നടക്കാത്ത വിപുലീകരണത്തിന് പണം വാങ്ങുന്ന സിയാല്‍

നടക്കാത്ത വിപുലീകരണത്തിന് പണം വാങ്ങുന്ന സിയാല്‍


കൊച്ചി: സില്‍വര്‍ ജൂബിലി വര്‍ഷം ആഘോഷിക്കുന്ന കൊച്ചിന്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡ് (സിയാല്‍) വിപുലീകരണത്തില്‍ കൂടുതല്‍ ശ്രദ്ധയൂന്നിയിരുന്നെങ്കില്‍ വികസനത്തിന്റെ അളവ് ഇപ്പോഴത്തേതിനേക്കാള്‍ എത്രയോ കൂടുതലാകുമായിരുന്നു. കമ്പനിയുടെ ലാഭത്തിന്റെ ഭൂരിഭാഗം ഓഹരി ഉടമകള്‍ക്ക് വിഹിതമായി നല്‍കുന്ന സിയാലിന് യാത്രക്കാരില്‍ നിന്നും വലിയ തുകയാണ് ഫീസായി ലഭിക്കുന്നത്. 

വിമാനത്താവളത്തിന്റെ അടിയന്തര വിപുലീകരണ പദ്ധതികളായ പുതിയ അന്താരാഷ്ട്ര ടെര്‍മിനല്‍, കാര്‍ഗോ കോംപ്ലക്സ് എന്നിവ വളരെ സാവകാശമാണ് പണിയുന്നത്. മാത്രമല്ല രണ്ടാമത്തെ റണ്‍വേ നിര്‍മ്മിക്കാന്‍ കൃത്യമായ പദ്ധതികളും പറഞ്ഞു കേള്‍ക്കുന്നില്ല. ഇന്ത്യന്‍ വ്യോമയാന മേഖലയില്‍ മികച്ച വളര്‍ച്ച കൈവരിക്കാന്‍ രണ്ടാം റണ്‍വേ അത്യാവശ്യമാണ്. 

2022-23 മുതല്‍ സിയാലില്‍ ഉപയോക്തൃ വികസന ഫീസ് ചുമത്തുന്നുണ്ട്. ആഭ്യന്തര വിമാനയാത്രക്കാര്‍ 270 രൂപയും വിദേശ യാത്രക്കാര്‍ ടിക്കറ്റിന് 670 രൂപയുമാണ് അടക്കേണ്ടത്. സിയാലിന്റെ സാമ്പത്തിക വളര്‍ച്ചയില്‍ ഉപയോക്തൃ വികസന ഫീസിന് വലിയ പങ്കുണ്ട്. 

2023 മാര്‍ച്ച് 31-ന് അവസാനിച്ച വര്‍ഷത്തില്‍ സിയാലിന്റെ ലാഭത്തില്‍ 114.59 കോടി രൂപയാണ് ഉപയോക്തൃ വികസന ഫീസ് ഇനത്തില്‍ ലഭിച്ചതെങ്കില്‍ 2023-24 ല്‍ 189.78 കോടി രൂപയായി അത് വര്‍ധിച്ചു. 2023-24ല്‍ വിമാനത്താവളത്തിന്റെ അറ്റാദായം 412.58 കോടി രൂപയാണ്. അതായത് ഉപയോക്തൃ ഫീസിനത്തില്‍ മാത്രം ലഭിച്ച തുക 46 ശതമാനമാണ് സിയാലിന് ലാഭമായി നല്‍കിയത്. 

