ഡല്‍ഹി മുഖ്യമന്ത്രിയായി അതിഷി ശനിയാഴ്ച സത്യപ്രതിജ്ഞ ചെയ്‌തേക്കും

ഡല്‍ഹി മുഖ്യമന്ത്രിയായി അതിഷി ശനിയാഴ്ച സത്യപ്രതിജ്ഞ ചെയ്‌തേക്കും


ന്യൂഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രിയായി അതിഷി ശനിയാഴ്ച സത്യപ്രതിജ്ഞ ചെയ്‌തേക്കും. അതിഷി മുഖ്യമന്ത്രിയാവുന്നതോടെ, ഡല്‍ഹിയിലെ മൂന്നാമത്തെ വനിതാ മുഖ്യമന്ത്രിയായി മാറും. സുഷമ സ്വരാജ്, ഷീല ദീക്ഷീത് എന്നിവരാണ് ഇതിന് മുന്‍പ് മുഖ്യമന്ത്രി പദം അലങ്കരിച്ച മറ്റു വനിതകള്‍. അതിഥി പുതിയ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കുമ്പോള്‍ കാബിനറ്റ് മന്ത്രിമാര്‍ക്ക് മാറ്റമുണ്ടാകുമോയെന്ന കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല.

നിലവില്‍ ഡല്‍ഹി മന്ത്രിസഭയില്‍ ഏറ്റവുമധികം വകുപ്പുകള്‍ കൈകാര്യം ചെയ്യുന്നത് അതിഷിയാണ്. വിദ്യാഭ്യാസം, ധനകാര്യം, റവന്യൂ, നിയമം തുടങ്ങിയ പ്രധാന വകുപ്പുകളാണ് അതിഷി  കൈകാര്യം ചെയ്യുന്നത്. നിലവിലെ മന്ത്രിസഭാംഗങ്ങളില്‍ ആരെയും മാറ്റില്ലെന്നാണ് പാര്‍ട്ടി വൃത്തങ്ങള്‍ അറിയിച്ചിട്ടുള്ളത്. ഗോപാല്‍ റായ്, കൈലാഷ് ഗെഹ്ലോട്ട്, സൗരഭ് ഭരദ്വാജ്, ഇമ്രാന്‍ ഹുസൈന്‍ എന്നിവര്‍ തുടരും. 13 വകുപ്പുകളായിരിക്കും അതിഷി കൈകാര്യം ചെയ്യുകയെന്ന് ഒരു പാര്‍ട്ടി നേതാവ് പറഞ്ഞു.

അപ്രതീക്ഷിതമായാണ് മുഖ്യമന്ത്രി സ്ഥാനം രാജിവെയ്ക്കുമെന്ന പ്രഖ്യാപനം അരവിന്ദ് കേജ്രിവാള്‍ നടത്തിയത്. സ്ഥാനം ഒഴിയുന്ന അരവിന്ദ് കേജ്രിവാളാണ് മുഖ്യമന്ത്രി പദവിയിലേക്ക് അതിഷിയുടെ പേര് നിര്‍ദേശിച്ചത്. എഎപി എംഎല്‍എമാരുടെ യോഗത്തില്‍ മുഖ്യമന്ത്രി സ്ഥാനത്തേയ്ക്ക് കൂടുതല്‍ നേതാക്കളും നിര്‍ദേശിച്ചത് അതിഷിയുടെ പേരാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍.

പുതിയൊരാള്‍ മുഖ്യമന്ത്രിയായി വരുന്നതോടെ സംസ്ഥാനത്ത് മാസങ്ങളായി തുടരുന്ന ഭരണസ്തംഭനത്തിന് അറുതി ഉണ്ടാകുമെന്നാണ് ഉദ്യോഗസ്ഥരുടെ പക്ഷം. മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ ജയിലിലായതോടെ സംസ്ഥാനത്ത് മാസങ്ങളായി ഭരണ പ്രതിസന്ധി തുടരുകയാണ്. പ്രധാനപ്പെട്ട ഫയലുകള്‍ തീര്‍പ്പാക്കാതെ കെട്ടിക്കിടക്കുകയാണ്.


കഴിഞ്ഞ സെപ്റ്റംബറിലാണ് മുഖ്യമന്ത്രി അധ്യക്ഷനും ചീഫ് സെക്രട്ടറിയും അഡീഷണല്‍ ചീഫ് സെക്രട്ടറിയും അംഗങ്ങളുമായ സമിതിയുടെ അവസാന യോഗം ചേര്‍ന്നത്. പുതിയ മുഖ്യമന്ത്രി വരുന്നതോടെ ഭരണതലത്തിലെ പ്രതിസന്ധികള്‍ മറിക്കടക്കാനുകുമെന്ന് പ്രതീക്ഷയിലാണ് ഉദ്യോഗസ്ഥര്‍.