ബഹിരാകശനിലയത്തില്‍ സുരക്ഷിതയെന്ന്; ആരോഗ്യത്തെക്കുറിച്ചുള്ള ആശങ്കകള്‍ തള്ളി സുനിത വില്യംസ്

ബഹിരാകശനിലയത്തില്‍ സുരക്ഷിതയെന്ന്; ആരോഗ്യത്തെക്കുറിച്ചുള്ള ആശങ്കകള്‍ തള്ളി സുനിത വില്യംസ്


ന്യൂയോര്‍ക്ക്: അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ കഴിയുന്ന നാസയുടെ ബഹിരാകാശ യാത്രിക സുനിത വില്യംസ്, തന്റെ ആരോഗ്യസ്ഥിതിയെക്കുറിച്ചുള്ള ആശങ്കകള്‍ തള്ളി. താന്‍ ആരോഗ്യവതിയാണെന്നും കര്‍ശനമായ വ്യായാമ മുറകള്‍ കാരണമാണ് രൂപത്തില്‍ വലിയ മാറ്റമുണ്ടായതെന്നും ബഹിരാകാശത്തുനിന്ന് നല്‍കിയ വിഡിയോ സന്ദേശത്തില്‍ അവര്‍ അറിയിച്ചു.

എക്‌സേസൈക്കിള്‍, ട്രെഡ്മില്‍, വെയിറ്റ്‌ലി്ര്രഫിങ് തുടങ്ങിയ വ്യായാമങ്ങളാണ് താന്‍ പതിവായി ചെയ്യാറുള്ളത്. താന്‍ ഇവിടെ എത്തമ്പോഴുണ്ടായിരുന്ന അതേ ശരീരഭാരമാണ് ഇപ്പോഴുള്ളതെന്നും സുനിത വ്യക്തമാക്കി. അടുത്തിടെ പുറത്തുവന്ന സുനിതയുടെ ചിത്രങ്ങള്‍ കവിള്‍ ഒട്ടി ക്ഷീണിതയായ നിലയിലായിരുന്നു. ഡോക്ടര്‍മാരടക്കം അവരുടെ ആരോഗ്യനിലയില്‍ ആശങ്ക പ്രകടിപ്പിക്കുകയും ചെയ്തു.

ജൂണിലാണ് ബോയിങ് സ്റ്റാര്‍ലൈനര്‍ പേടകത്തില്‍ സുനിത വില്യംസും ബുച്ച് വില്‍മോറും എട്ടുദിവസത്തെ ദൗത്യത്തിനായി ബഹിരാകാശ നിലയത്തിലെത്തിയത്. എന്നാല്‍, സ്റ്റാര്‍ലൈനര്‍ പേടകം തകരാറിലായതോടെ തിരികെ വരാനാകാതെ കുടുങ്ങുകയായിരുന്നു. ഇവരെ 2025 ഫെബ്രുവരിയോടെ തിരികെയെത്തിക്കും.