ദേശീയതയില്‍ വിട്ടുവീഴ്ചയില്ലെന്ന് ഉപരാഷ്ട്രപതി

ദേശീയതയില്‍ വിട്ടുവീഴ്ചയില്ലെന്ന് ഉപരാഷ്ട്രപതി


ഗോരഖ്പുര്‍: ദേശീയതയുടെ കാര്യത്തില്‍ വിട്ടുവീഴ്ച പാടില്ലെന്ന് ഉപരാഷ്ട്രപതി ജഗദീപ് ധന്‍കര്‍. അങ്ങനെ ചെയ്യുന്നത് രാജ്യത്തെ വഞ്ചിക്കുന്നതിനു തുല്യമാണ്. അത്തരക്കാര്‍ ആത്മീയമായ തിരിച്ചടി നേരിടേണ്ടി വരുമെന്നും ഉപരാഷ്ട്രപതി മുന്നറിയിപ്പ് നല്‍കി. ഗോരഖ്പുരില്‍ ഉത്തര്‍പ്രദേശ് സൈനിക് സ്‌കൂള്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

10 വര്‍ഷം മുന്‍പുണ്ടായിരുന്ന ഇന്ത്യയല്ല ഇപ്പോഴത്തെ ഇന്ത്യ. ഒരിക്കല്‍ 100- 200 കോടിയുടെ വിദേശനാണ്യ ശേഖരം മാത്രമുണ്ടായിരുന്ന രാജ്യത്തിനിന്ന് 6800 കോടിയുടെ വിദേശനാണ്യ ശേഖരമുണ്ട്. 1990കളില്‍ താന്‍ സന്ദര്‍ശിച്ചപ്പോള്‍ ജമ്മു കശ്മീര്‍ പ്രേതഭൂമിപോലെയായിരുന്നു. കഴിഞ്ഞ മൂന്നു വര്‍ഷത്തിനിടെ രണ്ടു കോടി സഞ്ചാരികളാണു കശ്മീരിലെത്തിയത്. 370-ാം അനുച്ഛേദം താത്കാലികമായിരുന്നു. ചിലര്‍ കരുതുന്നത് അത് എക്കാലത്തേക്കുമുള്ളതാണെന്നാണ്.

ബംഗ്ലാദേശും ശ്രീലങ്കയുമടക്കം അയല്‍ രാജ്യങ്ങളിലേതുപോലെ കലാപം ഇന്ത്യയിലുമുണ്ടാകുമെന്നാണു ചില രാജ്യവിരുദ്ധര്‍ പറയുന്നത്. ഇന്ത്യയില്‍ അതു സംഭവിക്കില്ല. അത്തരം ആഗ്രഹം വച്ചുപുലര്‍ത്തുന്നവരുടെ ഉദ്ദേശ്യശുദ്ധിയില്‍ സംശയമുണ്ടെന്നും ഉപരാഷ്ട്രപതി പറഞ്ഞു.