തൃശൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഇന്ന് റെക്കോര്‍ഡ് കല്യണ മേളം. 356 വിവാഹങ്ങളാണ് ഇന്ന് ക്ഷേത്രത്തില്‍ നടക്കുന്നത്. പുലര്‍ച്ചെ നാല് മണിമുതല്‍ താലിക്കെട്ട് തുടങ്ങി. ആറ് മണി വരെ 76 വിവാഹങ്ങള്‍ കഴിഞ്ഞു. ഇനിയും ടോക്കണ്‍ എടുത്ത് വിവാഹം ബുക്ക് ചെയ്യാം. ഇതോടെ 2017ല്‍ നടന്ന 277 വിവാഹങ്ങളുടെ ചരിത്രം മറികടക്കും.
ആറ് മണ്ഡപങ്ങളാണ് റെക്കോര്‍ഡ് കല്യാണത്തിന് വേണ്ടി ഒരുക്കിയിരിക്കുന്നത്. മണ്ഡപങ്ങളെല്ലാം ഒരുപോലെയാണ് ഒരുക്കിയിരിക്കുന്നത്. ടോക്കണ്‍ കൊടുത്താണ് വധൂവരന്മാരെ മണ്ഡപത്തില്‍ കയറ്റുന്നത്. വരനും വധുവുമടങ്ങുന്ന വിവാഹസംഘം തെക്കേനടയിലെ പട്ടർകുളത്തിനോട് ചേര്‍ന്നുള്ള താല്‍ക്കാലിക പന്തലിലെ കൗണ്ടറില്‍ നിന്ന് ടോക്കണ്‍ വാങ്ങണം. താലിക്കെട്ട് ചടങ്ങിന്റെ സമയമായാല്‍ മേല്‍പ്പത്തൂര്‍ ഓഡിറ്റോറിയത്തില്‍ പ്രവേശിപ്പിച്ച് മണ്ഡപത്തിലെത്തി താലിക്കെട്ട് കഴിഞ്ഞ് തെക്കേ നടവഴി മടങ്ങണം. വധൂവരന്മാര്‍ക്കൊപ്പം ഫോട്ടോഗ്രാഫര്‍മാര്‍ ഉള്‍പ്പെടെ 24 പേര്‍ക്ക് മാത്രമേ മണ്ഡപത്തിന് സമീപം പ്രവേശനമുള്ളു. തിരക്കുകള്‍ നിയന്ത്രിക്കാന്‍ ദേവസ്വം സെക്യൂരിറ്റി ജീവനക്കാര്‍ക്കൊപ്പം കൂടുതല്‍ പോലീസിനെ നിയോഗിച്ചിരിക്കുകയാണ്.
ഇന്നത്തെ കല്യാണം പ്രമാണിച്ച് ശയനപ്രദക്ഷിണം, അടി പ്രദക്ഷിണം എന്നിവ ഉണ്ടാകില്ലെന്ന് ദേവസ്വം ബോര്‍ഡ് അറിയിച്ചിട്ടുണ്ട്. ചിങ്ങമാസത്തിലെ ഏറ്റവും നല്ല മുഹൂര്‍ത്തമായതിനാലാണ് ഇന്ന് വിവാഹങ്ങളുടെ എണ്ണം വര്‍ധിച്ചത്. കൂടാതെ, ഞായറാഴ്ചത്തെ അവധിയും ഓണവും ഇന്ന് തന്നെ വിവാഹത്തീയ്യതി തെരഞ്ഞെടുക്കാന്‍ പലര്‍ക്കും കാരണമായി.