മുംബൈ: യു എസില്‍ ഊര്‍ജ്ജ, അടിസ്ഥാന സൗകര്യ പദ്ധതികളില്‍ 10 ബില്യന്‍ ഡോളര്‍ നിക്ഷേപിക്കുമെന്ന് അദാനി ഗ്രൂപ്പ് സ്ഥാപകനും ചെയര്‍മാനുമായ ഗൗതം അദാനി എക്‌സില്‍ കുറിച്ചു.
2024 ലെ യു എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ വിജയം വരിച്ച ഡൊണള്‍ഡ് ട്രംപിനെ അദാനി അഭിനന്ദിച്ചു.
ആഗോള വൈദഗ്ധ്യം പ്രയോജനപ്പെടുത്തി പാശ്ചാത്യ രാജ്യത്തിന്റെ ഊര്‍ജ സുരക്ഷ, അടിസ്ഥാന സൗകര്യ വികസന പദ്ധതികള്‍ എന്നിവയില്‍ വാഗ്ദാനം ചെയ്ത തുക നിക്ഷേപിച്ചു ഇന്ത്യയും അമേരിക്കയും തമ്മിലുള്ള പങ്കാളിത്തം വിപുലീകരിക്കുകയാണ് കമ്പനിയുടെ ലക്ഷ്യമെന്ന് അദാനി ഗ്രൂപ്പ് ചെയര്‍മാന്‍ പ്രഖ്യാപിച്ചു.
ഇന്ത്യയും യു എസും തമ്മിലുള്ള പങ്കാളിത്തം കൂടുതല്‍ ശക്തമാകുമ്പോള്‍, അദാനി ഗ്രൂപ്പ് തങ്ങളുടെ ആഗോള വൈദഗ്ധ്യം പ്രയോജനപ്പെടുത്താനും 15,000 തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനും ലക്ഷ്യമിട്ട് 10 ബില്യന്‍ ഡോളര്‍ യു എസ് ഊര്‍ജ്ജ സുരക്ഷയിലും അടിസ്ഥാന സൗകര്യ വികസന പദ്ധതികളിലും നിക്ഷേപിക്കാന്‍ പ്രതിജ്ഞാബദ്ധമാണ് എന്നാണ് അദാനി സോഷ്യല്‍ മീഡിയ പോസ്റ്റില്‍ പറഞ്ഞത്.
അദാനി ഗ്രൂപ്പിന്റെ മുന്‍നിര കമ്പനിയായ അദാനി എന്റര്‍പ്രൈസസ് ഓഹരികള്‍ ബുധനാഴ്ചത്തെ മാര്‍ക്കറ്റ് സെഷനുശേഷം 1.7 ശതമാനം ഇടിഞ്ഞ് 2,818.05 രൂപയിലാണ് ക്ലോസ് ചെയ്തത്. മുന്‍ വിപണി ക്ലോസ് ചെയ്തപ്പോള്‍ ഇത് 2,866.65 രൂപയായിരുന്നു. ബുധനാഴ്ചത്തെ മാര്‍ക്കറ്റ് പ്രവര്‍ത്തന സമയത്തിന് ശേഷമാണ് എക്‌സ് പ്ലാറ്റ്ഫോമില്‍ അദാനിയുടെ പോസ്റ്റ് വന്നത്.
നവംബര്‍ ആറിന് അമേരിക്കയുടെ തെരഞ്ഞെടുപ്പ് ഫല ദിനത്തില്‍ ട്രംപിന്റെ വിജയത്തിന് ശേഷം ഗൗതം അദാനി അദ്ദേഹത്തിന് അഭിനന്ദനങ്ങള്‍ നേരുകയും 'പൊട്ടാത്ത ദൃഢതയുടെ ആള്‍രൂപം' എന്ന് വിളിക്കുകയും ചെയ്തു.
'പൊട്ടാത്ത നിശ്ചയദാര്‍ഢ്യത്തിന്റെയും അചഞ്ചലമായ ധീരതയുടെയും അദമ്യമായ നിശ്ചയദാര്‍ഢ്യത്തിന്റെയും തന്റെ വിശ്വാസങ്ങളില്‍ ഉറച്ചു നില്‍ക്കാനുള്ള ധൈര്യത്തിന്റെയും ആള്‍രൂപമായി നിലകൊള്ളുന്ന ഒരാള്‍ ഭൂമിയിലുണ്ടെങ്കില്‍ അത് ഡൊണാള്‍ഡ് ട്രംപാണ്' എന്നാണ് നവംബര്‍ 6ന് അദാനി പറഞ്ഞത്.
രാഷ്ട്രത്തിന്റെ സ്ഥാപക തത്വങ്ങള്‍ ഉയര്‍ത്തിപ്പിടിക്കാന്‍ അമേരിക്കയുടെ ജനാധിപത്യം അവിടുത്തെ ജനങ്ങളെ ശാക്തീകരിച്ചുവെന്നതിന് സാക്ഷ്യം വഹിക്കുന്നത് കൗതുകകരമായി തോന്നിയെന്നും അദാനി എടുത്തുപറഞ്ഞു.