കാര്‍ കയറ്റിയിറക്കി യാത്രക്കാരിയെ കൊലപ്പെടുത്തിയ കേസില്‍ യുവ വനിതാ ഡോക്ടര്‍ അറസ്റ്റില്‍; ജോലിയില്‍ നിന്ന് പിരിച്ചുവിട്ടു

കാര്‍ കയറ്റിയിറക്കി യാത്രക്കാരിയെ കൊലപ്പെടുത്തിയ കേസില്‍ യുവ വനിതാ ഡോക്ടര്‍ അറസ്റ്റില്‍; ജോലിയില്‍ നിന്ന് പിരിച്ചുവിട്ടു


ശാസ്താംകോട്ട: സ്‌കൂട്ടര്‍ ഇടിച്ചുവീഴ്ത്തി കാര്‍ കയറ്റിയിറക്കി യാത്രക്കാരിയെ കൊലപ്പെടുത്തിയ കേസില്‍ യുവ വനിതാ ഡോക്ടര്‍ അറസ്റ്റിലായി. കരുനാഗപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയിലെ ഡോക്ടര്‍ തിരുവനന്തപുരം നെയ്യാറ്റിന്‍കര സ്വദേശി ശ്രീക്കുട്ടിയെയാണു (27) നരഹത്യാക്കുറ്റം ചുമത്തി ശാസ്താംകോട്ട പൊലീസ് അറസ്റ്റ് ചെയ്തത്. കേസിലെ രണ്ടാം പ്രതിയാണിവര്‍. മൈനാഗപ്പള്ളി ആനൂര്‍ക്കാവില്‍ സ്‌കൂട്ടര്‍ യാത്രക്കാരിയായ പഞ്ഞിപ്പുല്ലുവിള കുഞ്ഞുമോള്‍ (45) ആണ് ദാരുണമായി ഇന്നലെ വൈകിട്ട് കൊല്ലപ്പെട്ടത്. സ്‌കൂട്ടര്‍ ഓടിച്ചിരുന്ന ബന്ധു ഫൗസിയയും പരുക്കേറ്റ് ചികിത്സയിലാണ്. ശ്രീക്കുട്ടിയെ പിന്നീട് സ്വകാര്യ ആശുപത്രിയില്‍നിന്നു പിരിച്ചുവിട്ടു.

അപകടത്തിനു കാരണമായ കാര്‍ ഓടിച്ചിരുന്ന കരുനാഗപ്പള്ളി വെളുത്തമണല്‍ ഇടക്കുളങ്ങര പുന്തല തെക്കേതില്‍ മുഹമ്മജ് അജ്മലിനെ (29) ശൂരനാട് പതാരത്തെ ബന്ധുവീട്ടില്‍ നിന്നും പുലര്‍ച്ചെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. മനഃപൂര്‍വമായ നരഹത്യ ഉള്‍പ്പെടെ ഗുരുതരമായ വകുപ്പുകളാണ് അജ്മലിനെതിരെ ചുമത്തിയത്. അജ്മല്‍ ചന്ദനക്കടത്ത് അടക്കം അഞ്ച് കേസില്‍ പ്രതിയാണെന്ന് കൊല്ലം റൂറല്‍ എസ്പി കെ.എം.സാബു മാത്യു പറഞ്ഞു. അപകടം നടന്നപ്പോള്‍ കാര്‍ ഓടിച്ചു പോകാന്‍ ശ്രീക്കുട്ടി നിര്‍ബന്ധിച്ചതായുള്ള പ്രദേശവാസികളുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ ആദ്യം പ്രേരണാകുറ്റം ചുമത്തിയാണ് കേസെടുത്തതെന്നു പൊലീസ് പറഞ്ഞു.

അജ്മലും ശ്രീക്കുട്ടിയും മദ്യപിച്ചിരുന്നെന്നു വൈദ്യപരിശോധനയില്‍ തെളിഞ്ഞതായി പൊലീസ് പറഞ്ഞു.  അപകടമുണ്ടാകുന്നതിന് മണിക്കൂറുകള്‍ക്ക് മുന്‍പ്, ഒരു സുഹൃത്തിന്റെ വീട്ടില്‍ വച്ചു മദ്യപിച്ച അജ്മലും ശ്രീക്കുട്ടിയും അവിടെനിന്നു മടങ്ങുമ്പോഴായിരുന്നു അപകടം. മറ്റൊരു സുഹൃത്തും ഇവര്‍ക്കൊപ്പമുണ്ടായിരുന്നു. അപകടത്തിനു തൊട്ടുമുന്‍പ് ഇയാള്‍ കാറില്‍നിന്ന് ഇറങ്ങിയിരുന്നു. മൈനാഗപ്പള്ളി ആനൂര്‍കാവില്‍ വളവു തിരിഞ്ഞു വന്ന കാര്‍ സ്‌കൂട്ടര്‍ യാത്രികരായ സഹോദരിമാരെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു.

നാട്ടുകാര്‍ ഓടിക്കൂടുന്നത് കണ്ട്, റോഡില്‍ വീണ കുഞ്ഞുമോളുടെ ശരീരത്തിലൂടെ കാര്‍ കയറ്റിയിറക്കി അജ്മലും ശ്രീക്കുട്ടിയും രക്ഷപ്പെട്ടു. മുന്നോട്ടുപോയ കാര്‍ മറ്റൊരു വാഹനത്തെ ഇടിക്കാന്‍ ശ്രമിച്ചു. വെട്ടിച്ച് മാറ്റിയപ്പോള്‍ മതിലിലും മറ്റു രണ്ടു വാഹനങ്ങളിലും ഇടിച്ചു. കരുനാഗപ്പള്ളിയില്‍ വച്ച് പോസ്റ്റിലിടിച്ച് വാഹനം നിന്നതോടെ അജ്മലും ശ്രീക്കുട്ടിയും പുറത്തിറങ്ങിയോടി. അജ്മല്‍ മതില്‍ ചാടിക്കടന്ന് രക്ഷപ്പെട്ടു. ശ്രീക്കുട്ടി സമീപത്തെ വീട്ടിലേക്ക് ഓടിക്കയറിയെങ്കിലും നാട്ടുകാര്‍ പിടികൂടി പൊലീസില്‍ ഏല്‍പിക്കുകയായിരുന്നു. ഒളിവില്‍ പോയ അജ്മലിനെ കൊല്ലം പതാരത്തുനിന്നാണ് പിടികൂടിയത്.