അരിയില്‍ ഷുക്കൂര്‍ വധക്കേസില്‍ പി.ജയരാജനും ടി.വി.രാജേഷിനും തിരിച്ചടി

അരിയില്‍ ഷുക്കൂര്‍ വധക്കേസില്‍ പി.ജയരാജനും ടി.വി.രാജേഷിനും തിരിച്ചടി


 കൊച്ചി: അരിയില്‍ ഷുക്കൂര്‍ വധക്കേസില്‍ സിപിഎം നേതാക്കളായ പി.ജയരാജനും ടി.വി.രാജേഷിനും തിരിച്ചടി. ഇരുവരുടെയും വിടുതല്‍ ഹര്‍ജി എറണാകുളം സിബിഐ കോടതി തള്ളി. കേസില്‍ വിചാരണ കൂടാതെ വിടുതല്‍ നല്‍കണമെന്ന് ആവശ്യപ്പെട്ടാണ് ഇരുവരും കോടതിയെ സമീപിച്ചത്. കേസില്‍ ഇരുവര്‍ക്കും എതിരെ കൊലപാതകം, ഗൂഢാലോചന കുറ്റമാണ് സിബിഐ ചുമത്തിയിട്ടുള്ളത്.   2012 ഫെബ്രുവരി 20 നാണ് യൂത്ത് ലീഗ് പ്രവര്‍ത്തകനായ അരിയില്‍ ഷുക്കൂര്‍ കൊല്ലപ്പെട്ടത്. സിപിഎം നേതാക്കളായ പി.ജയരാജനും ടി.വി.രാജേഷുമടക്കമുള്ളവര്‍ സഞ്ചരിച്ച വാഹനത്തിനുനേരെ തളിപ്പറമ്പിന് സമീപത്തുള്ള പട്ടുവത്ത് വച്ച് യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ കല്ലെറിഞ്ഞിരുന്നു. ഇതിനുപിന്നാലെയാണ് ചെറുകുന്ന് കീഴറയില്‍ വച്ച് ഷുക്കൂര്‍ കൊല്ലപ്പെട്ടത്.   വാഹനം ആക്രമിച്ചതിനുശേഷം ജയരാജനെയും രാജേഷിനെയും തളിപ്പറമ്പ് സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഷുക്കൂറിനെ കൊലപ്പെടുത്താനുള്ള ഗൂഡാലോചന ഇവിടെ വച്ച് നടന്നുവെന്നാണ് സിബിഐ കണ്ടെത്തല്‍.