പിരിച്ചെടുത്ത പണത്തില്‍ നിന്ന് സാധാരണ യാത്രക്കാരുടെ സൗകര്യങ്ങള്‍ മെച്ചപ്പെടുത്താനുള്ള ബാധ്യത സിയാലിനുണ്ടായിരുന്നു. എന്നാല്‍ തങ്ങളുടെ ഗോള്‍ഫ് കോഴ്സിനും പഞ്ചനക്ഷത്ര ഹോട്ടല്‍ നിര്‍മിക്കാനും ബിസിനസ്സ് ജെറ്റ് ടെര്‍മിനല്‍ സ്ഥാപിക്കാനുമാണ് സിയാല്‍ തുനിഞ്ഞത്. 30 കോടി രൂപ മുതല്‍മുടക്കില്‍ നിര്‍മിച്ച ബിസിനസ് ജെറ്റ് ടെര്‍മിനല്‍ വിരലിലെണ്ണാവുന്ന ശതകോടീശ്വരന്മാര്‍ക്ക് വേണ്ടി മാത്രമുള്ളതാണെന്ന ആരോപണവും പിന്നാലെയുണ്ടായി. 

കഴിഞ്ഞ വര്‍ഷം സിയാല്‍ 35 ശതമാനം ലാഭവിഹിതമാണ് നല്‍കിയത്. ഈ വര്‍ഷം ഇത് 45- 50 ശതമാനമായി ഉയര്‍ത്താനാണ് നിര്‍ദ്ദേശം. 

രണ്ടാമത്തെ റണ്‍വേ നിര്‍മ്മിക്കുന്നതിനുള്ള ഭൂമി ഏറ്റെടുക്കല്‍ പോലെ ഭാവി പദ്ധതികള്‍ക്കായി കരുതല്‍ ശേഖരം ഉണ്ടാവേണ്ടത് സിയാലിനെ സംബന്ധിച്ചിടത്തോളം നിര്‍ബന്ധ സംഗതിയാണ്. 

സിയാലിന്റെ മുന്‍ മാനേജിംഗ് ഡയറക്ടര്‍ വി ജെ കുര്യന്‍ രണ്ടാം റണ്‍വേ ഉണ്ടാവേണ്ടതിന്റെ പ്രാധാന്യം ഊന്നിപ്പറഞ്ഞിരുന്നു. 

നിലവില്‍ റണ്‍വേ റീകാര്‍പെറ്റിംഗ് നടത്താന്‍ വിമാന സര്‍വീസുകള്‍ ക്രമീകരിക്കേണ്ടതുണ്ട്. എന്നാല്‍ ഇക്കാര്യങ്ങള്‍ ഭാവിയില്‍ ഒഴിവാക്കാന്‍ രണ്ടാം റണ്‍വേ അത്യാവശ്യമാണ്. അടുത്ത രണ്ട് വര്‍ഷത്തിനുള്ളില്‍ 300- 350 ഏക്കര്‍ ഭൂമി വാങ്ങി സെക്കന്‍ഡറി റണ്‍വേക്ക് ആസൂത്രണം ചെയ്യേണ്ടതുണ്ട്. 2028ലാണ് അടുത്ത റീകാര്‍പെറ്റിംഗ്. നിര്‍ഭാഗ്യവശാല്‍, ദീര്‍ഘകാല വികസനത്തേക്കാള്‍ ഹ്രസ്വകാല നേട്ടങ്ങളിലും ലാഭവിഹിതങ്ങളിലുമാണ് കമ്പനി ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. വികസനത്തേക്കാള്‍ പങ്കാളികള്‍ വ്യക്തിഗത നേട്ടങ്ങള്‍ക്കാണ് മുന്‍ഗണന നല്‍കുന്നതെന്നും മുന്‍ മാനേജിംഗ് ഡയറക്ടര്‍ വി ജെ കുര്യന്‍ ആരോപിച്ചു. 

പ്രൊഫഷണലായി പ്രവര്‍ത്തിക്കുന്ന ഡയറക്ടര്‍ ബോര്‍ഡ് ഇല്ലാത്തതാണ് സിയാലിന്റെ പ്രധാന പ്രശ്നമെന്ന് അണിയറയിലെ ചിലര്‍ കുറ്റപ്പെടുത്തുന്നു. വലിയ ഓഹരി ഉടമകളാല്‍ നിറഞ്ഞ ബോര്‍ഡ് പരമാവധി ലാഭവിഹിതം നേടുക എന്ന താത്പര്യമാണ് പ്രകടിപ്പിക്കുന്നത്. ഏതാനും വന്‍കിടക്കാരുടെ താത്പര്യങ്ങള്‍ക്ക് അനുസൃതമായി സിയാല്‍ യാത്രക്കാരെ പിഴിയുകയാണെന്ന് എയര്‍ലൈന്‍ യൂസേഴ്സ് റൈറ്റ്സ് ആന്‍ഡ് ഗ്രീവന്‍സ് റിഡ്രസല്‍ ഫോറം പ്രസിഡന്റ് ബിജി ഈപ്പന്‍ പറയുന്നു.

