ഇമ്രാന്‍ ഖാനെ സൈനിക വിചാരണ നടത്തുമെന്ന് സൂചന

ഇമ്രാന്‍ ഖാനെ സൈനിക വിചാരണ നടത്തുമെന്ന് സൂചന


ഇസ്‌ലാമാബാദ്: ജയിലില്‍ കഴിയുന്ന മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ സൈനിക വിചാരണയെക്കുറിച്ച് പാകിസ്ഥാന്‍ സൈന്യം സൂചന നല്‍കി. വ്യക്തിപരമോ രാഷ്ട്രീയമോ ആയ നേട്ടങ്ങള്‍ക്കായി സൈനികരെ ഉപയോഗിക്കുന്നത് നിയമനടപടികള്‍ ക്ഷണിച്ചുവരുത്തുമെന്ന് സൈന്യം മുന്നറിയിപ്പ് നല്‍കി.

സൈനിക നിയമമനുസരിച്ച് ആര്‍മി ആക്ടിന് വിധേയരായ വ്യക്തികളെ വ്യക്തിപരമോ രാഷ്ട്രീയമോ ആയ നേട്ടങ്ങള്‍ക്കായി ഉപയോഗിക്കുന്നവരും അത്തരം നടപടികളുടെ തെളിവുകള്‍ നിലനില്‍ക്കുന്നതും നിയമത്തിന്റെ വഴിക്ക് വിധേയമാകുമെന്ന് ലെഫ്റ്റനന്റ് ജനറല്‍ അഹമ്മദ് ഷെരീഫ് ചൗധരി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

ഇമ്രാന്‍ ഖാന്റെ സൈനിക വിചാരണയെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടിയായി വിഷയം സബ് ജുഡീസ് ആണെന്നും മാധ്യമങ്ങളുടെ ചോദ്യം സാങ്കല്‍പ്പികമാണെന്നും പ്രസ്താവിച്ചുകൊണ്ട് ജനറല്‍ ചൗധരി ചോദ്യത്തെ മറികടക്കാന്‍ ശ്രമിച്ചുവെന്ന് ഡോണ്‍ റിപ്പോര്‍ട്ട് ചെയ്തു.

എങ്കിലും സൈനിക നിയമപ്രകാരം ഒരു സിവിലിയനെ വിചാരണ ചെയ്യുന്നതിനുള്ള വ്യവസ്ഥകള്‍ അദ്ദേഹം വിശദീകരിക്കുകയും ചെയ്തു. 

സൈനിക നിയമത്തിലെ സെക്ഷന്‍ 2(ഡി)(ഐ)യെ പരാമര്‍ശിക്കുന്നതാണ് ചൗധരിയുടെ അഭിപ്രായമെന്ന് ഡോണ്‍ റിപ്പോര്‍ട്ട് പറയുന്നു. ഇത് സൈനിക ഉദ്യോഗസ്ഥരുടെ സര്‍ക്കാരിനോടുള്ള കടമയോ വിധേയത്വമോ വിട്ടുവീഴ്ച ചെയ്യാന്‍ ശ്രമിക്കുന്ന സിവിലിയന്‍മാരിലേക്ക് നിയമത്തിന്റെ പരിധി വ്യാപിപ്പിക്കുന്നു.