വാഷിംഗ്ടണ്‍: പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ട്രംപിനെതിരെ കമലാ ഹാരിസിന്റെ പരാജയത്തില്‍ ബൈഡനെ കുറ്റപ്പെടുത്തി ഡെമോക്രാറ്റുകള്‍. ബൈഡന്‍ മത്സരത്തില്‍ നിന്ന് പിന്മാറുന്നത് വൈകിച്ചതിനെതിരെ മുതിര്‍ന്ന ഡെമോക്രാറ്റും മുന്‍ ഹൗസ് സ്പീക്കറുമായ നാന്‍സി പെലോസി ന്യൂയോര്‍ക്ക് ടൈംസിനോട് സംസാരിക്കവെ പൊട്ടിത്തെറിച്ചു.
ബൈഡന്‍ പ്രസിഡന്റ് സ്ഥാനാര്‍ഥിത്വത്തില്‍ നിന്നും നേരത്തെ പുറത്തു പോയിരുന്നെങ്കില്‍ മറ്റ് സ്ഥാനാര്‍ഥികള്‍ക്ക് നേരത്തെ രംഗത്തെത്താനാവുമായിരുന്നുവെന്ന് നാന്‍സി പെലോസിയെ ഉദ്ധരിച്ച് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.
പ്രസിഡന്റ് മാറിനിന്നിരുന്നുവെങ്കില്‍ ഒരു ഓപ്പണ്‍ പ്രൈമറി ഉണ്ടാകുമായിരുന്നെന്നും പ്രൈമറിയില്‍ കമലാ ഹാരിസിന് മികച്ച പ്രകടനം കാഴ്ചവെക്കാനാവുമായിരുന്നെന്നും മുന്നോട്ടുള്ള യാത്രയില്‍ കൂടുതല്‍ ശക്തമാകാന്‍ സാധിക്കുമായിരുന്നെന്നും പെലോസി കൂട്ടിച്ചേര്‍ത്തു. പക്ഷേ, അത് നടന്നില്ലെന്നും സംഭവിച്ച കാര്യങ്ങളോടൊപ്പം തങ്ങള്‍ മുമ്പോട്ടു പോവുകയാണഎന്നും മുന്‍ ഹൗസ് സ്പീക്കര്‍ വ്യക്തമാക്കി.
കമലാ ഹാരിസിനെ പ്രസിഡന്റ് സ്ഥാനാര്‍ഥിയായി അംഗീകരിക്കുമ്പോഴേക്കും സമയം വൈകിയത് ഒരു പ്രൈമറി നടത്തുന്നത് അസാധ്യമാക്കിയെന്നും ഇല്ലെങ്കില്‍ കാര്യങ്ങള്‍ വ്യത്യസ്തമാകുമായിരുന്നെന്നും അവര്‍ പറഞ്ഞു.
ജൂണില്‍ ഗ്രാന്റ് ഓള്‍ഡ് പാര്‍ട്ടി നോമിനിക്ക് എതിരായി നടന്ന സംവാദ പ്രകടനത്തിന് ശേഷം വൈറ്റ് ഹൗസിലേക്കുള്ള മത്സരത്തില്‍ നിന്ന് പിന്മാറാന്‍ ബൈഡനെ ഉപദേശിച്ച മുന്‍നിര ഡെമോക്രാറ്റുകളില്‍ ഒരാളാണ് പെലോസി.
ദീര്‍ഘകാല ഡെമോക്രാറ്റിക് ദാതാവും ഹെഡ്ജ് ഫണ്ട് മാനേജറുമായ ബില്‍ ആക്മാനും ബൈഡന്‍ 'വളരെ വൈകി' സ്ഥാനാര്‍ഥിത്വത്തില്‍ നിന്ന് മാറിയതിനെ നേരത്തെ വിമര്‍ശിച്ചിരുന്നു.
എന്തുകൊണ്ടാണ് ജോ ബൈഡന്‍ ഇത്രയും കാലം പിടിച്ചുനിന്നതെന്നും അദ്ദേഹം തന്റെ ആരോഗ്യാവസ്ഥ മറച്ചുവെക്കരുതായിരുന്നുവെന്ന് വാര്‍ത്താ ഏജന്‍സി റോയിട്ടേഴ്സ് അദ്ദേഹത്തെ ഉദ്ധരിച്ച് പറഞ്ഞു.
ബൈഡന്റെ നയങ്ങളുമായി കമലാ ഹാരിസിന് അടുത്ത ബന്ധമുണ്ടായത് ഡെമോക്രാറ്റിക് സ്ഥാനാര്‍ഥിയെ പിന്തുണയ്ക്കുന്നതില്‍ നിന്ന് സാധ്യതയുള്ള വോട്ടര്‍മാരെ നിരുത്സാഹപ്പെടുത്തിയിരിക്കാമെന്ന് ഒരു മുന്‍ പ്രചാരണ സഹായി പറഞ്ഞു. ബൈഡനെക്കാള്‍ വ്യത്യസ്തമായി കമലാ ഹാരിസ് ഒന്നും ചെയ്യുമായിരുന്നില്ലെന്ന എബിസി ന്യൂസിലെ ഹാരിസിന്റെ പരാമര്‍ശം ഭരണം ജനപ്രീതിയില്ലാത്ത നിലവിലെ പ്രസിഡന്റിന്റെ കാലഘട്ടത്തില്‍ നിന്ന് വ്യത്യസ്തമായിരിക്കില്ലെന്ന ആശങ്ക ഉയര്‍ത്തിയിരുന്നു.