ദോഹ: ഗാസയില്‍ വെടിനിര്‍ത്തലിനും ബന്ദി കൈമാറ്റത്തിനുമുള്ള ശ്രമങ്ങളില്‍ പ്രാഥമിക മധ്യസ്ഥനായി പ്രവര്‍ത്തിച്ചിരുന്ന ഖത്തര്‍ താത്ക്കാലികമായി പിന്മാറി. ദോഹയിലെ ഓഫീസ് ഇനി അതിന്റെ ഉദ്ദേശ്യം നിറവേറ്റുന്നില്ല എന്ന് ഹമാസിനെ അറിയിച്ചതായി നയതന്ത്ര വൃത്തങ്ങളെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ എ എഫ് പി റിപ്പോര്‍ട്ട് ചെയ്തു.
സദുദ്ദേശ്യത്തോടെയുള്ള ചര്‍ച്ചകള്‍ വിസമ്മതിക്കുന്നിടത്തോളം കാലം മധ്യസ്ഥത വഹിക്കാന്‍ കഴിയില്ലെന്ന് ഖത്തര്‍ ഇസ്രായേലിനേയും ഹമാസിനെയും അറിയിച്ചു.
എ എഫ് പി റിപ്പോര്‍ട്ട് അനുസരിച്ച് ഖത്തര്‍ തങ്ങളുടെ തീരുമാനം ഇസ്രായേലിനെയും ഹമാസിനെയും മാത്രമല്ല യു എസ് ഭരണകൂടത്തെയും ഇതിനകം അറിയിച്ചിട്ടുണ്ട്. ചര്‍ച്ചയ്ക്ക് ഇരുപക്ഷവും ആത്മാര്‍ഥമായ സന്നദ്ധത അറിയിച്ചാല്‍ വീണ്ടും മധ്യസ്ഥതയ്ക്ക് തയ്യാറാണെന്ന കാര്യവും ഖത്തര്‍ യു എസിനെ അറിയിച്ചിട്ടുണ്ട്.
ദോഹയില്‍ പ്രവര്‍ത്തിക്കുന്ന ഹമാസിന്റെ ഓഫിസ് ഉദ്ദേശ്യം നിറവേറ്റിയില്ലെന്ന് ഖത്തര്‍ വ്യക്തമാക്കി.
അജ്ഞാത നയതന്ത്ര സ്രോതസ്സ് പ്രസിദ്ധീകരിച്ച കാര്യങ്ങളില്‍ തങ്ങള്‍ക്ക് സ്ഥിരീകരിക്കാനോ നിഷേധിക്കാനോ ഒന്നുമില്ലെന്നും ഖത്തര്‍ വിടാനുള്ള അഭ്യര്‍ഥനകളൊന്നും തങ്ങള്‍ക്ക് ലഭിച്ചിട്ടില്ലെന്നും ദോഹയില്‍ നിന്നുള്ള ഒരു ഹമാസ് ഉദ്യോഗസ്ഥന്‍ എ എഫ് പിയോട് പറഞ്ഞു. മാസങ്ങളായി ഖത്തറും അമേരിക്കയും ഈജിപ്തും ചേര്‍ന്ന് സന്ധിയിലെത്താനും ബന്ദികളെയും തടവുകാരെയും മോചിപ്പിക്കാനും ലക്ഷ്യമിട്ടുള്ള ചര്‍ച്ചകളില്‍ ഏര്‍പ്പെട്ടിരുന്നുവെങ്കിലും വിജയത്തിലെത്തിയിട്ടില്ല.
ഹമാസ് ഓഫീസ് ഖത്തറില്‍ പ്രവര്‍ത്തിക്കുന്നതുമായി ബന്ധപ്പെട്ട് ചില സങ്കീര്‍ണതകളെ തുടര്‍ന്ന് ഖത്തര്‍ നിലപാട് അറിയിച്ചിരുന്നു. ഇത് ഹമാസിനെ താത്ക്കാലികമായി തുര്‍ക്കിയിലേക്ക് മാറാന്‍ പ്രേരിപ്പിച്ചതായി നയതന്ത്ര വൃത്തങ്ങള്‍ പറയുന്നു. എന്നാല്‍ തുര്‍ക്കിയിലായിരിക്കെ ചര്‍ച്ചകള്‍ ഫലപ്രദമല്ലെന്ന് തിരിച്ചറിഞ്ഞതോടെ ഖത്തറില്‍ തുടരുകയായിരുന്നു.