യു.എസിന്റെ തീരുവ ഭീഷണികള്‍ക്കിടയിലും ഇന്ത്യയിലേക്ക് റഷ്യന്‍ ഇന്ധനം ഒഴുകുന്നതായി കണക്കുകള്‍. ഇക്കഴിഞ്ഞ സെപ്റ്റംബറില്‍ ഇന്ത്യ ഏറ്റവുമധികം ഇന്ധന ഇറക്കുമതി നടത്തിയത് റഷ്യയില്‍ നിന്നാണ്. ആകെ ക്രൂഡ് ഇറക്കുമതിയുടെ 33.3% റഷ്യന്‍ ഇന്ധനമാണ്. അതേ സമയം 2025 ആഗസ്റ്റ് മാസവുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഇന്ത്യയുടെ റഷ്യന്‍ ഇന്ധന പര്‍ച്ചേസില്‍ നേരിയ തോതില്‍ കുറവു വന്നിട്ടുണ്ട്. ഇതിനിടെ മിഡില്‍ ഈസ്റ്റ് രാജ്യങ്ങളില്‍ നിന്നടക്കം ഇന്ധന പര്‍ച്ചേസ് നടത്തി ബാലന്‍സ് നില നിര്‍ത്താനും ഇന്ത്യ ശ്രദ്ധിക്കുന്നുണ്ട്.
ഗ്ലോബല്‍ റിയല്‍ ടൈം ഡാറ്റ അനലിറ്റിക്‌സ് പ്രൊവൈഡറായ കെപ്ലര്‍ നല്‍കുന്ന ഡാറ്റ പ്രകാരം ഇന്ത്യ, സെപ്റ്റംബറില്‍ പ്രതിദിനം 1.6 മില്യണ്‍ ബാരല്‍ റഷ്യന്‍ ക്രൂഡ് ഓയിലാണ് ഇറക്കുമതി നടത്തിയത്. 2025 ആഗസ്റ്റിലെ 1.7 മില്യണ്‍ ബാരല്‍ എന്ന തോതിനേക്കാള്‍ കുറവാണിത്. അതേ സമയം സെപ്റ്റംബറില്‍ റഷ്യയില്‍ നിന്നുള്ള ആകെ ഓയില്‍ ഇറക്കുമതി ആഗസ്റ്റിലേതിനേക്കാള്‍ 6% ഉയരത്തിലാണ്.
2025 ജൂണില്‍ പ്രതിദിനം 2.1 മില്യണ്‍ ബാരല്‍ എന്ന തോതില്‍ റെക്കോര്‍ഡ് ഇറക്കുമതിയാണ് നടന്നത്. 2025 വര്‍ഷത്തിലെ ആദ്യ 8 മാസങ്ങളില്‍ ഇറക്കുമതി നടത്തിയ ശരാശരി ക്രൂഡ് ഓയില്‍ വോളിയത്തേക്കാള്‍ കുറവാണ്, കഴിഞ്ഞ സെപ്റ്റംബറില്‍ നടന്ന 190,000 ബാരല്‍ ഇറക്കുമതി.
റഷ്യയില്‍ നിന്നും ഇന്ത്യയിലേക്ക് ചരക്ക് നീക്കത്തിനുള്ള ചിലവ് ഇറക്കുമതിയെ സ്വാധീനിക്കാറുണ്ടെന്നും കെപ്ലര്‍ വിലയിരുത്തുന്നു. എന്നാല്‍ ഇത് ഇറക്കുമതി വോളിയത്തില്‍ കുറവു വരുത്തിയിട്ടില്ല. സെപ്റ്റംബര്‍ അവസാന വാരത്തോടെ റഷ്യന്‍ ക്രൂഡ് ഡിസ്‌കൗണ്ടില്‍ നേരിയ തോതില്‍ താഴ്ച്ചയുണ്ടാവുകയാണ് ചെയ്തത്.