എന്നാല്‍ വിമാനത്താവളത്തില്‍ സ്‌കാനറുകളും ഡിജി യാത്രയുമുള്‍പ്പെടെ ഒട്ടേറെ സൗകര്യങ്ങള്‍ നടപ്പാക്കുന്നുണ്ടെന്നാണ് സിയാല്‍ വക്താവ് പറഞ്ഞത്. മാത്രമല്ല താരിഫ് നിശ്ചയിക്കുന്ന എയര്‍പോര്‍ട്ട്‌സ് ഇക്കണോമിക് റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (എ ഇ ആര്‍ എ) ഉപയോക്തൃ വികസന ഫീസിന് അംഗീകാരം നല്‍കിയിട്ടുണ്ടെന്നും തങ്ങള്‍ക്ക് ഏകപക്ഷീയമായി താരിഫ് ചുമത്താന്‍ കഴിയില്ലെന്നും വിശദീകരിച്ചു. 

വന്‍കിട ഗള്‍ഫ് വിമാനക്കമ്പനികളുടെ പിടിയിലാണ് സിയാല്‍ എന്ന ആരോപണവും ചിലര്‍ ഉന്നയിക്കുന്നുണ്ട്. ലണ്ടനിലേക്കുള്ള എയര്‍ ഇന്ത്യ വിമാനം ഒഴികെ കൊച്ചിയില്‍ നിന്ന് യൂറോപ്പിലേക്കും യു എസിലേക്കും നേരിട്ട് വിമാനങ്ങളൊന്നുമില്ല.

ഡല്‍ഹി, മുംബൈ, ബംഗളൂരു, ചെന്നൈ, കൊല്‍ക്കത്ത, ഹൈദരബാദ് വിമാനത്താവളങ്ങള്‍ അതിവേഗം വിപുലീകരിക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. അദാനി ഏറ്റെടുത്തതിന് ശേഷം തിരുവനന്തപുരം വിമാനത്താവളവും വികസനത്തിനുള്ള ശ്രമങ്ങള്‍ നടത്തുന്നുണ്ട്. 

2023- 24 വര്‍ഷത്തില്‍ സിയാല്‍ കൈകാര്യം ചെയ്തത് 105,29,714 യാത്രക്കാരെയാണ്. തൊട്ടുമുമ്പത്തെ സാമ്പത്തിക വര്‍ഷത്തെ അപേക്ഷിച്ച് 18 ശതമാനം വര്‍ധനവാണ് ഇത് കാണിക്കുന്നത്. മുന്‍ വര്‍ഷത്തില്‍ 89,28,984 യാത്രക്കാരാണ് കൊച്ചി വിമാനത്താവളം ഉപയോഗപ്പെടുത്തിയത്. 

2023 വര്‍ഷത്തില്‍ 70,203 എയര്‍ക്രാഫ്റ്റ് മൂവ്‌മെന്റുകളാണ് റെക്കോര്‍ഡ് ചെയ്തത്. 2022- 23 വര്‍ഷത്തില്‍ ഇത് 61,231 എണ്ണമായിരുന്നു. 

ആഭ്യന്തര മേഖലയില്‍ 55.99 ലക്ഷവും അന്താരാഷ്ട്ര തലത്തില്‍ 49.31 ലക്ഷം പേരുമാണ് കൊച്ചി വഴി യാത്ര നടത്തിയത്. നികുതിക്കു ശേഷം സിയാലിന് 384 കോടി രൂപയാണ് ലാഭവിഹിതമായി ലഭിച്ചത്.