മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇന്ത്യാ സഖ്യം മുന്നേറുമെന്ന് സര്‍വേ

മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇന്ത്യാ സഖ്യം മുന്നേറുമെന്ന് സര്‍വേ


മുംബൈ: മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസും എന്‍ സി പി പവാര്‍ പക്ഷവും ശിവസേനാ ഉദ്ധവ് വിഭാഗവും അടങ്ങുന്ന ഇന്ത്യാ സഖ്യത്തിന് വിജയം പ്രവചിച്ച് ലോക്പോള്‍ സര്‍വേ ഫലം. ആകെ 288 സീറ്റുകളുള്ള സംസ്ഥാനത്ത് 141- 154 സീറ്റുകള്‍ സഖ്യം നേടുമെന്നാണു പ്രവചനത്തില്‍ പറയുന്നത്. ബി ജെ പിയും എന്‍ സി പി അജിത് പക്ഷവും ശിവസേനാ ഷിന്‍ഡെ വിഭാഗവും അടങ്ങുന്ന എന്‍ ഡി എ മുന്നണിക്ക് 115- 128 സീറ്റുകള്‍ ലഭിച്ചേക്കും. മറ്റുള്ളവര്‍ക്ക് 5- 18 സീറ്റും പ്രവചിക്കുന്നു.

ഇന്ത്യാ സഖ്യത്തിന് 41- 44 ശതമാനം വോട്ട് ലഭിക്കുമെന്നാണ് കണക്കാക്കുന്നത്. എന്‍ ഡി എയ്ക്ക് 38- 41 ശതമാനം. മറ്റുള്ളവര്‍ 15- 18 ശതമാനം വോട്ട് നേടും. ഏറ്റവും വലിയ ഒറ്റക്കക്ഷിയായി കോണ്‍ഗ്രസ് മാറും.

സംസ്ഥാനം ഭരിക്കാനുള്ള കേവല ഭൂരിപക്ഷം എം വി എ സഖ്യം നേടുമെന്ന് എ ഐ സി സി ജോയിന്റ് സെക്രട്ടറി മാത്യു ആന്റണി പറഞ്ഞു. മഹാരാഷ്ട്രയിലെ ജനങ്ങള്‍ അഴിമതി കൊണ്ട് പൊറുതി മുട്ടിയെന്നും അനിയന്ത്രിതമായ വിലക്കയറ്റത്തിലും സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ അതിക്രമങ്ങളിലും ജനങ്ങള്‍ വലഞ്ഞിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ഇതുകൊണ്ടൊക്കെ തന്നെ ജനങ്ങള്‍ തങ്ങളുടെ വോട്ടവകാശം സ്വതന്ത്രമായി ബുദ്ധിപൂര്‍വം വിനിയോഗിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

എന്നാല്‍ അനുകൂല സാഹചര്യം ഉണ്ടായിട്ടും ഉദ്ധവ് താക്കറെ വിഭാഗത്തിന് കാര്യമായ മുന്നേറ്റമുണ്ടാക്കാനായിട്ടില്ലെന്ന സൂചനയാണ് സര്‍വേ നല്‍കുന്നത്. ബി ജെ പി നേതാവും ഉപമുഖ്യമന്ത്രിയുമായ ദേവേന്ദ്ര ഫഡ്നാവിസിന്റെ ജനപ്രീതി കുറഞ്ഞെന്നും റിപ്പോര്‍ട്ടിലുണ്ട്.

പ്രകാശ് അംബേദ്കറുടെ വി ബി എ, ഉവൈസിയുടെ എ ഐ എം ഐ എം പാര്‍ട്ടികള്‍ ഒട്ടേറെ മണ്ഡലങ്ങളില്‍ ഫലം നിര്‍ണയിക്കുന്ന ശക്തിയാകും, നാഗ്പുര്‍ ഉള്‍പ്പെടുന്ന വിദര്‍ഭ മേഖലയിലായിരിക്കും കോണ്‍ഗ്രസ് മികച്ച പ്രകടനം കാഴ്ചവയ്ക്കുക, താനെ- കൊങ്കണ്‍ മേഖലയില്‍ എന്‍ ഡി എയ്ക്കായിരിക്കും നേട്ടം. പശ്ചിമ മഹാരാഷ്ട്ര, മറാഠ്വാഡ മേഖലയില്‍ ഇന്ത്യാ സഖ്യം മുന്‍തൂക്കം നേടും. ഉത്തര മഹാരാഷ്ട്രയില്‍ ഇരുമുന്നണികളും ഒപ്പത്തിനൊപ്പമാകുമെന്നും വിലയിരുത്തുന്നു.

കാര്‍ഷിക, ഗ്രാമീണ മേഖലകളിലെ പ്രതിസന്ധി, വിലക്കയറ്റം, ക്രമസമാധാനനിലയിലെ തകര്‍ച്ച, പ്രധാനപദ്ധതികള്‍ ഗുജറാത്തിലേക്ക് കൊണ്ടുപോ കുന്നത് എന്നീ വിഷയങ്ങളില്‍ ജനങ്ങള്‍ക്കു രോഷമുണ്ടെന്നും ജൂലൈ 20നും ഓഗസ്റ്റ് 30നും മധ്യേ ഒന്നര ലക്ഷത്തോളം പേര്‍ക്കിടെ നടത്തിയ സര്‍വേയുടെ ഫലമാണിതെന്നും ലോക്‌പോള്‍ അധികൃതര്‍ പറഞ്ഞു.

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ 48ല്‍ 13 സീറ്റ് നേടിയ കോണ്‍ഗ്രസ് ആയിരുന്നു ഏറ്റവും വലിയ ഒറ്റക്കക്ഷി.