ജമ്മു കശ്മീര്‍ ആദ്യഘട്ട വോട്ടെടുപ്പില്‍ 59 ശതമാനം പോളിംഗ്

ജമ്മു കശ്മീര്‍ ആദ്യഘട്ട വോട്ടെടുപ്പില്‍ 59 ശതമാനം പോളിംഗ്


ജമ്മു: ജമ്മു കശ്മീര്‍ നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഒന്നാം ഘട്ടത്തില്‍ പോളിംഗ് 59 ശതമാനം. സംസ്ഥാനത്തിനു പ്രത്യേക പദവി നല്‍കിയിരുന്ന 370-ാം അനുച്ഛേദം നീക്കിയശേഷം നടന്ന ആദ്യ നിയമസഭാ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ടത്തിലെ വോട്ടിംഗ് സമാധാനപരമായിരുന്നു. 

നാലു ലോക്‌സഭാ തെരഞ്ഞെടുപ്പുകളും മൂന്നു നിയമസഭാ തെരഞ്ഞെടുപ്പുകളും ഉള്‍പ്പെടെ അവസാന ഏഴ് തെരഞ്ഞെടുപ്പുകളില്‍ ഈ മണ്ഡലങ്ങളിലെ ഏറ്റവും മികച്ച പോളിങ്ങാണിതെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസര്‍ പി കെ പോലേ അറിയിച്ചു. നിലവില്‍ അഞ്ചു മണി വരെയുള്ള കണക്കാണ് പുറത്തുവന്നത്. വിദൂര ബൂത്തുകളിലെ കണക്കുകള്‍ ലഭ്യമാകുന്നതോടെ പോളിങ് ശതമാനം ഉയരാന്‍ സാധ്യതയുണ്ടെന്നാണ് പ്രതീക്ഷിക്കുന്നത്. 

ഏഴു ജില്ലകളിലായി 24 മണ്ഡലങ്ങളിലായിരുന്നു വോട്ടെടുപ്പ് നടന്നത്. കശ്മീരിലെ 16ഉം ജമ്മുവിലെ എട്ടും മണ്ഡലങ്ങളാണു വിധിയെഴുതിയത്. കിഷ്ത്വാര്‍ ജില്ലയിലാണ് ഏറ്റവും ഉയര്‍ന്ന പോളിങ് രേഖപ്പെടുത്തിയത്- 77 ശതമാനം. ഏറ്റവും കുറവ് പുല്‍വാമയിലായിരുന്നു- 46 ശതമാനം. രണ്ടാംഘട്ട പോളിംഗ് 25ന് നടക്കും. അവസാനഘട്ടം ഒക്ടോബര്‍ ഒന്നിനും നടക്കും.