ട്രംപിന്റെ കുടിയേറ്റ വിരുദ്ധനയം: ഇന്ത്യന്‍ ടെക്കികള്‍ക്കിടയിലും ആശങ്ക

ട്രംപിന്റെ കുടിയേറ്റ വിരുദ്ധനയം: ഇന്ത്യന്‍ ടെക്കികള്‍ക്കിടയിലും ആശങ്ക


ന്യൂഡല്‍ഹി: അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് ഡോണാള്‍ഡ് ട്രംപ് വീണ്ടും തിരിച്ചെത്തുന്നതോടെ ആശങ്കയിലാകുന്ന ജനസമൂഹത്തിനിടയില്‍ ഇന്ത്യക്കാരും.  അധികാരമുള്ളപ്പോഴും ഇല്ലാത്തപ്പോഴും അമേരിക്കയിലേക്കുള്ള കുടിയേറ്റങ്ങളെ അതിനിശിതമായി എതിര്‍ക്കുന്നയാളാണ് ട്രംപ്. ഈ തിരഞ്ഞെടുപ്പിലും കുടിയേറ്റവും അതുള്‍പ്പെടെ സൃഷ്ടിക്കുന്ന സാമ്പത്തിക പ്രശ്‌നങ്ങളുമായിരുന്നു ട്രംപിന്റെ പ്രധാന പ്രചരണായുധങ്ങള്‍. നിയമവിരുദ്ധ കുടിയേറ്റത്തിനെതിരായ കടുത്ത നിലപാടായിരുന്നു ട്രംപിന്റെ വിജയത്തിലേക്ക് നയിച്ച പ്രധാന ഘടകങ്ങളിലൊന്ന് എന്നത് ഒഴിവാക്കാനാവാത്ത വസ്തുതയാണ്.

മുന്‍പ് പ്രസിഡന്റായിരുന്ന കാലത്ത് വിദേശ തൊഴിലാളികള്‍ക്കുള്ള വിസാ ചട്ടം കടുപ്പിക്കാനും നിയന്ത്രണങ്ങളേര്‍പ്പെടുത്താനും ട്രംപ് ശ്രമം നടത്തിയിരുന്നു. യുഎസിനും മെക്‌സിക്കോയ്ക്കും ഇടയില്‍ മതില്‍ കെട്ടി കുടിയേറ്റം തടയുമെന്ന കഴിഞ്ഞ തവണത്തെ വാഗ്ദാനം ഇത്തവണയും ഉറപ്പാക്കുമെന്ന് ട്രംപ് പ്രചരണത്തിനിടയില്‍ വ്യക്തമാക്കിയിരുന്നു. അനധികൃത കുടിയേറ്റക്കാരെ തിരിച്ചയക്കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചിരുന്നു. ഇതൊക്കെയാണ് അമേരിക്കയിലുള്ളതും അവിടേക്ക് പോകാന്‍ ആഗ്രഹിക്കുന്നതുമായി ഇന്ത്യന്‍ ടെക്കികളെ ഉള്‍പ്പെടെ ആശങ്കയിലാക്കുന്നത്.

രണ്ടാം വരവില്‍ ഇമിഗ്രേഷന്‍ ആന്‍ഡ് കസ്റ്റംസ് എന്‍ഫോഴ്സ്മെന്റിന്റെ (ഐസിഇ) മുന്‍ മേധാവി ടോം ഹോമനെ ട്രംപ് തന്റെ ഉപദേശകനായി നിയമിച്ചിരിക്കുകയാണ്. അമേരിക്ക കണ്ടിട്ടുള്ളതില്‍ വച്ച് ഏറ്റവും വലിയ നാടുകടത്തല്‍ നടപ്പിലാക്കുമെന്ന് പ്രഖ്യാപിച്ച വ്യക്തിയാണ് ഹോമന്‍. രാജ്യത്തിന്റെ തെക്കന്‍, വടക്കന്‍ അതിര്‍ത്തികളുടെയും സമുദ്ര, വ്യോമയാന സുരക്ഷയുടെയും മേല്‍നോട്ടമാണ് ഇദ്ദേഹത്തെ ഏല്‍പ്പിച്ചിരിക്കുന്നത്.

