ജനസംഖ്യ വര്‍ധിക്കണം; വിവിധ പരിപാടികളുമായി റഷ്യ

ജനസംഖ്യ വര്‍ധിക്കണം; വിവിധ പരിപാടികളുമായി റഷ്യ


മോസ്‌കോ: ജോലിയുടെ ഇടവേളകളിലും ഭാര്യാ ഭര്‍ത്താക്കന്മാര്‍് പരസ്പരം സമീപിക്കുന്നതിന് പ്രോത്സാഹനം നല്‍കി റഷ്യ. ജനന നിരക്ക് വര്‍ധിപ്പിക്കാനാണ് വ്യത്യസ്തമായൊരു തൊഴില്‍ സംസ്‌ക്കാരത്തിന് പ്രസിഡന്റ് പുടിന്‍ നിലപാടെടുത്തിരിക്കുന്നത്. 

സാധാരണഗതിയില്‍ ജനന നിരക്ക് കുറയുന്ന റഷ്യയില്‍ യുക്രെയ്ന്‍ യുദ്ധം കൂടിയായതോടെ ജനസംഖ്യാ വളര്‍ച്ച കൂടുതല്‍ പരിതാപകരമാവുകയായിരുന്നു. ഇതിനു പരിഹാരമായാണ് ജനന നിരക്ക് ഉയര്‍ത്താന്‍ ജോലിയുടെ ഇടവേളകളില്‍ പോലും ലൈംഗിക ബന്ധം പ്രോത്സാഹിപ്പിക്കണമെന്ന നിലപാടുമായി പുടിന്‍ രംഗത്തെത്തിയിരിക്കുന്നത്. 

ജനസംഖ്യാപരമായ വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്നതിന് പ്രത്യേകമായി ലൈംഗിക മന്ത്രാലയം രൂപീകരിക്കുന്നതും സര്‍ക്കാരിന്റെ പരിഗണനയിലുണ്ട്. 

ജനന നിരക്ക് വര്‍ധിപ്പിക്കാന്‍ വേറേയും നടപടികള്‍ റഷ്യ ആലോചിക്കുന്നുണ്ട്. റഷ്യക്ക് പുറത്തുള്ളവര്‍ക്ക് അതൊക്കെ കൗതുകമോ തമാശയോ ആയി തോന്നാമെങ്കിലും വ്‌ളാഡിമിര്‍ പുടിനും ജനതയ്ക്കും അത് നിലനില്‍പ്പിന്റെ കാര്യം കൂടിയാണ്. 

രാത്രി 10 മുതല്‍ പുലര്‍ച്ചെ രണ്ട് വരെ ലൈറ്റുകളും ഇന്റര്‍നെറ്റും ഓഫ് ചെയ്യുക എന്നതാണ് ജനസംഖ്യാ വര്‍ധനവിനുള്ള മറ്റൊരു മാര്‍ഗ്ഗമായി സര്‍ക്കാര്‍ കാണുന്നത്. ഡേറ്റിങ്ങിനു പോകാനും വിവാഹത്തിനു ശേഷം രാത്രി ഹോട്ടലില്‍ താമസിക്കാനുമൊക്കെ സര്‍ക്കാര്‍ ധനസഹായം നല്‍കുന്നതും പരിഗണനയിലുണ്ട്.

23 വയസില്‍ താഴെയുള്ള വിദ്യാര്‍ഥിനികള്‍ക്ക് കുട്ടികളുണ്ടായാല്‍ സര്‍ക്കാര്‍ ചെലവിന് കൊടുക്കുന്ന പദ്ധതി പ്രാദേശികാടിസ്ഥാനത്തില്‍ നടപ്പാക്കിക്കഴിഞ്ഞു. പൊതുമേഖലയില്‍ ജോലി ചെയ്യുന്ന സ്ത്രീകള്‍ക്ക് സൗജന്യമായി പ്രത്യുത്പാദനശേഷി പരിശോധിക്കാനുള്ള സൗകര്യവും ഏര്‍പ്പെടുത്തിയിട്ടുണ്ട്.