വെനസ്വേലയില്‍ നിന്നുള്ള എണ്ണ ഇറക്കുമതി പുനരാരംഭിക്കാന്‍ റിലയന്‍സ് ഇന്‍ഡസ്ട്രീസിന് അമേരിക്കയുടെ അനുമതി

വെനസ്വേലയില്‍ നിന്നുള്ള എണ്ണ ഇറക്കുമതി പുനരാരംഭിക്കാന്‍ റിലയന്‍സ് ഇന്‍ഡസ്ട്രീസിന് അമേരിക്കയുടെ അനുമതി


മുംബൈ: നിലവിലുള്ള ഉപരോധങ്ങള്‍ക്കിടയിലും വെനസ്വേലയില്‍ നിന്നുള്ള എണ്ണ ഇറക്കുമതി പുനരാരംഭിക്കാന്‍ റിലയന്‍സ് ഇന്‍ഡസ്ട്രീസിന് അമേരിക്കയുടെ അനുമതി ലഭിച്ചു. ഈ നടപടികള്‍ക്ക് തീരുമാനമായതായി സ്ഥിതിഗതികള്‍ പരിചയമുള്ള ഒരു സ്രോതസ്സ് അറിയിച്ചതായി ബ്ലൂംബെര്‍ഗ് ബുധനാഴ്ച റിപ്പോര്‍ട്ട് ചെയ്തു.

യുഎസ് ട്രഷറി ഡിപ്പാര്‍ട്ട്‌മെന്റും  റിലയന്‍സും ഇതുവരെ ഈ വിഷയത്തില്‍ പ്രതികരിച്ചിട്ടില്ല.

2019ല്‍ വെനസ്വേലയ്ക്ക് മേല്‍ യുഎസ് എണ്ണ ഉപരോധം ഏര്‍പ്പെടുത്തുന്നതിന് മുമ്പ്, ചൈനയുടെ സിഎന്‍പിസി കഴിഞ്ഞാല്‍ വെനസ്വേലയുടെ ക്രൂഡ് ഓയില്‍ ഏറ്റവും കൂടുതല്‍ വാങ്ങുന്ന രണ്ടാമത്തെ കമ്പനിയായിരുന്നു റിലയന്‍സ്.

 ഒക്ടോബറില്‍ ഉപരോധം ലഘൂകരിച്ചതിനെത്തുടര്‍ന്ന് റിലയന്‍സ് ഉള്‍പ്പെടെയുള്ള ഇന്ത്യന്‍ റിഫൈനറുകള്‍ക്ക് യുഎസ് ട്രഷറി ലൈസന്‍സ് നിഷേധിച്ചതിനെ തുടര്‍ന്ന് മെയ് മാസത്തില്‍, വെനസ്വേലയില്‍ നിന്ന് അസംസ്‌കൃത എണ്ണ ഇറക്കുമതി ചെയ്യാനുള്ള അനുമതിക്കായി റിലയന്‍സ് യുഎസിന് വീണ്ടും അപേക്ഷ സമര്‍പ്പിച്ചു.

ജൂണില്‍ വീണ്ടും ഉപരോധം ഏര്‍പ്പെടുത്തിയിട്ടും ഇന്ത്യന്‍ റിഫൈനറികള്‍ ഇടനിലക്കാര്‍ വഴി വെനസ്വേലന്‍ എണ്ണ വാങ്ങുന്നത് തുടര്‍ന്നു.

കൂടാതെ, വെനസ്വേലയില്‍ നിന്ന് അസംസ്‌കൃത എണ്ണ എടുക്കുന്നതിന് ഇന്ത്യയുടെ ഓയില്‍ ആന്‍ഡ് നാച്ചുറല്‍ ഗ്യാസ് കോര്‍പ്പറേഷന്‍ യുഎസ് ഓഫീസ് ഓഫ് ഫോറിന്‍ അസറ്റ്‌സ് കണ്‍ട്രോളില്‍ നിന്ന് ഇളവ് ആവശ്യപ്പെട്ടതായി വ്യവസായ വൃത്തങ്ങള്‍ അറിയിച്ചു.

വെനസ്വേലയ്ക്ക് ഉപരോധം

ഒക്ടോബര്‍ മുതല്‍ വെനസ്വേലയ്‌ക്കെതിരായ ഉപരോധം ഭാഗികമായി ലഘൂകരിച്ച ലൈസന്‍സ് പുതുക്കില്ലെന്ന് 2024 ഏപ്രില്‍ 18 ന് ബൈഡന്‍ ഭരണകൂടം പ്രഖ്യാപിച്ചു. വെനസ്വേലന്‍ സര്‍ക്കാരും ബാര്‍ബഡോസിലെ പ്രതിപക്ഷവും തമ്മിലുള്ള യുഎസ് പിന്തുണയുള്ള തിരഞ്ഞെടുപ്പ് കരാറിന്റെ ഭാഗമായിരുന്നു ഈ ലൈസന്‍സ്.

വെനസ്വേലന്‍ പ്രസിഡന്റ് നിക്കോളാസ് മഡുറോയും അദ്ദേഹത്തിന്റെ പ്രതിനിധികളും തിരഞ്ഞെടുപ്പ് കരാര്‍ പ്രകാരം നല്‍കിയ വാഗ്ദാനങ്ങള്‍ പൂര്‍ണ്ണമായും പാലിച്ചിട്ടില്ലെന്ന് യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് വക്താവ് മാത്യു മില്ലര്‍ പറഞ്ഞു. തത്ഫലമായി, വെനസ്വേലയുമായുള്ള എണ്ണ, വാതക മേഖലയുമായി ബന്ധപ്പെട്ട ഇടപാടുകള്‍ക്ക് അനുമതി നല്‍കിയ ജനറല്‍ ലൈസന്‍സ്-44,  അര്‍ദ്ധരാത്രിയോടെ റദ്ദാക്കാനും  അത് പുതുക്കാതിരിക്കാനും തീരുമാനിച്ചിരുന്നു.

സമയപരിധി അടുത്തിനാല്‍, യുഎസ് ട്രഷറി ഡിപ്പാര്‍ട്ട്‌മെന്റ് ഒരു പുതിയ ലൈസന്‍സ് നല്‍കുകയും വെനസ്വേലയിലെ എണ്ണ, വാതക മേഖലയിലെ പ്രവര്‍ത്തനങ്ങളും ഇടപാടുകളും അവസാനിപ്പിക്കാന്‍ കമ്പനികളെ 45 ദിവസം അനുവദിക്കുകയും ചെയ്തിരിക്കുകയാണ്.