പാകിസ്താനിലെ ക്വറ്റ റെയില്‍വേ സ്റ്റേഷനില്‍ സ്‌ഫോടനം; 27 പേര്‍ കൊല്ലപ്പെട്ടു

പാകിസ്താനിലെ ക്വറ്റ റെയില്‍വേ സ്റ്റേഷനില്‍ സ്‌ഫോടനം; 27 പേര്‍ കൊല്ലപ്പെട്ടു


കറാച്ചി: പബലൂചിസ്ഥാന്‍ പ്രവിശ്യയുടെ തലസ്ഥാനമായ ക്വറ്റയിലെ റെയില്‍വേ സ്റ്റേഷനിലുണ്ടായ സ്‌ഫോടനത്തില്‍ 27 പേര്‍ കൊല്ലപ്പെട്ടു. 62 പേര്‍ക്കു പരുക്കേറ്റിട്ടുണ്ട്. കൊല്ലപ്പെട്ടവരില്‍ 14 പേര്‍ രക്ഷാസേനാംഗങ്ങളാണ്. പരുക്കേറ്റവരില്‍ പലരുടെയും നില അതീവ ഗുരുതരമാണെന്നാണ് വിവരം. മരണ സംഖ്യ ഇനിയും ഉയര്‍ന്നേക്കാം. സ്‌ഫോടനത്തിന്റെ ദൃശ്യങ്ങള്‍ പുറത്തു വന്നിട്ടുണ്ട്.

ആക്രമണത്തിന്റെ ഉത്തരവാദിത്വം ബലൂച് ലിബറേഷന്‍ ആര്‍മി (ബിഎല്‍എ) ഏറ്റെടുത്തു. ബലൂചിസ്ഥാന്റെ പ്രകൃതി വിഭവങ്ങള്‍ ചൂഷണം ചെയ്തിട്ടു മേഖലയെ അവഗണിക്കുന്നതിനുള്ള പ്രതികാരണമാണ് സ്‌ഫോടനമെന്ന് ബിഎല്‍എ പറഞ്ഞു.

ബലൂചിസ്ഥാനിലെ ഏറ്റവും തിരക്കേറിയ റെയില്‍വേ സ്റ്റേഷനാണ് ക്വറ്റ. രാവിലെ ഒമ്പതിനു പെഷവാറിലേക്ക് സര്‍വീസ് നടത്തുന്ന ജാഫര്‍ എക്‌സ്പ്രസ് പുറപ്പെടുന്നതിനു തൊട്ടുമുന്‍പാണു സ്‌ഫോടനമുണ്ടായത്. ഈ ട്രെയിനില്‍ കയറാനായി നൂറുകണക്കിനാളുകള്‍ പ്ലാറ്റ്‌ഫോമിലുണ്ടായിരുന്നു. റെയ്ല്‍വേ സ്റ്റേഷനിലെ ബുക്കിങ് ഓഫിസിനു സമീപത്തായിരുന്നു സ്‌ഫോടനം.

ബലൂചിസ്ഥാന്റെ മോചനത്തിനുവേണ്ടി 2000ല്‍ രൂപീകരിച്ചതാണു ബിഎല്‍എ. ബലൂച് ജനതയ്ക്ക് സ്വയം നിര്‍ണയാവകാശം, പാക്കിസ്ഥാനില്‍ നിന്നു മോചനം തുടങ്ങിയ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തി 2004 മുതല്‍ സായുധ പോരാട്ടത്തിലാണ് സംഘടന. 2006 ഏപ്രിലില്‍ ബിഎല്‍എയെ പാക് ഭരണകൂടം ഭീകര സംഘടനയായി പ്രഖ്യാപിച്ചു.