ടെല്‍അവീവ്: ഇസ്രായേല്‍ സൈന്യത്തിന്റെയും സെന്‍ട്രല്‍ ടെല്‍ അവീവിലെ പ്രതിരോധ മന്ത്രാലയത്തിന്റെയും ആസ്ഥാനം ചാവേര്‍ ഡ്രോണുകള്‍ ഉപയോഗിച്ച് ഹിസ്ബുള്ള ആക്രമണം നടത്തി. ടെലിഗ്രാമിലെ പ്രസ്താവനയിലാണ് ഹിസ്ബുള്ള ഇക്കാര്യം അറിയിച്ചത്.
പൊട്ടിത്തെറിക്കുന്ന ഡ്രോണുകളുടെ സ്‌ക്വാഡ്രന്‍ ഉപയോഗിച്ചാണ് വ്യോമാക്രമണം നടത്തിയത്. എന്നാല്‍ ആളപായമുണ്ടായതായി റിപ്പോര്‍ട്ടുകളില്ല.
മൗണ്ട് ലെബനന്‍ ഗവര്‍ണറേറ്റിലെ ദവ്‌ഹെത് അരമൗണ്‍ ഗ്രാമത്തില്‍ ഇസ്രായേല്‍ നടത്തിയ ആക്രമണത്തില്‍ ആറ് പേര്‍ കൊല്ലപ്പെടുകയും 15 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി ലെബനന്‍ ആരോഗ്യ മന്ത്രാലയം അറിയിച്ചു.
വടക്കന്‍ ഗാസയില്‍ ഇസ്രായേല്‍ അഭയ കേന്ദ്രങ്ങള്‍ ആക്രമിച്ചതായി യു എന്‍ അറിയിച്ചു. ഗാസയ്ക്കുള്ള സഹായം വര്‍ധിപ്പിക്കുന്നതിനോ ആയുധ ധനസഹായം വെട്ടിക്കുറയ്ക്കുന്നതിനോ ഇസ്രായേലിന് അനുവദിച്ച 30 ദിവസത്തെ സമയപരിധി അവസാനിച്ചതിന് ശേഷവും ഇസ്രായേലിനുള്ള പിന്തുണ തുടരുമെന്ന് യു എസ് പറഞ്ഞു.
ഗാസയിലെ ഇസ്രായേലിന്റെ വംശഹത്യയില്‍ 2023 ഒക്ടോബര്‍ 7 മുതല്‍ 43,712 പാലസ്തീനികള്‍ കൊല്ലപ്പെടുകയും 103,258 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. ഹമാസിന്റെ നേതൃത്വത്തിലുള്ള ആക്രമണത്തില്‍ അന്ന് ഇസ്രായേലില്‍ 1,139 പേര്‍ കൊല്ലപ്പെടുകയും 200-ലധികം പേര്‍ ബന്ദികളാകുകയും ചെയ്തു.
ലെബനനില്‍ ഇസ്രായേല്‍ ആക്രമണങ്ങളില്‍ കുറഞ്ഞത് 3,365 പേര്‍ കൊല്ലപ്പെടുകയും 14,344 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.