ഈ സാഹചര്യത്തില്‍ മാര്‍ജിനല്‍ സ്‌പോട് പര്‍ച്ചേസുകള്‍ കുറയുകയും, വൈകിയുള്ള ഷിപ്‌മെന്റിനുള്ള കരാറുകള്‍ വര്‍ധിക്കുകയും ചെയ്തു. കാര്യങ്ങള്‍ ഇങ്ങനെയെങ്കിലും ഇന്ത്യന്‍ എണ്ണക്കമ്പനികളെ സംബന്ധിച്ച് നിലവില്‍ താരതമ്യേന ഏറ്റവുമധികം ലാഭം (ഏണജ മാര്‍ജിന്‍) ലഭിക്കുന്നത് റഷ്യന്‍ ഇന്ധന ഇറക്കുമതിയിലൂടെയാണ്.
ഇറക്കുമതിച്ചെലവ് ഉയരുകയാണെങ്കില്‍ സെപ്റ്റംബറുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഈ മാസം ഇറക്കുമതി നിലവാരം ഫ്‌ലാറ്റ് ആയിരിക്കുമെന്നും കെപ്ലര്‍ വിലയിരുത്തുന്നു
എന്നാല്‍ ഇതിനിടെ ജിയോപൊളിറ്റിക്കള്‍ കാരണങ്ങളാല്‍ ക്രൂഡ് ഇറക്കുമതി തടസ്സപ്പെടാതിരിക്കാനും ഇന്ത്യ ശ്രദ്ധിക്കുന്നുണ്ട്. കാലങ്ങളായി വിശ്വസ്തരായ മിഡില്‍ ഈസ്റ്റ് സപ്ലൈ രാജ്യങ്ങളില്‍ നിന്ന് താരതമ്യേന കൂടിയ വില നല്‍കിയും ഇന്ധനം ഇറക്കുമതി നടത്തി ബാലന്‍സിങ് നടത്തുകയാണ് ചെയ്യുന്നത്.
കഴിഞ്ഞ മാസം ഇറാഖില്‍ നിന്ന് മാത്രം പ്രതിദിനം 904,000 ബാരല്‍ ക്രൂഡ് ഓയിലാണ് ഇറക്കുമതി നടത്തിയത്. 2025 ആഗസ്റ്റില്‍ ഇത് 730,000 ബാരലുകളായിരുന്നു. കഴിഞ്ഞ സെപ്റ്റംബര്‍, ആഗസ്റ്റ് മാസങ്ങളില്‍ യു.എസില്‍ നിന്നുള്ള ഇന്ധന ഇറക്കുമതി പ്രതിദിനം യഥാക്രമം 212,000, 230,000 ബാരലുകള്‍ എന്ന നിലയിലായിരുന്നു.
2025 സെപ്റ്റംബറില്‍ സൗദി അറേബ്യയില്‍ നിന്ന് പ്രതിദിനം 606,000 ബാരലുകളും, യു.എ.ഇയില്‍ നിന്ന് 609,000 ബാരലുകളും ഇന്ത്യ ഇറക്കുമതി നടത്തി. ഇന്ത്യന്‍ എണ്ണക്കമ്പനികളുടെ ക്രൂഡ് പര്‍ച്ചേസില്‍ റഷ്യയ്ക്കാണ് പ്രമുഖ സ്ഥാനം. എങ്കിലും മിഡില്‍ ഈസ്റ്റ്, അമേരിക്ക, ആഫ്രിക്ക എന്നിവിടങ്ങളില്‍ നിന്നും പര്‍ച്ചേസ് നടത്തി ഇറക്കുമതി വൈവിദ്ധ്യവല്‍ക്കരിക്കാന്‍ കമ്പനികള്‍ ശ്രദ്ധ ചെലുത്തുന്നുണ്ട്
യു.എസിന്റെ തീരുവ ഭീഷണികള്‍ക്കിടയിലും ഇന്ത്യയിലേക്ക് റഷ്യന്‍ ഇന്ധനം ഒഴുകുന്നതായി കണക്കുകള്‍.
