പലസ്തീനില്‍ ഇസ്രയേല്‍ നടത്തുന്ന അധിനിവേശം ഒരു വര്‍ഷത്തിനകം അവസാനിപ്പിക്കണം: യുഎന്‍ ജനറല്‍ അസംബ്ലി

പലസ്തീനില്‍  ഇസ്രയേല്‍ നടത്തുന്ന അധിനിവേശം  ഒരു വര്‍ഷത്തിനകം അവസാനിപ്പിക്കണം: യുഎന്‍ ജനറല്‍ അസംബ്ലി


ന്യൂയോര്‍ക്: പതിനൊന്ന് മാസത്തിലേറെയായി പലസ്തീനില്‍  ഇസ്രയേല്‍ നടത്തുന്ന അധിനിവേശം ഒരു വര്‍ഷത്തിനകം അവസാനിപ്പിക്കണമെന്ന ആവശ്യവുമായി ഐക്യരാഷ്ട്രസഭ ജനറല്‍ അസംബ്ലി പ്രമേയം പാസാക്കി. 124 പേര്‍ പ്രമേയത്തെ അനുകൂലിച്ചപ്പോള്‍ ഇന്ത്യ ഉള്‍പ്പെടെ 43 രാജ്യങ്ങള്‍ വിട്ടുനിന്നു. അമേരിക്ക, ഇസ്രയേല്‍ ഉള്‍പ്പെടെ പതിനാല് രാജ്യങ്ങള്‍ പ്രമേയത്തെ എതിര്‍ത്ത് വോട്ടുചെയ്തു.

അധിനിവേശം മൂലം പലസ്തീനിലുണ്ടായ നാശനഷ്ടങ്ങള്‍ക്ക് ഇസ്രയേല്‍ നഷ്ടപരിഹാരം നല്‍കണമെന്നും പ്രമേയം ആവശ്യപ്പെട്ടു. അന്താരാഷ്ട്ര നീതിന്യായ കോടതിയുടെ അനുമതിയോടെയാണ് യുഎന്‍ ജനറല്‍ അസംബ്ലി പ്രമേയം അവതരിപ്പിച്ചത്. പലസ്തീന്‍ പ്രസിഡന്റ് മഹ്മൂദ് അബ്ബാസ് പ്രമേയത്തെ സ്വാഗതം ചെയ്തു. ചരിത്രപരമായ നടപടിയെന്നാണ് അദ്ദേഹം നടപടിയെ വിശേഷിപ്പിച്ചത്.

ഇസ്രയേല്‍-ഹമാസ് യുദ്ധമാരംഭിച്ചിട്ട് ഒക്ടോബര്‍ എഴിന് ഒരു വര്‍ഷമാകുകയാണ്. ഇസ്രയേലിനെതിരെ തുടങ്ങിയ യുദ്ധം പിന്നീട് പലസ്തീനിലെ കൊടിയ വംശഹത്യയിലേക്ക് എത്തിച്ചേര്‍ന്നു. ഇസ്രയേല്‍ ആക്രമണത്തില്‍ ഇതുവരെ 41,252 പലസ്തീനികള്‍ കൊല്ലപ്പെട്ടു. 95,497 പേര്‍ക്ക് പരിക്കേറ്റു. കൊല്ലപ്പെട്ടവരില്‍ 16,500 പേര്‍ കുട്ടികളാണ്. പതിനായിരം പേരെ കാണാതായിട്ടുണ്ട്. അതേസമയം, ഇസ്രയേലിനെതിരെ നടന്ന ആക്രമണത്തില്‍ 1139 പേര്‍ കൊല്ലപ്പെടുകയും 8730 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്.