ന്യൂഡല്‍ഹി: ഇന്ത്യാ സര്‍ക്കാറിന്റെ ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ അഫ്ഗാനിസ്ഥാനിലെ താലിബാന്‍ പ്രതിരോധ മന്ത്രിയുമായി ഔദ്യോഗികമായി ചര്‍ച്ച നടത്തിയതായി ദി വയര്‍ വെള്ളിയാഴ്ച റിപ്പോര്‍ട്ട് ചെയ്തു.
അഫ്ഗാനിസ്ഥാന്‍, പാകിസ്ഥാന്‍, ഇറാന്‍ ഡെസ്‌കിന്റെ ചുമതലയുള്ള വിദേശകാര്യ മന്ത്രാലയത്തിന്റെ ജോയിന്റ് സെക്രട്ടറി ജെ പി സിംഗും താലിബാന്‍ പ്രതിരോധ മന്ത്രിയുടെ ചുമതലയുള്ള മൊല്‍വി മുഹമ്മദ് യാക്കൂബ് മുജാഹിദും തമ്മിലാണ് കൂടിക്കാഴ്ച്ച നടന്നത്. നവംബര്‍ അഞ്ചിന് കാബൂളില്‍ വെച്ചായിരുന്നു കൂടിക്കാഴ്ചയെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
വിദേശകാര്യ മന്ത്രിയുടെ ചുമതലയുള്ള അമീര്‍ ഖാന്‍ മുത്തഖി, മുന്‍ അഫ്ഗാന്‍ പ്രസിഡന്റ് ഹമീദ് കര്‍സായി എന്നിവരുമായും സിംഗ് കൂടിക്കാഴ്ച നടത്തിയതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. ഈ വര്‍ഷം അദ്ദേഹത്തിന്റെ രണ്ടാമത്തെ കാബൂള്‍ സന്ദര്‍ശനമായിരുന്നു ഇത്.
ഉഭയകക്ഷി ബന്ധം, മാനുഷിക സഹകരണം, അഫ്ഗാനിസ്ഥാനും ഇന്ത്യയും തമ്മിലുള്ള പാരസ്പര്യം ശക്തിപ്പെടുത്താനുള്ള ഇരുപക്ഷത്തിന്റെയും സന്നദ്ധത തുടങ്ങിയവ കൂടിക്കാഴ്ചയില്‍ ചര്‍ച്ച ചെയ്തതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു.
അന്താരാഷ്ട്ര സമവായത്തിനൊപ്പം നില്‍ക്കുന്ന ഇന്ത്യ താലിബാന്‍ ഭരണകൂടത്തെ അംഗീകരിക്കുന്നില്ല.
അഫ്ഗാനിസ്ഥാന്‍ മുന്‍ സര്‍ക്കാര്‍ നിയമിച്ച ഇന്ത്യയിലെ അംബാസഡറെ മാറ്റി മറ്റൊരു നയതന്ത്രജ്ഞന്‍ ഖാദിര്‍ ഷായെ ചാര്‍ജായി നിയമിക്കാന്‍ താലിബാന്‍ സര്‍ക്കാര്‍ ശ്രമിച്ചതായി 2023 മെയ് മാസത്തില്‍ ദി വയര്‍ ആദ്യം റിപ്പോര്‍ട്ട് ചെയ്തിരുന്നു.
കഴിഞ്ഞ വര്‍ഷം അഫ്ഗാന്‍ അംബാസഡര്‍ ഫരീദ് മമുണ്ടസായിയും മിക്ക അഫ്ഗാന്‍ നയതന്ത്രജ്ഞരും പോയതിനെത്തുടര്‍ന്ന് വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ ഇന്ത്യയിലെ അഫ്ഗാന്‍ സമൂഹത്തിന്റെ കോണ്‍സുലര്‍ ആവശ്യങ്ങള്‍ അനിശ്ചിതത്വത്തിലായിരുന്നു.