കാര്‍ഗില്‍ യുദ്ധത്തിലെ പങ്ക് സമ്മതിച്ച് പാകിസ്താന്‍ സൈന്യം

കാര്‍ഗില്‍ യുദ്ധത്തിലെ പങ്ക് സമ്മതിച്ച് പാകിസ്താന്‍ സൈന്യം


റാവല്‍പിണ്ടി: ഇരുപത്തിയഞ്ച് വര്‍ഷത്തിനിടെ ആദ്യമായി കാര്‍ഗില്‍ യുദ്ധത്തിലെ തങ്ങളുടെ പങ്കാളിത്തം പാകിസ്ഥാന്‍ സൈന്യം ഔദ്യോഗികമായി സമ്മതിച്ചു. റാവല്‍പിണ്ടിയില്‍ നടന്ന പ്രതിരോധ ദിന പരിപാടിയില്‍ പാകിസ്ഥാന്‍ സൈനിക മേധാവി ജനറല്‍ അസിം മുനീര്‍ 1965, 1971 യുദ്ധങ്ങളിലും കാര്‍ഗില്‍ പോരാട്ടത്തിലും സൈനികര്‍ നടത്തിയ ത്യാഗത്തെക്കുറിച്ച് സംസാരിച്ചു.

'1948, 1965, 1971 ലെ പാക്- ഇന്ത്യ യുദ്ധങ്ങള്‍, കാര്‍ഗില്‍ അല്ലെങ്കില്‍ സിയാച്ചിന്‍ സംഘര്‍ഷം എന്നിവയായാലും, ആയിരക്കണക്കിന് രക്തസാക്ഷികള്‍ രാജ്യത്തിന്റെ സുരക്ഷയ്ക്കും അഭിമാനത്തിനും വേണ്ടി ത്യാഗം സഹിച്ചു' എന്നാണ്  ജനറല്‍ അസിം മുനീര്‍ പറഞ്ഞത്. ഇന്ത്യയുമായി പാക്കിസ്ഥാന്‍ നടത്തിയ മറ്റ് മൂന്ന് യുദ്ധങ്ങള്‍ക്കൊപ്പം കാര്‍ഗിലിനെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ പരാമര്‍ശം പാകിസ്ഥാന്‍ സൈന്യത്തിന്റെ 'രക്തസാക്ഷികളുടെ ത്യാഗങ്ങള്‍ക്ക്' അദ്ദേഹം നല്‍കിയ ആദരവ് എടുത്തുകാട്ടുന്നു.

കാര്‍ഗില്‍ പോരാട്ടത്തിന് തുടക്കം കുറിച്ചത് തങ്ങളുടെ സൈന്യത്തിന് പകരം 'മുജാഹിദീന്‍ അല്ലെങ്കില്‍ സ്വാതന്ത്ര്യ സമര സേനാനികള്‍' ആണെന്ന് മുമ്പ് പാകിസ്ഥാന്‍ അവകാശപ്പെട്ടിരുന്നു. ലഡാക്കില്‍ ഏകദേശം മൂന്ന് മാസത്തെ തീവ്രമായ പോരാട്ടത്തിന് ശേഷം നിര്‍ണായകമായ ടൈഗര്‍ ഹില്‍ ഉള്‍പ്പെടെയുള്ള നിയന്ത്രണ രേഖയുടെ ഇന്ത്യന്‍ ഭാഗത്ത് നുഴഞ്ഞുകയറ്റക്കാര്‍ കൈവശപ്പെടുത്തിയ തന്ത്രപ്രധാന സ്ഥാനങ്ങള്‍ ഇന്ത്യന്‍ സേന വിജയകരമായി തിരിച്ചുപിടിച്ചതിനാല്‍ യുദ്ധം പാകിസ്ഥാന് വലിയ തിരിച്ചടിയായി.

കാര്‍ഗില്‍ സെക്ടറില്‍ നിന്ന് പാകിസ്ഥാന്‍ സൈനികരെ പിന്‍വലിക്കാന്‍ ഉത്തരവിടാന്‍ അന്നത്തെ യു എസ് പ്രസിഡന്റ് ബില്‍ ക്ലിന്റണ്‍ അന്നത്തെ പ്രധാനമന്ത്രി നവാസ് ഷെരീഫില്‍ സമ്മര്‍ദ്ദം ചെലുത്തിയതോടെ ഓപ്പറേഷന്‍ പാകിസ്ഥാന് കാര്യമായ പരാജയത്തില്‍ കലാശിച്ചു.

സംഘര്‍ഷം പാക് സൈന്യത്തിന്റെ നേരിട്ടുള്ള ആക്രമണമാണെന്ന് ഇന്ത്യ സ്ഥിരമായി വാദിച്ചിരുന്നു. ആ സമയത്ത് ബെയ്ജിംഗ് സന്ദര്‍ശിച്ചിരുന്ന ജനറല്‍ മുഷറഫും അദ്ദേഹത്തിന്റെ ചീഫ് ഓഫ് ജനറല്‍ സ്റ്റാഫ് ലെഫ്റ്റനന്റ് ജനറല്‍ മുഹമ്മദ് അസീസും മെയ് 26 മുതല്‍ 29 വരെ റാവല്‍പിണ്ടിയില്‍ നടത്തിയ ആശയവിനിമയത്തില്‍ നിന്ന് ഭീകരരെ മറയാക്കി പാകിസ്ഥാന്‍ സേനയുടെ നുഴഞ്ഞുകയറ്റം വ്യക്തമായി. 

രാഷ്ട്രീയ വ്യത്യാസങ്ങള്‍ വിദ്വേഷമായി മാറാന്‍ അനുവദിക്കില്ലെന്ന് ജനറല്‍ മുനീര്‍ തന്റെ പ്രസംഗത്തില്‍ പറഞ്ഞു. സൈന്യവും പൊതുജനങ്ങളും തമ്മിലുള്ള ശക്തമായ ബന്ധം ഭിന്നിപ്പുണ്ടാക്കാന്‍ ശ്രമിക്കുന്ന ശത്രുക്കളെ പ്രതിരോധിക്കാനുള്ള അടിത്തറയുണ്ടാക്കുമെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു. 'പ്രകൃതി ദുരന്തങ്ങള്‍, വിദേശ ശത്രുതകള്‍, അല്ലെങ്കില്‍ തീവ്രവാദത്തിനെതിരായ യുദ്ധം എന്നിവയിലെ രക്ഷാപ്രവര്‍ത്തന വേളയിലും എല്ലാ ശ്രമങ്ങളിലും രാജ്യം സൈന്യത്തെ സ്ഥിരമായി പിന്തുണച്ചിരുന്നു' എന്നും അദ്ദേഹം പറഞ്ഞു.

പാകിസ്ഥാന്‍ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫും സൈന്യത്തിലെ ഉന്നതരും മുതിര്‍ന്ന സൈനികരും സര്‍ക്കാര്‍ ഉദ്യോഗസ്ഥരും സൈനികരുടെ കുടുംബാംഗങ്ങളും ചടങ്ങില്‍ പങ്കെടുത്തു.