ട്രംപ് പ്രസിഡന്റായപ്പോള്‍ യു എസില്‍ നിന്ന് കാനഡയിലേക്ക് ചുവടുമാറ്റാന്‍ അന്വേഷണം നടത്തി നിരവധി പേര്‍

ട്രംപ് പ്രസിഡന്റായപ്പോള്‍ യു എസില്‍ നിന്ന് കാനഡയിലേക്ക് ചുവടുമാറ്റാന്‍ അന്വേഷണം നടത്തി നിരവധി പേര്‍


വാഷിംഗ്ടണ്‍: ഡൊണള്‍ഡ് ട്രംപ് യു എസ് പ്രസിഡന്റായി സ്ഥാനമേല്‍ക്കാന്‍ തയ്യാറെടുക്കുമ്പോള്‍ കാനഡയിലേക്ക് പോകാനുള്ള വഴിയന്വേഷിച്ച് അമേരിക്കക്കാര്‍. ഗൂഗ്ള്‍ സെര്‍ച്ചിന്റെ കണക്കുകളിലാണ് യു എസിലെ നിരവധി പേര്‍ കാനഡയിലേക്ക് പോകാനുള്ള മാര്‍ഗ്ഗങ്ങള്‍ അന്വേഷിച്ചിരിക്കുന്നത്. 

കമലാ ഹാരിസിനെ പിന്തുണച്ച സ്റ്റേറ്റുകളില്‍ നിന്നുള്ളവരാണ് കാനഡയിലേക്ക് പോകുന്നതിനെ കുറിച്ച് ആലോചിക്കുന്നതെന്നാണ് ന്യൂസ് വീക്കിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നത്. കാനഡയിലേക്ക് പോകുന്ന കാര്യങ്ങള്‍ അന്വേഷിച്ചവരുടെ എണ്ണത്തില്‍ 400 ശതമാനമാണ് കഴിഞ്ഞ ദിവസങ്ങളിലുണ്ടായ വര്‍ധന. 

ഗൂഗിള്‍ ട്രെന്‍ഡ്‌സ് ഡേറ്റ പ്രകാരം വെര്‍മണ്ട്, ഒറിഗോണ്‍, വാഷിങ്ടണ്‍ തുടങ്ങി കമല ഹാരിസിനെ പിന്തുണച്ചിരുന്ന സ്റ്റേറ്റുകളില്‍ നിന്നുള്ളവര്‍ ഇതിലുള്‍പ്പെടുന്നു. 

ട്രംപ് പ്രസിഡന്റാകുമെന്ന് ഉറപ്പായതോടെ നാടുവിടാന്‍ പലര്‍ക്കും പദ്ധതിയുണ്ടെന്നാണ് ഈ കണക്കുകള്‍ നല്‍കുന്ന സൂചന. സമൂഹമാധ്യമങ്ങളിലും കാനഡയിലേക്ക് പോകുന്നതിനുള്ള ഹാഷ് ടാഗുകള്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. മാത്രമല്ല കാനഡയിലേക്ക് പോകുന്നവരെ സഹായിക്കുന്ന വിവരങ്ങള്‍ അടങ്ങിയ കുറിപ്പുകളും വ്യാപകമായി പങ്കു വയ്ക്കപ്പെട്ടിട്ടുണ്ട്.

2016ല്‍ ട്രംപ് അധികാരത്തിലേറിയപ്പോഴും ഇതേ സ്ഥിതിയുണ്ടായിരുന്നു. അന്ന് കാനഡയുടെ ഇമിഗ്രേഷന്‍ വെബ്‌സൈറ്റ് പോലും ഇത്തരക്കാരുടെ സേര്‍ച്ചിംഗില്‍ തകരാറിലായിരുന്നു. കാനഡയ്ക്കു പുറമേ ജപ്പാന്‍, ബ്രസീല്‍, കോസ്റ്റാറിക്ക എന്നീ രാജ്യങ്ങളും സെര്‍ച്ചില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.