5 ദിവസത്തിൽ എസ്ബിഐ നിക്ഷേപകർക്ക് നഷ്ടമായത് ഏകദേശം 44,935 കോടി രൂപ

5 ദിവസത്തിൽ എസ്ബിഐ നിക്ഷേപകർക്ക് നഷ്ടമായത് ഏകദേശം 44,935 കോടി രൂപ


കഴിഞ്ഞ വാരം ഇന്ത്യൻ ഓഹരി  ഓഹരി വിപണികളുടെ ചാഞ്ചാട്ടത്തിൽ എസ്ബിഐയുടെ നഷ്ടം 44,935 കോടിയെന്ന് കണക്കുകൾ.
കഴിഞ്ഞ 5 ട്രേഡിംഗ് സെഷനുകളിൽ സെൻസെക്‌സിന്റെ നഷ്ടം 2.20% അഥവാ 1,738.96 പോയിന്റ് ആണ്. നിഫ്രി ഇതേസമയം 2.49 ശതമാനം അഥവാ 598.10 പോയിന്റ് ഇടിഞ്ഞു. ഇതേ 5 ട്രേഡിംഗ് സെഷനിൽ എസ്ബിഐ ഓഹരികളുടെ ഇടിവ് 5.58 ശതമാനം അഥവാ 44.05 പോയിന്റ് ആണ്. വെള്ളിയാഴ്ച വ്യാപാരം അവസാനിപ്പിക്കുമ്പോൾ എസ്ബിഐ ഓഹരികൾ 2 ശതമാനത്തിലേറെ ഇടിഞ്ഞ് 744.80 രൂപയിലാണ്. റിപ്പോർട്ടുകൾ പ്രകാരം 5 ദിവസത്തിൽ എസ്ബിഐ നിക്ഷേപകർക്ക് നഷ്ടമായത് ഏകദേശം 44,935 കോടി രൂപയാണ്.

കഴിഞ്ഞ ഏതാനും ആഴ്ചകളായി ഇന്ത്യൻ ഓഹരി വിപണികൾ കടുത്ത സമ്മർദം നേരിടുന്നു. ആഗോള വിപണികളിലെ ഇടിവ്, എച്ച്എംപി വൈറസ്, ഡോളറിന്റെ കരുത്താർജിക്കൽ, നിറംമങ്ങിയ മൂന്നാംപാദ ഫലങ്ങൾ, വിദേശ നിക്ഷേപകരുടെ കൊഴിഞ്ഞുപോക്ക് തുടങ്ങി ഇടിവിനു നിരത്താൻ കാരണങ്ങൾ ഏറെയാണ്. പ്രാദേശിക നിക്ഷേപകർക്കെല്ലാം തന്നെ കൈ പൊള്ളിയിട്ടുണ്ട്. ഈ സമ്മർദത്തിൽ ഇന്ത്യയിലെ ഏറ്റവും വലിയ സർക്കാർ ബാങ്കായ എസ്ബിഐയും ഉൾപ്പെടുകയായിരുന്നു.
ഏതാനും ദിവസങ്ങൾക്കുള്ളിൽ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ (എസ്ബിഐ) വിപണി മൂല്യം 44,935.46 കോടി രൂപ ഇടിഞ്ഞ് 6,63,233.14 കോടി രൂപയിലെത്തി. ഏറ്റവും വലിയ സ്വകാര്യ ബാങ്കായ എച്ച്ഡിഎഫ്‌സി ബാങ്കിന്റെ വിപണി മൂല്യത്തിലും വലിയ ഇടിവ് രേഖപ്പെടുത്തി. എച്ച്ഡിഎഫ്‌സി ബാങ്കിന്റെ വിപണിമൂല്യം ഇക്കാലയളവിൽ 70,479.23 കോടി രൂപ ഇടിഞ്ഞ് 2,67,440.61 കോടി രൂപയിലെത്തി.

എസ്ബിഐ, എച്ച്ഡിഎഫ്‌സി ബാങ്ക് എന്നിവയ്ക്കു പുറമേ മുകേഷ് അംബാനിയുടെ റിലയൻസ് ഇൻഡസ്ട്രീസ്, ഐസിഐസിഐ ബാങ്ക്, ഐടിസി തുടങ്ങിയ വമ്പൻമാരുടെ വിപണി മൂല്യത്തിലും ഇടിവ് നേരിട്ടു. അതേസമയം എച്ച്എംപി പ്രഭാവത്തിൽ കൊവിഡിനു ശേഷം ആരോഗ്യ മേഖലയുമായി ബന്ധപ്പെട്ടു കിടക്കുന്ന ഓഹരികൾ നേട്ടമുണ്ടാക്കി. ട്രംപിന്റെ സത്യപ്രതിജ്ഞ അടുത്തതോടെ ഡോളർ കരുത്താർജിച്ചത് ഐടി, ടെക് ഓഹരികളെയും ലൈം ലൈറ്റിൽ എത്തിക്കുന്നു.
ടാറ്റ ഗ്രൂപ്പിന്റെ ടിസിഎസ്, സുനിൽ മിത്തലിന്റെ ഭാരതി എയർടെൽ, ഇൻഫോസിസ്, ഹിന്ദുസ്ഥാൻ യുണിലിവർ, എച്ച്‌സിഎൽ ടെക്‌നോളജീസ് തുടങ്ങിയ ഓഹരികളും നേട്ടമുണ്ടാക്കി. ഈ വാരം പല പ്രമുഖ കമ്പനികളുടെയും പാദഫലങ്ങൾ കൊണ്ട് സമ്പന്നമായിരിക്കും. എച്ച്ഡിഎഫ്‌സി ബാങ്ക്, എസ്ബിഐ ഓഹരികളടക്കം ഇടിഞ്ഞതോടെ, കഴിഞ്ഞവാരം രാജ്യത്തെ ഏറ്റവും മൂല്യമുള്ള 10 കമ്പനികളിൽ അഞ്ചെണ്ണത്തിന്റെ സംയോജിത വിപണി മൂല്യം 1,85,952.31 കോടി രൂപ ഇടിഞ്ഞു.
റിലയൻസ് ഇൻഡസ്ട്രീസ്, ടിസിഎസ്, എച്ച്ഡിഎഫ്‌സി ബാങ്ക്, ഭാരതി എയർടെൽ, ഐസിഐസിഐ ബാങ്ക്, ഇൻഫോസിസ്, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ഹിന്ദുസ്ഥാൻ യുണിലിവർ, ഐടിസി, എച്ച്‌സിഎൽ ടെക് എന്നിവയാണ് രാജ്യത്തെ ഏറ്റവും മൂല്യമുള്ള 10 കമ്പനികൾ.