ങളുടെ ഇന്ത്യയുടെ മൊത്തം ഇറക്കുമതി 74 ബില്യണ്‍ ഡോളര്‍ കവിഞ്ഞിരുന്നു.

202324 ല്‍ ഇന്ത്യ 74.81 ബില്യണ്‍ ഡോളറിന്റെ ഇതേ ഇനങ്ങള്‍ ഇറക്കുമതി ചെയ്തിരുന്നു. ഇതില്‍ ഏകദേശം 5 ബില്യണ്‍ ഡോളര്‍ ഇറക്കുമതി യു എസില്‍ നിന്നായിരുന്നു. അസംസ്‌കൃത എണ്ണയ്ക്ക് പുറമേ, അമേരിക്കന്‍ സ്വര്‍ണ്ണം, വിലയേറിയ ലോഹങ്ങള്‍, രത്‌നക്കല്ലുകള്‍ തുടങ്ങിയ ഉയര്‍ന്ന മൂല്യമുള്ള വസ്തുക്കളുടെ ഇറക്കുമതി ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാരം സന്തുലിതമാക്കാന്‍ തീര്‍ച്ചയായും സഹായിക്കുമെന്ന് വൃത്തങ്ങള്‍ പറഞ്ഞു.

'ഇന്ത്യയ്ക്ക് 26% പരസ്പര താരിഫ് ചുമത്തുന്നതിനുള്ള പ്രധാന കാരണങ്ങളിലൊന്നായ വ്യാപാര കമ്മിയില്‍ യുഎസിന് അതൃപ്തിയുണ്ട്. ബി ടി എ ഇത് ഉചിതമായി പരിഹരിക്കുമെന്ന് പ്രതീക്ഷിക്കുന്നു.' സ്രോതസ് വെളിപ്പെടുത്തി. അതേസമയം വ്യാപാര, സാമ്പത്തിക ബന്ധങ്ങളുടെ മേഖലയില്‍ ഇരുവരും വളരെ ശക്തമായ പങ്കാളികളാണെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.