യാഥാസ്ഥിതിക പ്രധാനമന്ത്രിയെ നിയമിച്ചതില്‍ പാരിസില്‍ പ്രതിഷേധം

യാഥാസ്ഥിതിക പ്രധാനമന്ത്രിയെ നിയമിച്ചതില്‍ പാരിസില്‍ പ്രതിഷേധം


പാരീസ്: യാഥാസ്ഥിതികവാദിയായ മൈക്കല്‍ ബാര്‍നിയറെ പ്രസിഡന്റ് ഇമ്മോനുവേല്‍ മാക്രോണ്‍ പ്രധാനമന്ത്രിയായി നിയമിച്ചതിന് പിന്നാലെ ഫ്രാന്‍സില്‍ വന്‍ പ്രതിഷേധം. അധികാരം പിടിച്ചെടുക്കാനും ജനഹിതം മാനിക്കാതിരിക്കാനുമുള്ള ശ്രമമാണിതെന്ന് ഇടതുപാര്‍ട്ടികള്‍ വിശേഷിപ്പിച്ചു. ജൂലൈയിലാണ് ഫ്രാന്‍സ് നിയമസഭാ തെരഞ്ഞെടുപ്പിന് സാക്ഷ്യം വഹിച്ചത്. ഫലം വന്നതോടെ തൂക്കുപാര്‍ലമെന്റിന് രൂപം നല്‍കിയതോടെ മാക്രോണിന് നിയമസഭാ ഭൂരിപക്ഷം ഇല്ലാതാകുകയും അദ്ദേഹത്തിന്റെ ഭരണത്തിന് പ്രതിസന്ധി നേരിടുകയും ചെയ്തു.  തെരഞ്ഞെടുപ്പിനെ തുടര്‍ന്ന് മുന്‍ പ്രധാനമന്ത്രി ഗബ്രിയേല്‍ അടല്‍ രാജി വയ്ക്കാന്‍ നിര്‍ബന്ധിതനായി.

പ്രധാനമന്ത്രി നിയമനത്തിനെതിരെ ആയിരക്കണക്കിന് പ്രതിഷേധക്കാരാണ് പാരീസില്‍ ഒത്തുകൂടിയത്. തെക്ക് പടിഞ്ഞാറന്‍ നഗരങ്ങളായ മൊണ്ടൗബന്‍, ഓച്ച് എന്നിവിടങ്ങളിലും പ്രതിഷേധം ഉയര്‍ന്നു. 'ജനങ്ങള്‍ അവഗണിക്കപ്പെട്ടു' എന്നാണ് പ്രകടനക്കാരില്‍ പലരും ഉറക്കെ വിളിച്ചു പറഞ്ഞത്. 

ചുമതലയേറ്റതിന് ശേഷമുള്ള തന്റെ ആദ്യ അഭിമുഖത്തില്‍ യാഥാസ്ഥിതികരെയും മാക്രോണിന്റെ ക്യാമ്പിലെ അംഗങ്ങളെയും ഇടതുപക്ഷത്തില്‍ നിന്നുള്ള ചിലരെയും ഉള്‍പ്പെടുത്താനുള്ള ആഗ്രഹം ബാര്‍നിയര്‍ പ്രകടിപ്പിച്ചു. എന്നാല്‍ തീവ്ര ഇടതുപക്ഷ ഫ്രാന്‍സ് അണ്‍ബോഡ് (എല്‍ എഫ് ഐ) പാര്‍ട്ടിയുടെ ആശങ്കകള്‍ പരിഹരിക്കുന്നതില്‍ അത് പരാജയപ്പെട്ടു. ന്യൂ പോപ്പുലര്‍ ഫ്രണ്ട് (എന്‍ എഫ് പി) സഖ്യത്തില്‍ നിന്ന് പ്രധാനമന്ത്രിയെ തിരഞ്ഞെടുക്കാത്തതിനാല്‍ മാക്രോണ്‍ ജനാധിപത്യ നിഷേധമാണെന്ന് കാണിച്ചതെന്ന് എല്‍ എഫ് ഐ ആരോപിച്ചു. 

50-ല്‍ താഴെ നിയമനിര്‍മ്മാതാക്കളുള്ള പാര്‍ലമെന്റിലെ ഏറ്റവും വലിയ നാലാമത്തെ കൂട്ടായ്മ മാത്രമാണ് ബാര്‍ണിയറുടെ ലെസ് റിപബ്ലിക്കെയ്ന്‍സ് പാര്‍ട്ടി. ഒക്ടോബര്‍ ഒന്നിന് പണിമുടക്കുകള്‍ക്കൊപ്പം രാജ്യത്തുടനീളം 130-ലധികം പ്രതിഷേധ പരിപാടികള്‍ ആസൂത്രണം ചെയ്യുന്നതായി എല്‍ എഫ് ഐ അറിയിച്ചു.

പുതിയ പ്രധാനമന്ത്രി തന്റെ പാര്‍ട്ടിയുടെ നിരീക്ഷണത്തിലാണെന്ന് തീവ്ര വലതുപക്ഷ ദേശീയ റാലിയുടെ (ആര്‍ എന്‍) നേതാവ് ജോര്‍ദാന്‍ ബാര്‍ഡെല്ല മുന്നറിയിപ്പ് നല്‍കി. തന്റെ നയങ്ങളില്‍ പാര്‍ട്ടിയുടെ അജണ്ട ഉള്‍പ്പെടുത്താന്‍ ആര്‍ എന്‍ നേതാവ് ബാര്‍നിയറോട് ആവശ്യപ്പെട്ടു