പേജറുകള്‍ക്ക് പിന്നാലെ ഹിസ്ബുള്ളയുടെ വാക്കിടോക്കികളും പൊട്ടിത്തെറിച്ചു; മൂന്നുമരണം

പേജറുകള്‍ക്ക് പിന്നാലെ ഹിസ്ബുള്ളയുടെ വാക്കിടോക്കികളും പൊട്ടിത്തെറിച്ചു; മൂന്നുമരണം


ബെയ്‌റൂത്ത്: പേജറുകള്‍ക്ക് പിന്നാലെ ലെബനോനില്‍ വാക്കിടോക്കികളും പൊട്ടിത്തെറിച്ചു. ഹിസ്ബുള്ള ഗ്രൂപ്പിന്റെ കേന്ദ്രത്തിലുണ്ടായ പൊട്ടിത്തെറിയില്‍ മൂന്നുപേര്‍ മരിച്ചതായാണ് വിവരം. നൂറിലേറെ പേര്‍ക്ക് പരിക്കേറ്റു. 

പേജറുകള്‍ പൊട്ടിത്തെറിച്ച് നിരവധി പേര്‍ മരിക്കുകയും പരിക്കേല്‍ക്കുകയും ചെയ്തതിന് സമാനമാണ് വാക്കിടോക്കി പൊട്ടിത്തെറിയിലുമുണ്ടായത്. ഹിസ്ബുള്ള ഗ്രൂപ്പ് അംഗങ്ങള്‍ ഉപയോഗിച്ച വാക്കിടോക്കികളാണ് പൊട്ടിത്തെറിച്ചത്. 

ബെയ്‌റൂത്തിന്റെ തെക്കന്‍ പ്രാന്തപ്രദേശങ്ങളിലാണ് വാക്കിടോക്കികള്‍ പൊട്ടിത്തെറിച്ചത്. പ്രദേശത്തെ രണ്ട് കാറുകള്‍ക്കുള്ളിലെ ഉപകരണങ്ങള്‍ പൊട്ടിത്തെറിച്ചതായി ഹിസ്ബുള്ളയുമായി ബന്ധപ്പെട്ട രക്ഷാപ്രവര്‍ത്തകര്‍ പറഞ്ഞു. 

വാക്കിടോക്കി സ്‌ഫോടനത്തില്‍ ബേക്ക മേഖലയില്‍ മൂന്നുപേര്‍ കൊല്ലപ്പെട്ടതായി വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ എത്ര വാക്കിടോക്കികള്‍ പൊട്ടിത്തെറിച്ചിട്ടുണ്ടെന്ന കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല. 

റിപ്പോര്‍ട്ടുകള്‍ പ്രകാരം വാക്കി ടോക്കികള്‍ ഏകദേശം അഞ്ചു മാസങ്ങള്‍ക്ക് മുമ്പാണ് വാങ്ങിയത്. ഇതേ കാലത്തു തന്നെയാണ് പേജറുകളും വാങ്ങിയത്. 

പേജര്‍ സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടവരുടെ സംസ്‌ക്കാര ചടങ്ങിന് സമീപമാണ് വാക്കിടോക്കി സ്‌ഫോടനങ്ങളില്‍ ഒന്ന് സംഭവിച്ചത്. 

പേജറുകളെ പോലെ വാക്കിടോക്കികളും ഏകദേശം ഒരേ സമയത്താണ് പൊട്ടിത്തെറിച്ചത്. കിഴക്കന്‍ ലെബനോനിലെ ലാന്‍ഡ്‌ലൈന്‍ ടെലിഫോണുകളും പൊട്ടിത്തെറിക്കുന്നുണ്ടെന്ന റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്. 

പൊട്ടിത്തെറിച്ച പേജറുകള്‍ നിര്‍മിച്ചത് തായ്‌വാനിലെ കമ്പനിയാണെന്ന് പ്രാഥമിക റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. എന്നാല്‍ പ്രസ്തുത കമ്പനി ഇക്കാര്യം നിഷേധിക്കുകയായിരുന്നു. ഹംഗറിയുടെ തലസ്ഥാനമായ ബുഡാപെസ്റ്റില്‍ സ്ഥിതി ചെയ്യുന്ന ബി എ സി എന്ന കമ്പനിയുടെ ലൈസന്‍സിന് കീഴിലാണ് ഉപകരണങ്ങള്‍ നിര്‍മിച്ചതെന്ന് തായ്‌വാനീസ് പേജ് നിര്‍മാതാവ് ഗോള്‍ഡ് അപ്പോളോ പറഞ്ഞു.