ഇലോണ്‍ മസ്‌കിന്റെ എക്‌സ് വിഷം വമിക്കുന്ന പ്ലാറ്റ്‌ഫോം; പിന്‍വാങ്ങി ദ ഗാര്‍ഡിയന്‍

ഇലോണ്‍ മസ്‌കിന്റെ എക്‌സ് വിഷം വമിക്കുന്ന പ്ലാറ്റ്‌ഫോം; പിന്‍വാങ്ങി ദ ഗാര്‍ഡിയന്‍


ലണ്ടന്‍: ശതകോടീശ്വരന്‍ ഇലോണ് മസ്‌കിന്റെ ഉടമസ്ഥതയിലുള്ള സമൂഹമാധ്യമമായ എക്‌സില്‍ (മുന്‍ ട്വിറ്റര്‍) നിന്ന്  പ്രമുഖ ബ്രിട്ടീഷ് മാധ്യമമായ ദ ഗാര്‍ഡിയന്‍ പിന്‍വാങ്ങി. ഇനി വാര്‍ത്തകളോ ലേഖനങ്ങളോ എക്‌സില്‍ പോസ്റ്റ് ചെയ്യില്ലെന്ന് ഗാര്‍ഡിയന്‍ പ്രസ്താവനയില്‍ വ്യക്തമാക്കി. എക്‌സില്‍ നില്‍ക്കുന്നതിന്റെ ഗുണങ്ങളേക്കാള്‍ ദോഷമാണ് ഇപ്പോഴുള്ളതെന്നും വിഷം വമിക്കുന്നതും വംശീയത നിറഞ്ഞതുമാണ് എക്‌സെന്നും ഇതുസംബന്ധിച്ച പ്രസ്താവനയില്‍ ഗാര്‍ഡിയന്‍ വ്യക്തമാക്കി. ഇലോണ്‍ മസ്‌ക് സ്വന്തമാക്കിയതിന് പിന്നാലെ എക്‌സിനെതിരെ ഉയര്‍ന്ന വിമര്‍ശനങ്ങളില്‍ ഏറ്റവുമൊടുവിലത്തേതാണ് ഗാര്‍ഡിയന്റെ പിന്മാറ്റം.

വംശീയതയും അങ്ങേയറ്റം വലതുപക്ഷ ഗൂഢാലോചനാ ആശയങ്ങളും പ്രചരിപ്പിക്കുകയാണ് എക്‌സിലെ ഉള്ളടക്കങ്ങളിലൂടെ. വിഷം വമിപ്പിക്കുന്ന ഈ പ്ലാറ്റ്‌ഫോമില്‍ നിന്ന് പിന്‍വാങ്ങുക എന്നത് ഏതാനും കാലമായി ഞങ്ങളുടെ പരിഗണനയിലുള്ളതാണ്. ഞങ്ങള്‍ ആലോചിച്ച കാര്യം അടിവരയിട്ടുറപ്പിക്കുന്നതായിരുന്നു യു.എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് എക്‌സില്‍ ഉയര്‍ന്ന കാമ്പയിനുകള്‍. എക്‌സ് ഉടമ ഇലോണ്‍ മസ്‌ക് തന്റെ സ്വാധീനം ഉപയോഗിച്ച് രാഷ്ട്രീയ ഇടപെടലുകള്‍ നടത്താന്‍ ഈ പ്ലാറ്റ്‌ഫോമിനെ ഉപയോഗപ്പെടുത്തുകയാണ്' ഗാര്‍ഡിയന്‍ പ്രസ്താവനയില്‍ പറഞ്ഞു.

അതേസമയം, എക്‌സ് ഉപയോക്താക്കള്‍ക്ക് തങ്ങളുടെ ആര്‍ട്ടിക്കിളുകള്‍ പ്ലാറ്റ്‌ഫോമിലൂടെ ഇനിയും പങ്കുവെക്കാന്‍ സാധിക്കുമെന്ന് ഗാര്‍ഡിയന്‍ വ്യക്തമാക്കി. എന്നാല്‍, ഗാര്‍ഡിയന്‍ നേരിട്ട് ആര്‍ട്ടിക്കിളുകള്‍ എക്‌സില്‍ പോസ്റ്റ് ചെയ്യില്ല.

2022ല്‍ ട്വിറ്ററിനെ ഇലോണ്‍ മസ്‌ക് എറ്റെടുത്ത ശേഷമാണ് എക്‌സ് എന്ന് പേരുമാറ്റിയത്. ഇതിന് പിന്നാലെ പ്ലാറ്റ്‌ഫോമിന്റെ വിശ്വാസ്യതയില്‍ വന്‍ ഇടിവു സംഭവിച്ചതായി വ്യാപക വിമര്‍ശനമുയര്‍ന്നിരുന്നു. ഇലോണ്‍ മസ്‌ക് യു.എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഡോണാള്‍ഡ് ട്രംപിനെ പരസ്യമായി പിന്തുണച്ച് രംഗത്തെത്തിയിരുന്നു.