മുന്‍ മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായിരുന്ന എം ടി പത്മ അന്തരിച്ചു

മുന്‍ മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായിരുന്ന എം ടി പത്മ അന്തരിച്ചു


കോഴിക്കോട്: മുന്‍ മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായിരുന്ന എം ടി പത്മ (81) അന്തരിച്ചു. വാര്‍ധക്യ സഹജമായ അസുഖത്തെ തുടര്‍ന്ന് മുംബൈയിലായിരുന്നു അന്ത്യം. മകള്‍ക്കൊപ്പമായിരുന്നു താമസം. മൃതദേഹം ബുധനാഴ്ച കോഴിക്കോട്ടെത്തിക്കും. കേരളത്തിലെ മൂന്നാമത്തെ വനിതാമന്ത്രിയായിരുന്നു എം ടി പത്മ.

1991-ല്‍ കരുണാകരന്‍ മന്ത്രിസഭയില്‍ ഫിഷറീസ്-ഗ്രാമ വികസന-രജിസ്‌ട്രേഷന്‍ വകുപ്പുകള്‍ കൈകാര്യം ചെയ്തിരുന്നു. 1987-ലും 1991-ലും കൊയിലാണ്ടിയില്‍ നിന്നുള്ള നിയമസഭാംഗമായിരുന്നു. നിയമത്തില്‍ ബിരുദവും ആര്‍ട്‌സില്‍ ബിരുദാനാന്തര ബിരുദവും നേടിയ പത്മ കെ എസ് യുവിലൂടെയാണ് രാഷ്ട്രീയത്തിലെത്തിയത്. കെ എസ് യു സംസ്ഥാന വൈസ് പ്രസിഡന്റ്, കെപിസിസി അംഗം, മഹിളാ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി, കോഴിക്കോട് ഡിസിസി സെക്രട്ടറി, ട്രഷറര്‍ എന്നീ ചുമതലകള്‍ വഹിച്ചു.

1999ല്‍ പാലക്കാട് നിന്നും 2004-ല്‍ വടകരയില്‍ നിന്നും ലോക്‌സഭയിലേയ്ക്ക് മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. കെ കരുണാകരന്‍ ഡിഐസി രൂപീകരിച്ചപ്പോള്‍ അതിലേക്കു പോയ പത്മ പിന്നീട് കോണ്‍ഗ്രസില്‍ തിരിച്ചു വന്നു. 2013-ല്‍ കോണ്‍ഗ്രസ് ടിക്കറ്റില്‍ കോഴിക്കോട് കോര്‍പ്പറേഷന്‍ കൗണ്‍സിലറായി തിരഞ്ഞെടുക്കപ്പെട്ട പത്മ കോര്‍പ്പറേഷന്‍ പ്രതിപക്ഷ നേതാവുമായിരുന്നു.