സമീപ വര്‍ഷങ്ങളില്‍ അനധികൃത ക്രോസിംഗുകള്‍ വഴി യുഎസിലേക്ക് കടക്കാന്‍ ശ്രമിക്കുന്ന ഇന്ത്യക്കാരുടെ എണ്ണത്തില്‍ ഗണ്യമായ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. ഗുജറാത്ത്, പഞ്ചാബ് എന്നിവിടങ്ങളില്‍ നിന്നാണ് കൂടുതല്‍പേരും ഇത്തരം മാര്‍ഗം വഴി അമേരിക്കയില്‍ എത്താന്‍ ശ്രമിക്കുന്നത്. ഇതിനായി പലരും മെക്‌സിക്കോയും കാനഡയും വഴിയുള്ള അപകടകരമായ യാത്രയാണ് തിരഞ്ഞെടുക്കുന്നത്. മനുഷ്യ കള്ളക്കടത്ത് ശൃംഖലകള്‍ക്ക് 70,000 ഡോളര്‍ വരെ നല്‍കിയാണ് ഇത്തരം ശ്രമങ്ങള്‍ നടത്തുന്നതെന്ന റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ഇത്തരത്തില്‍ രാജ്യത്ത് എത്തിയവര്‍ക്ക് തിരിച്ചടിയാണ് ട്രംപിന്റെ സ്ഥാനാരോഹണം.

സ്റ്റീഫന്‍ മില്ലറെ പോളിസി ഡെപ്യൂട്ടി ചീഫ് ഓഫ് സ്റ്റാഫ് ആയി വീണ്ടും നിയമിക്കാനുള്ള ട്രംപിന്റെ തീരുമാനം ആയിരക്കണക്കിന് അമേരിക്കന്‍ വിസ ലഭിച്ച ഇന്ത്യക്കാരെ ബാധിച്ചേക്കുമെന്നും വിലയിരുത്തലുകളുണ്ട്. അതായത് നിയമപരമായ കുടിയേറ്റം നടത്തിയവര്‍ക്കും മില്ലറിന്റെ വരവ് തിരിച്ചടിയാവും എന്നര്‍ത്ഥം. ആദ്യ ടേമില്‍ ട്രംപിന്റെ ഇമിഗ്രേഷന്‍ അജണ്ടയുടെ പിന്നിലെ ശില്പിയായിരുന്ന മില്ലര്‍. നിയമപരമായ കുടിയേറ്റത്തിന്റെയും ശക്തനായ വിമര്‍ശകനാണ് ഇദ്ദേഹം. ആദ്യ ടേമില്‍ തൊഴില്‍ വിസയില്‍ അമേരിക്കയിലേക്ക് എത്തുന്നവര്‍ക്ക് ശക്തമായ നിയന്ത്രണം മില്ലര്‍ ഏര്‍പ്പെടുത്തിയിരുന്നു. സമാനമായ നയം ആവര്‍ത്തിക്കുമോ എന്നതാണ് ഈ വിസകളെ ആശ്രയിക്കുന്ന ഇന്ത്യന്‍ പ്രൊഫഷണലുകളെ ആശങ്കപ്പെടുത്തുന്നത്.

ട്രംപിന്റെ രണ്ടാം ഭരണത്തിന് കീഴിലുള്ള ഇന്ത്യന്‍ കുടിയേറ്റക്കാരുടെ ഭാവി വെല്ലുവിളി നിറഞ്ഞതായിരിക്കും എന്നാണ് വിദഗ്ധര്‍ പറയുന്നത്. ഹോമന്‍, മില്ലര്‍ എന്നിവരെപ്പോലുള്ള ട്രംപിന്റെ ഉപദേഷ്ടാക്കള്‍ അവരുടെ ഇമിഗ്രേഷന്‍ നയം നടപ്പാക്കിയാല്‍ അത് ഏറ്റവു കൂടുതല്‍ ബാധിക്കുന്നത് ഇന്ത്യക്കാരെ ആയിരിക്കും. അതിനാല്‍ രാജ്യത്ത് അഭയം തേടിയെത്തിയവരും താല്‍ക്കാലിക തൊഴില്‍ വിസയിലുള്ളവരും കടുത്ത അനിശ്ചിതത്വമാവും അഭിമുഖീകരിക്കാന്‍ പോകുന്നത്.